അങ്കിള്‍ ജെറിയച്ചനെ ഓര്‍ക്കുമ്പോള്‍
അങ്കിള്‍ ജെറി യഥാര്‍ത്ഥത്തില്‍ ഒരു ഫാദര്‍ ആയിരുന്നു. ഫാദര്‍ ജെറി മാര്‍ട്ടിന്‍സണ്‍ എന്ന പേര് ചൈനയിലെ കത്തോലിക്കാ പ്രേഷിത ദൗത്യത്തിന്റെ ചരിത്രത്തില്‍ സുപ്രധാനമായ നാമമായിരുന്നു.
1942 ല്‍ സാന്‍ ഡിയേഗോയില്‍ ജനിച്ച ജെറി കാലിഫോര്‍ണിയയിലെ ഈശോ സഭാ മിഷന്റെ ഭാഗമായി തായ്‌വാനില്‍ എത്തിയത് 1967 ലാണ്. ചൈന മിഷന്‍ ഏറ്റെടുത്ത അവസാനത്തെ ഈശോ സഭാ പ്രോവിന്‍സ് ആയിരുന്നു കാലിഫോര്‍ണിയ. ജെറി ചൈനയില്‍ എത്തുമ്പോള്‍ ഏഷ്യയിലെ യുഎസ് പ്രേഷിത പ്രവര്‍ത്തനങ്ങളുടെ സുവര്‍ണ കാലമായിരുന്നു. പലരും ഇടയ്ക്കു വെച്ച് സ്വദേശത്തേക്ക് മടങ്ങിപ്പോയപ്പോഴും ജെറി തന്റെ ദൗത്യത്തില്‍ ഉറച്ചു നിന്നു.
1950 ല്‍ ആരംഭിച്ച ക്വാംചി ഷോര്‍ട്ടവേവ് റേഡിയോ സര്‍വീസ് ജെറിയും സുഹൃത്തുക്കളും ചേര്‍ന്ന് ചൈനയിലെ ആദ്യത്തെ സ്വതന്ത്ര ടിവി പ്രൊഡക്ഷന്‍ കമ്പനിയാക്കി വികസിപ്പിച്ചെടുത്തു. 1970, 1980 കാലങ്ങളില്‍ കെ പി എസിന്റെ പ്രസിഡന്റായിരുന്നു ജെറി. അക്കാലത്ത് തായ്‌വാനിലെ ഏറ്റവും ജനപ്രിയ പരിപാടികള്‍ സംപ്രേക്ഷണം ചെയ്തിരുന്നത് ഈ ടിവിയിലാണ്.
അങ്കിള്‍ ജെറി എന്ന പേരിലാണ് അദ്ദേഹം ടിവി പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നത്. 1984 ല്‍ രോഗിയായ തന്റെ അമ്മയെ കാണാന്‍ സ്വന്തം നാടായ സാന്‍ ഡിയേഗോയില്‍ എത്തിയ കാലത്ത് ഒരു സംഭവമുണ്ടായി. ഒരു ഷോപ്പംിഗ് മാളില്‍ നില്‍ക്കുമ്പോള്‍ ആ വര്‍ഷത്തെ ലോസ് എഞ്ചലസ് ഒളിംപിക്‌സില്‍ പങ്കെടുക്കാനെത്തിയ ചൈനീസ് അത്‌ലെറ്റുകള്‍ ഹായ് അങ്കിള്‍ ജെറി! എന്നാര്‍ത്തു വിളിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ചുറ്റിനും കൂടി.
അസാധാരണവും ആകര്‍ഷകവുമായ വ്യക്തിത്വമുണ്ടായിരുന്ന ഫാ. ജെറി ടെലിവിഷന്‍ ഷോകളില്‍ തിളങ്ങി. ഏഷ്യ ഒട്ടാകെ അദ്ദേഹം ക്ലാസുകളും മീഡിയ സെമിനാറുകളും നടത്തി അനേകരുടെ ഹൃദയം കവര്‍ന്നു. ആഴമായ ഇഗ്നേഷ്യന്‍ ആധ്യാത്മികതയില്‍ വളര്‍ന്ന ജെറിയച്ചന്‍ സദാ ശാന്തതയോടെയും സൗമ്യതയോടെയും വര്‍ത്തിച്ചു.
ഏഷ്യയിലെ സുവിശേഷപ്രേഘാഷണത്തെ മാധ്യമങ്ങളിലൂടെ കാര്യക്ഷമമാക്കിയവരില്‍ പ്രധാനി ആയിരുന്ന ഫാ. അങ്കിള്‍ ജെറി 2017 മെയ് 31 ന് ഇഹലോകവാസം വെടിഞ്ഞു. തന്റെ ചൈനാ മിഷന്‍ ആരംഭിച്ചതിന്റെ അമ്പതാം വാര്‍ഷികത്തിലാണ് ജെറിയച്ചന്‍ മരണം പൂകിയത്.