വി. കുര്‍ബാനയില്‍ പ്രകടമാകുന്ന അത്ഭുത സ്‌നേഹം

ഈ പ്രപഞ്ചം മുഴുവന്‍ രൂപപ്പെടുത്തിയ ശേഷം ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യരുടെ മുറിപ്പാടുകളില്‍ തൈലം പുരട്ടി സൗഖ്യം തരുന്നതാണ് ദൈവസ്‌നേഹം. ആ സ്‌നേഹം നുകരുവാനുള്ള ഏറ്റവും നല്ല വഴിയാണ് വി. കുര്‍ബാന. ‘വി കുര്‍ബാനയില്‍ താണിറങ്ങുന്ന ആ സ്‌നേഹം അചഞ്ചലവും അനന്തവുമാണ്. ഓരോ പുലരിയിലും പുതിയതാണ്. സെഹിയോന്‍ ഊട്ടുശാലയും ഗാഗുല്‍ത്തായും അള്‍ത്താരയുമൊക്കെ ദൈവസ്‌നേഹത്തിന്റെ വഴികളാണ്. ദൈവപിതാവിന്റെ സൃഷ്ടിക്കുന്ന സ്‌നേഹവും പുത്രന്റെ രക്ഷിക്കുന്ന സ്‌നേഹവും പരിശുദ്ധാത്മാവിന്റെ ശക്തി പകരുന്ന സ്‌നേഹവും അള്‍ത്താരയില്‍ കൗദാശികമായി അനാവരണം ചെയ്യുന്നു.

പ്രഭാതം മുതല്‍ പ്രദോഷം വരെയും ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ വി. കുര്‍ബാനകള്‍ നിരന്തരം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു. ക്രിസ്തു ആദ്യവും അന്ത്യവും ആയിരിക്കുന്നത് പോലെ അവിടത്തെ കുര്‍ബാനയും ഇന്നലെകളില്‍ മരിച്ചവര്‍ക്ക് മോചനദ്രവ്യവും ഇന്നില്‍ ജീവിച്ചു പോരുന്നവര്‍ക്ക് രക്ഷാമാര്‍ഗ്ഗവും നാളെ ജനിക്കാന്‍ പോകുന്നവര്‍ക്ക് അനുഗ്രഹത്തിന്റെ ശ്രോതസ്സുമത്രേ. തിന്മയുടെ വഴി വെടിഞ്ഞു കൊണ്ട് നന്മയുടെ പാതയില്‍ മുന്നേറുമ്പോള്‍ വി. കുര്‍ബാനയിലെ ദൈവസ്‌നേഹം കൊണ്ട് നമ്മുടെ ഹൃദയം നിറയും.
വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ദൈവിക ജീവന്‍ പങ്കു വയ്ക്കുന്നവര്‍ ജീവിതം മറ്റുള്ളവരുമായി പങ്കുവയ്ക്കണ മെന്ന അടിസ്ഥാന തത്വം സഭ എന്നും താലോലിച്ചു പോന്നിരുന്നു. ജീവിതത്തിന്റെ ഇന്നലെകളില്‍ ഈശോയെ നോക്കി മുറിപ്പാടുകള്‍ സമര്‍പ്പിക്കുമ്പോള്‍ പരാജയം വിജയമായും തകര്‍ച്ച ഉയര്‍ച്ചയായും മാറും. കാറ്റ് കടലില്‍ തിരമാലകള്‍ ഒരുക്കുന്നത് പോലെ, ഈശോയെ കുറിച്ചുള്ള ഓര്‍മ്മ മനസ്സില്‍ സ്‌നേഹത്തിന്റെ, സഹിഷ്ണുതയുടെ, ശുശ്രൂഷയുടെ കൊച്ചോളങ്ങള്‍ രൂപപ്പെടുത്തും. അത് ജീവിതം ചലനാന്മകമാക്കും.

വി. കുര്‍ബാനയില്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്ന നാവു ജീവിതത്തില്‍ സഹോദരങ്ങളെ വിലമതിക്കുന്നതാകും. ഹൃദയത്തില്‍ യേശുവിനെ അനുഭവിക്കുന്നവര്‍ ജീവിതത്തില്‍ അവിടത്തെ ലോകത്തിനു പരിചയപ്പെടുത്തും. അസ്വസ്ഥ മനസുകള്‍ക്ക് ശാന്തി പകരുന്നതാണ് ദിവ്യബലി. വിശുദ്ധ കുര്‍ബാന വെളിച്ചത്തിന്റെ കൂദാശയാണ്. വിശക്കുന്നവരെ തിരയാനും യാചകര്‍ക്കും ഭവനരഹിതര്‍ക്കും അഭയം നല്‍കാനും എകാകിയെയും തടവില്‍ കഴിയുന്നവരെയും കണ്ടെത്താനും നമ്മുടെ കാലുകള്‍ ചലിക്കുന്നുണ്ടോ? ഒരു പിടി ചോറിനായി നിലവിളിക്കുന്നവരുടെ രോദനം നമ്മുടെ കാതുകളില്‍ പതിക്കുന്നുണ്ടോ? മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങാതെ ആര്‍ക്കും ദൈവത്തിലേക്ക് വളരാന്‍ കഴിയില്ല.

സ്‌നേഹത്തിന്റെ ഒരു ശൈത്യകാലമാണിത്. നമ്മുടെ ഹൃദയ ശൈത്യങ്ങളിലേക്ക് ക്രിസ്തു വര്‍ഷിച്ച അഗ്‌നിയാണ് ദിവ്യ കാരുണ്യം. അള്‍ത്താരയിലെ വചനത്തിലും അപ്പത്തിലും തൊട്ട കൈകള്‍ മുറിവേറ്റ സഹോദരരില്‍ തൈലം പുരട്ടാനും ദ്രോഹിച്ചവരെ അനുഗ്രഹിക്കാനും ഉയരുന്നില്ലെങ്കില്‍ ബലിയര്‍പ്പണം വ്യര്‍ത്ഥമാണ്. ദിവ്യകാരുണ്യ സ്പര്‍ശനമേറ്റ കൈകള്‍ ദൈവത്തിന്റെ ആര്‍ദ്ര സ്‌നേഹം പ്രസരിപ്പിക്കുവാന്‍ ചലിച്ചു കൊണ്ടിരിക്കണം. സ്‌നേഹത്തിന്റെ ഏറ്റം തീവ്രവും സാന്ദ്രവുമായ പഠനങ്ങള്‍ നമുക്ക് ലഭിക്കുന്നത് അത്താഴ മേശയില്‍ നിന്നാണ്. ”ഒരു പുതിയ കല്‍പ്പന ഞാന്‍ നിങ്ങള്‍ക്ക് തരുന്നു. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ എന്റെ ശിഷ്യരാ ണെന്ന് എല്ലാവരും അറിയുവാനുള്ള അടയാളം നിങ്ങളുടെ സ്‌നേഹമായിരിക്കണം” എന്ന വചനം വി. കുര്‍ബാനയുടെ സ്‌നേഹ സന്ദേശം നമുക്ക് പകര്‍ന്നു തരുന്നു.

~ ആന്‍സമ്മ ജോസ്‌ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles