ഈറന്‍ നിലാവുപോലൊരു അമ്മ

~ ബോബി ജോസ് കപ്പൂച്ചിന്‍ ~

എന്റേത് ഒരു കടലോര ഗ്രാമമാണ്. തീരത്ത് ആകാശങ്ങളിലേക്ക് കരങ്ങള്‍ കൂപ്പി നില്‍ക്കുന്ന ദേവാലയം. ദേവാലയത്തിന്റെ മുഖ പ്രതിഷ്ഠ മറിയത്തിന്റെതാണ്. ബാല്യത്തിന്റെ കൊച്ചു ദുഃഖങ്ങള്‍ മെഴുകു തിരികളായി എരിഞ്ഞു കത്തിയത് സൗമ്യ ദീപ്തമായ അവളുടെ രൂപത്തിന് മുന്നിലാണ്. അന്തിയില്‍ ചില്ലു ജാലകത്തി ലൂടെ പതിക്കുന്ന പോക്ക് വെയിലിന്റെ പൊന്നില്‍ പുഞ്ചിരിക്കുന്ന മറിയത്തിന്റെ തേജസുറ്റ മുഖം, ജീവിതം സമ്മാനിച്ച കൈ വിരലില്‍ എണ്ണാവുന്ന സ്വപ്ന ദൃശ്യങ്ങളിലൊന്നാണ്. തീരത്തിന് മുഴുവന്‍ ഉത്സവമായി മാറുന്ന തിരുനാള്‍. സന്ധ്യയില്‍ അവളുടെ പ്രതിഷ്ഠ തീരത്തിലേക്കടുക്കപ്പെടുന്നു. കടലിനെയവള്‍ കനിവോടെ നോക്കുന്നു. എന്റെയീ മക്കളെ വേദനിപ്പിക്കരുതെന്ന ഒരു ശാസന അപ്പോള്‍ ആ മിഴികളില്‍ ഉണ്ടായിരിക്കാം. എന്റെ കുഞ്ഞു മനസിനെ വിസ്മയിപ്പിച്ചത് മറ്റൊന്നാണ്. ഗ്രാമീണതയുടെ പരുക്കന്‍ ഭാവങ്ങളണിഞ്ഞ കരുത്തരായ പുരുഷന്മാര്‍ തണ്ട് വലിച്ചു തഴമ്പിച്ച കൈകള്‍ നെഞ്ചത്തടിച്ചു കണ്ണീരോടെ ഉറക്കെ തേങ്ങുന്നു, അമ്മേ യെന്നു വിലപിക്കുന്നു. ജീവിതത്തിന്റെ ഇത്തരം മൃദുല തലങ്ങള്‍ ഇവരിത്രയും നാള്‍ എവിടെയാണ് ഒളിപ്പിച്ച് വച്ചിരുന്നത്?

അമ്മേയെന്നു വിളിച്ചു കൊതി തീരാത്ത ഒരു കുട്ടി എ ല്ലാവരിലുമുണ്ട്. അമ്മയുടെ കൈ വിട്ടു പോയ ഒരു കുഞ്ഞ് അമ്മയെ തിരക്കുകയാണ്. സ്‌നേഹിക്കുന്ന പെണ്ണിന്റെ മടിയില്‍ കിടക്കുന്ന ഒരുവന്‍ പോലും എന്നെ ഓര്‍മിപ്പിക്കു ന്നത്, രാധയുടെ നീല കാര്‍വര്‍ണ്ണനെയല്ല, മറിയത്തിന്റെ മടിയിലെ പുത്രനെയാണ്. ചുംബനം കൊണ്ട് അവള്‍ സൗഖ്യമാക്കുന്നതു നെഞ്ചിലെ മുറിവുകളെയാണ്. വൃന്ദാവനമല്ലിത്, തലയോടിന്റെ ഇടം – കാല്‍വരി. എല്ലാ പൂര്‍ത്തിയായെന്ന മൊഴി മുഴങ്ങും മുന്‍പ് കുരി ശില്‍ തറയ്ക്കപ്പെട്ട ഗുരുവിനു ചില കടങ്ങള്‍ വീട്ടാനുണ്ടാ യിരുന്നു. ദൂരെ മാറി നെഞ്ചില്‍ കനലോടെ നില്‍ക്കുന്ന ഒറ്റപ്പെട്ട അനാഥനായ ഒരു മുതിര്‍ന്ന കുട്ടി. വ്യാകുല സമുദ്രത്തില്‍ പ്രത്യാശയുടെ യാനപാത്രങ്ങള്‍ക്കായി പ്രാര്‍ത്ഥനപൂര്‍വ്വം കാത്തു നില്‍ക്കുന്ന അമ്മയെ വിളിച്ച് അവന്‍ പറഞ്ഞു: അമ്മേ ഇനി മുതല്‍ ഇവന്‍ നിന്റെ പുത്രനാണ്. അമ്മയെന്ന് വിളിച്ചു കൊതി തീരാത്തവര്‍ക്കും ജീവിതത്തിന്റെ ഏതോ ഇടനാഴിയില്‍ അമ്മയെ അവഗണി ച്ചതിന്റെ കനല്‍ കൊണ്ട് നടക്കുന്നവര്‍ക്കും വേണ്ടി കാല ത്തിനു അതീതമായ ഗുരുവിന്റെ സദ്വാര്‍ത്ത.

ഭാഷയില്‍ ഈറന്‍ നിലാവ് എന്നൊരു കല്പനയുണ്ട്. നിലാവുള്ള രാവുകളില്‍ പെയ്യുന്ന മഴയാണ് പരാമര്‍ശം. പെയ്തിറങ്ങുന്ന മഴയുടെ പിന്നില്‍ സൗമ്യമായി തെളിയു ന്ന വെളിച്ചത്തിന്റെ വദനം. മറിയം എന്നെ ഓര്‍മിപ്പിക്കുന്നത് ഈ ദൃശ്യത്തിന്റെ ഉത്സവമാണ്. കണ്ണീര്‍ പെയ്ത്തിന് പിന്നില്‍ തെളിയുന്ന ഒരമ്മയുടെ കനിവിന്റെ മുഖം. ഇതു എല്ലാ അമ്മമാരുടെയും പവിത്ര നിയോഗമാണ്. നിന്റെ അമ്മയുടെ ചിത്രം ഈ ഫോട്ടോയില്‍ വ്യക്തമല്ല എന്നെ ഴുതിയ കൂട്ടുകാരിക്ക് ഒരുവന്‍ എഴുതി: സാരമില്ല. ഭൂമിയിലെ എല്ലാ അമ്മമാര്‍ക്കും ഒരേ മുഖമാണല്ലോ. ചിത്തരോഗാ ശുപത്രിയില്‍ കഴിഞ്ഞിരുന്ന നാളുകളില്‍ രാത്രിയിലെ പ്പോഴോ മുഷിഞ്ഞ വസ്ത്രങ്ങളുമായി കയറി വരുന്ന മകനായി വാതില്‍ തുറന്നു കുഞ്ഞേയെന്നൊരു വിളിയില്‍ ഒരു വ്യാകുല സമുദ്രമൊളിപ്പിച്ചു നില്‍ക്കുന്നോരമ്മ. ഒത്തിരി ദൂരത്തു നിന്ന് ഫോണിലൂടെ ഓമനമകളുടെ വിതുമ്പല്‍ ഉയരുമ്പോള്‍ അവളെ അണച്ച് പിടിക്കാന്‍ വാക്കുകളില്ലാതെ കുഴയുന്ന മറ്റൊരമ്മ. എല്ലാവര്‍ക്കും ഒരേ മുഖം തന്നെയാണ്.

