തിരുമുഖം തുടച്ച വെറോനിക്ക മുതല്‍ യേശുവിനെ അടക്കം ചെയ്ത നിക്കൊദേമൂസ് വരെ
വെറോനിക്ക
‘ആറാം സ്ഥലം, വെറോനിക്ക ഈശോയുടെ തിരുമുഖം തുടയ്ക്കുന്നു’. കുരിശിന്റെ വഴി ചൊല്ലുമ്പോള്‍ നാം അനുസ്മരിക്കാറുള്ള വെറോനിക്കയെ കുറിച്ച് ബൈബിളില്‍ ഒരിടത്തും സംസാരിക്കുന്നില്ല. കാല്‍വരി കുന്നിലേക്കുള്ള ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയ്ക്കിടയില്‍ തന്റെ ശിരോവസ്ത്രമെടുത്ത് അവിടുത്തെ രക്താവൃതമായ മുഖം തുടയ്ക്കാന്‍ വെറോനിക്ക തുനിയുന്നു. പടയാളികളും ജനസമൂഹവും നോക്കിനില്‍ക്കെ, അവള്‍ യേശുവിന്റെ മുഖം തുടച്ചതിനു ശേഷം, ആ വസ്ത്രത്തിലേക്ക് ഒന്ന് നോക്കി. അവിടുത്തെ പ്രതിച്ഛായ. അവള്‍ അവിടെ അത്ഭുതപ്പെട്ടു നിന്നു, കണ്ണീര്‍ വാര്‍ത്തു.
വെറോനിക്കയുടെ ജനനം, മരണം എന്നിവയെ കുറിച്ച് ഒന്നും എവിടെയും പറയുന്നില്ലെങ്കിലും, വെറോനിക്കയുടെ ശിരോവസ്ത്രം ചരിത്രത്തില്‍ ശ്രദ്ധ നേടുന്നു. വത്തിക്കാനില്‍ ഇപ്പോഴും പുരാതന തിരുശേഷിപ്പുകളില്‍ സുപ്രധാനപെട്ട ഒന്നായി അത് സൂക്ഷിക്കുന്നു. ക്രിസ്തുവിന്റെ മരണശേഷം വെറോനിക്ക ക്രിസ്തുവിന്റെ പ്രതിച്ഛായ പതിഞ്ഞ വസ്ത്രമുപയോഗിച്ച് ടൈബീരിയസ് ചക്രവര്‍ത്തിയുടെ മാറാരോഗം ഭേദമാക്കിയെന്നും പിന്നീട് അത് റോമില്‍ വി. പത്രോസ് ശ്ലീഹായുടെ കൈവശം എത്തിച്ചേര്‍ന്നു എന്നും ചരിത്രം രേഖപ്പെടുത്തുന്നു.
ബറാബാസ്
‘ബറാബാസിനെ വിട്ടുതരിക’. കൊലയാളിയും കള്ളനും ഭീകരനുമായിരുന്ന ബറാബാസിനെയോ അതോ നീതിമാനായ ക്രിസ്തുവിനെയോ, ആരെയാണ് നിങ്ങള്‍ക്ക് വിട്ടുതരേണ്ട തെന്നു പീലാത്തോസ് ആരാഞ്ഞപ്പോള്‍ ജനങ്ങള്‍ ആവശ്യ പ്പെട്ടത് ഇങ്ങനെയാണ്. ആരാണ് ബറാബാസ്? ബാര്‍ എന്നാല്‍ മകന്‍, അബ്ബാസ് എന്ന വാക്കിന്റെ അര്‍ഥം പിതാവ് എന്നു മാണ്. പിതാവിന്റെ മകന്‍ എന്ന് അര്‍ത്ഥമുള്ള ബറാബാസിനെ പിന്നീട് ബൈബിളിലോ ചരിത്രത്താളുകളിലോ ഒരിടത്തും രേഖപെടുത്തുന്നില്ല. പാര്‍ ലാജെര്‍ക്വിസ്റ്റ് ബറാബാസിന്റെ ജീവിതം ആസ്പദമാക്കി 1950 ല്‍ രചിച്ച നോവല്‍ പ്രസിദ്ധമാണ്. ആന്തണി ക്വിന്നിനെ നായകനാക്കി റിച്ചാര്‍ഡ് ഫ്‌ളെച്ചര്‍ ഒരുക്കിയ ചിത്രവും ശ്രദ്ധേയമാണ്.
നല്ല കള്ളനായ ദിസ്മസ്
കാല്‍വരിയില്‍ യേശുവിനൊപ്പം രണ്ടു കള്ളന്മാരെ കൂടി കുരിശില്‍ തറച്ചിരുന്നു. വലത്ത് ഭാഗത്തുണ്ടായിരുന്ന നല്ല കള്ളന്റെ പേര് ദിസ്മസ് എന്നായിരുന്നു. ഇടത് ഭാഗത്തെ കളളന്‍ ഗെസ്റ്റസ് എന്ന പേരിലും അറിയപെടുന്നു. അവിടുത്തോടൊപ്പം പറുദീസയില്‍ ആയിരിക്കുമെന്ന അനുഗ്രഹം പ്രാപിച്ച ദിസ്മസിനെ ചുറ്റിപറ്റിയുള്ള ഒരു കെട്ടുകഥ പ്രശസ്തമാണ്. ഹേറോദോസിന്റെ പടയാളികളില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗ്ഗമധ്യേ, ശിശുവായിരുന്ന ഈശോയെയും മാതാവിനേയും യൗസേപ്പിതാവിനെയും കൊള്ളയടിക്കാന്‍ ദിസ്മസും, ഗെസ്റ്റസും തീരുമാനമിട്ടു . എന്നാല്‍ തിരുകുടുംബത്തെ ഉപദ്രവിക്കാതിരിക്കാന്‍വേണ്ടി ഗെസ്റ്റസിനു നാല്പത് ഡ്രാക്മ നല്കാന്‍ ദിസ്മസ് തയ്യാറായി. ആ സംഭവത്തില്‍ വെച്ച് തന്നെ തന്നോടൊപ്പം കുരിശില്‍ അവര്‍ ഇരുവരും മരിക്കുമെന്നും, ദിസ്മസ് പറുദീസയിലേക്ക് വിളിക്കപെടുമെന്നും ക്രിസ്തു മനസ്സിലാക്കിയിരുന്നു. വെറും സാങ്കല്പിക കഥ മാത്രമായി ഇത് കണക്കാക്കപ്പെടുന്നു.
അരിമത്തിയാക്കാരന്‍ ജോസഫ്
ആലോചനാ സംഘത്തിലെ അംഗമായ അവന്‍ നല്ലവനും നീതിമാനുമായിരുന്നു, അവന്‍ ദൈവരാജ്യം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു, യഹൂദരുടെ പട്ടണമായ അരിമത്തിയായില്‍ നിന്നുള്ള ജോസഫിനെക്കുറിച്ച് ലൂക്കാ സുവിശേഷകന്‍ പറയുന്നു. ഈശോയുടെ മരണശേഷം അവിടുത്തെ തിരുശരീരം സംസ്‌കരിക്കാനുള്ള അനുവാദം പീലാത്തോസില്‍ നിന്ന് ആവശ്യപ്പെടുകയും നേടിയെടുക്കുകയും ചെയ്ത ധീരനാണ് അദ്ദേഹം. ചരിത്ര പുസ്തകങ്ങളില്‍ പീന്നീട് യേശുവിന്റെ അനുയായി മാറിയ ഈ ജോസഫിനെ പലരും സൂചിപ്പിച്ചിട്ടുണ്ട്. തിരുവത്താഴ പാത്രവുമായി അദ്ദേഹം ഇംഗ്ലണ്ടില്‍ എത്തുകയും, അവിടെ ഗ്‌ളാസ്റ്റന്‍ബറിയെന്ന ദ്വീപില്‍ ആദ്യ ദേവാലയം പണിയുകയും ചെയ്തു എന്ന് കരുതപ്പെടുന്നു.
നിക്കോദെമോസ്
യേശുവിന്റെ രഹസ്യശിഷ്യന്‍ എന്ന പേരില്‍ അറിയപ്പെടുന്ന നിക്കോദെമോസ് ഒരു കപടഭക്തനായിരുന്നു. എന്നാല്‍ അവിടുത്തെ അനുയായി ആയതിനു ശേഷം നിക്കോദെമോസ് നല്ലവനായി തീര്‍ന്നുവെന്നു ചരിത്രകാരന്മാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ മാത്രം യേശുവിന്റെ ഒപ്പമുള്ള ശിഷ്യനായി അദ്ദേഹത്തെ സുവിശേഷത്തില്‍ കാണുന്നു. വിചാരണസമയത്ത്, യേശുവിനുവേണ്ടി യഹൂദരോട് എതിര്‍വാദം നടത്താന്‍ ധൈര്യം പ്രകടിപ്പിച്ചയാളാണ് അദ്ദേഹം. കൂടാതെ ഈശോയുടെ തിരുശരീരം അരിമത്തിയാക്കാരന്‍ ജോസഫിനോടോപ്പം കുരിശില്‍ നിന്നിറക്കി സംസ്‌കരിക്കാനും അദ്ദേഹം കൂടെ നിന്നിരുന്നതായി ബൈബിളില്‍ കാണുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.