ജന്മം നല്‍കുന്നത് വഴി ഇന്നോളം ആരും അമ്മയായി ട്ടില്ല. പാതയോരങ്ങളിലെത്രയോ കുഞ്ഞുങ്ങള്‍ ഉപേക്ഷിക്ക പ്പെടുന്നുണ്ട്. അവര്‍ക്ക് ജന്മം നല്‍കിയവര്‍ ആരും ആ കുഞ്ഞുങ്ങളുടെ അമ്മമാര്‍ ആകുന്നില്ലല്ലോ. എന്നാല്‍ പ്രഭാതത്തില്‍ പണിക്കു പോകുന്ന ചെറുപ്പക്കാരന്‍ ഈ കുഞ്ഞുങ്ങളില്‍ ഒന്നിനെ കണ്ടെത്തി ചേര്‍ത്തുപിടിക്കു മ്പോള്‍ അമ്മയായി രൂപാന്തരപ്പെടുന്നു. ഹൃദയ രക്തം മുലപ്പാലായി മാറുന്നു. ജന്മം നല്‍കിയത് കൊണ്ട് മാത്രമല്ല മറിയം അമ്മയാകുന്നത്. കര്‍മ്മം കൊണ്ടാണ്. നല്ലൊരു അനുപാതത്തില്‍ ക്രിസ്തുവിന്റെ മുറിവുകള്‍ സ്വയം നെ ഞ്ചിലേറ്റു വാങ്ങിയതുകൊണ്ടാണ്. ക്രിസ്തു കടന്നു പോയ പീഡന വഴികളിലൂടെ എല്ലാം സ്വയം നടന്നുകൊണ്ട്. എങ്ങും എത്താത്ത അവന്റെ യാത്രയ്ക്കിടയില്‍ സ്‌നേഹ ത്തിന്റെ വഴി ചോറ് പൊതിഞ്ഞു കെട്ടി നല്‍കിയത് കൊണ്ട്.

കണ്ണീര്‍ പാടങ്ങളിലൂടെ അലയാന്‍ വിധിക്കപ്പെട്ട എല്ലാ അമ്മമാരുടെയും ആദി രൂപമാണവള്‍. ദൈവത്തിന്റെ വെളിപാടുകളോട് അതേയെന്നു പറയുമ്പോള്‍ അവള്‍ എല്ലാ നൊമ്പരങ്ങളോടും കൂടി ശിരസ്സ് കുനിക്കുകയായി രുന്നു. ആരൊക്കെ ദൈവത്തെ അന്വേഷിക്കുന്നുവോ അവരൊക്കെ ദൈവത്തെ കണ്ടെത്തുന്നു. കണ്ടെത്തുന്ന വരൊക്കെ അവനെ സ്‌നേഹിക്കുന്നു. അവനാകട്ടെ, സ്‌നേ ഹിക്കുന്നവരെ ചിതറിക്കുന്നുവെന്നു കസാന്‍ദ്സാക്കിസ് എഴുതിയത് മറിയത്തിന്റെ കാര്യത്തില്‍ പൂര്‍ണ്ണമാകുന്നു. സംശയിക്കപ്പെടുന്ന ഉദരത്തിലെ കുഞ്ഞ്, എല്ലാ സത്ര ങ്ങളും കൊട്ടി അടയ്ക്കപ്പെടുന്ന രാവില്‍ ഈ മാതാവിന്റെ വേദനയേക്കാള്‍ തീവ്രമായ തിരസ്‌ക്കരണത്തിന്റെ നോവ്, ഒരു കുരുന്നു ജീവനെ രക്ഷിക്കാന്‍ അടിമത്തത്തിന്റെ നാട്ടിലേക്ക് പലായനം, നെഞ്ചു പിളര്‍ക്കുന്ന വാളിനെ കുറിച്ച് ശിമയോനെന്ന ജ്ഞാന വൃദ്ധന്റെ പ്രവചനം, പിന്നെയാ പ്രവചനമെന്ന തലമുടി നാരിലെ വാളിനു ശിഷ്ട കാലം ദുരന്തം സംഭവിക്കുന്നതല്ല, മറിച്ച് ഒരു ദുരന്തം നിങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നുള്ള അവബോധ മാണ് ജീവിതത്തെ വിഷാദപൂര്‍ണ്ണമാക്കുന്നത്. വര്‍ണ്ണങ്ങളു ടെയും ആരവങ്ങളുടെയും ഉത്സവ ഭൂമിയില്‍ കൈ വിട്ടു പോകുന്ന ബാലന്‍, ജോസഫിന്റെ മരണം, വീട് വിട്ടിറങ്ങി പോകുന്ന പുത്രന്‍, അവനെക്കുറിച്ച് കേള്‍ക്കുന്ന അശുഭ കരമായ കാര്യങ്ങള്‍, സിനഗോഗുകള്‍ അവന് വേണ്ടി കെണികള്‍ ഒരുക്കുന്നു. രാത്രി ഉറക്കത്തിനു വഞ്ചിയുടെ അമരങ്ങള്‍, അത്താഴത്തിനു കവര്‍ന്നെടുത്ത കതിര്‍മണി കള്‍. സുഖ ദുഃഖങ്ങള്‍ പങ്കു വയ്ക്കാന്‍ ഒരു സഖി പോലുമില്ലാതെ പോകുന്നവന്‍. കുരിശിന്റെ വഴി, ഒടുവില്‍ തലയോടിന്റെ ഇടം – പിയേത്ത. ഓരോ അമ്മയ്ക്കും ഓരോ സ്വപ്നമുണ്ട്. തന്റെ പുത്രന്റെ കൈകളില്‍ കിടന്നു മരി ക്കുക എന്ന സ്വപ്നം. അതും അമ്മയ്ക്ക് നിഷേധിക്കപ്പെടു ന്നു. സുവിശേഷം അങ്ങനെ അമ്മയുടെ കണ്ണീരില്‍ നനഞ്ഞ അക്ഷരക്കൂട്ടം കൂടിയാവുന്നു.

നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി പുത്രന്റെ നിയോഗ ങ്ങള്‍ക്ക് കരുത്ത് നല്‍കിയെന്നതിലാണ് മറിയത്തെ വെളിപ്പെട്ടു കിട്ടുന്നത്. കാനായിലെ കല്യാണ നാളില്‍ വീഞ്ഞ് തീര്‍ന്നു പോയെന്നു ആകുലപ്പെടുമ്പോള്‍ എന്റെ സമയം ഇനിയും ആയിട്ടില്ല എന്നാണു അമ്മയോട് പുത്രന്‍ പറയുന്നത്. സമയമെന്നതിന്റെ ക്രിസ്തു ശൈലിയിലെ അര്‍ഥം മരണവുമായി ബന്ധപ്പെട്ടതാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? മറിയത്തിനു അറിയാം, ഇവന്‍ തന്റെ ഓമന പുത്രന്‍ മാത്രമല്ല സമസ്ത ലോകത്തിനു വേണ്ടി കുരുതി കൊടുക്കേണ്ട ബലി കുഞ്ഞാട് കൂടിയാണെന്ന്. ഒരു മാത്രയിലും ഞാന്‍ അവനെ തടഞ്ഞു കൂടാ. കണ്ണീരോ ടെ അമ്മ വഴി മാറുകയാണ്. അവള്‍ സേവകരെ വിളിച്ചു പറയുകയാണ്. അവന്‍ പറയുന്നതു പോലെ ചെയ്യുക. സ്‌നേഹം നൊമ്പരമെന്നു ഈ അമ്മ പഠിപ്പിക്കുന്നുണ്ട്. ഈ അമ്മ മാത്രമല്ല ഭൂമിയിലെ എല്ലാ അമ്മമാരും. സ്‌നേഹവാല്‍ സല്യങ്ങളുടെ ഈ ക്ഷേത്ര നടയില്‍ നമ്രശീര്‍ഷനായി മിഴി കള്‍ പൂട്ടി, പ്രാര്‍ത്ഥനാപൂര്‍വ്വം നില്‍ക്കുമ്പോള്‍ കരഞ്ഞു പോകുന്നത് ഒടുങ്ങാത്ത നന്ദി കൊണ്ടാണ്. എത്ര ജന്മം കൊണ്ടീ കടങ്ങള്‍ വീട്ടാനാവുമെന്ന വ്യഥ കൊണ്ടാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles