ഓശാന ഞായര്‍: ചില ധ്യാനചിന്തകള്‍
യേശു ക്രിസ്തു തന്റെ പീഡാസഹനങ്ങള്‍ക്കും മരണത്തിനും തയ്യാറായി ജറുസലേമിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ഭത്തെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവിശ്വാസികള്‍ ഓശാന ഞായറായി ആഘോഷിക്കുന്നത്. സഖറിയാ പ്രവാചകന്റെ പ്രവചനങ്ങളില്‍ പ്രതിപാദിക്കുന്നതു പോലെ ‘കഴുതയുടെയും കഴുതക്കുട്ടിയുടെ പുറത്ത്’ യേശു ക്രിസ്തു സമാധാന രാജാവായി ജറുസലേമിലേക്ക് എഴുന്നള്ളുകയാണ്. അവിടത്തെ കണ്ട് ജറുസലേം നിവാസികള്‍ ആര്‍ത്തു വിളിക്കുന്നു. ഓശാന ഞായര്‍ നമുക്ക് നല്‍കുന്ന സന്ദേശങ്ങള്‍ ഒരു നിമിഷം ധ്യാനിക്കാം:
1. ഓശാന ഞായര്‍ സമാധാനവും രക്ഷയുമാണ്.
അന്നത്തെ റോമന്‍ ഗവര്‍ണറായിരുന്ന പീലാത്തോസ് തന്റെ ശക്തിയും മഹത്വവും പ്രദര്‍ശിപ്പിച്ചു കൊണ്ട് ആയുധധാരികളായി അനുചരന്മാരാല്‍ പരിസേവിതനായി പ്രൗഢിയോടും സമ്പന്നതയോടും കൂടെയാണ് എഴുന്നള്ളിയിരുന്നത്. എന്നാല്‍ യേശുവാകട്ടെ, എളിമയോടെ ഒരു കഴുതയുടെ പുറത്തു കയറി സമാധനത്തിന്റെ രാജാവായി വരുന്നു. അക്കാലത്ത് സമാധാനകാലത്ത് രാജാക്കന്‍മാര്‍ കഴുതയുടെ പുറത്തേറിയായിരുന്നു എഴുന്നള്ളിയിരുന്നത്.
2. മത്തായി സുവിശേഷകന്‍ പറയുന്നത് പോലെ സഖറിയാ പ്രവാചകന്റെ പ്രവചനം നിറവേറുന്നതിനു വേണ്ടിയാണ് യേശു കഴുതയുടെ പുറത്ത് എഴുന്നള്ളിയത്. ‘സിയോന്‍ പുത്രീ, ആനന്ദിക്കുക. നിന്റെ രാജാവ് ഇതാ എഴുന്നള്ളുന്നു, കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് വിനയാന്വിതനായി എഴുന്നുള്ളുന്നു’ (സഖ 9: 9).
3. ജറുസലേമിലേക്ക് രാജകീയമായി പ്രവേശിക്കുക വഴി താന്‍ മിശിഹ ആണെന്ന് യേശു പ്രഖ്യാപിക്കുകയാണ് യേശു ചെയ്യുന്നത്. ഇക്കാര്യം യഹൂദജനം അംഗീകരിക്കുകയും ചെയ്യുന്നു.
4. എന്നാല്‍ യേശുവിന്റെ സന്ദേശം ജനക്കൂട്ടം തെറ്റിദ്ധരിച്ചു. ജനം കരുതിയത് യേശു ഭൗതിക രാജാവായി തങ്ങളെ റോമാക്കാരുടെ ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കും എന്നാണ്. തങ്ങള്‍ പ്രതീക്ഷിച്ചതല്ല യേശുവിന്റെ രാജത്വം എന്ന് മനസ്സിലാക്കിയപ്പോള്‍ അവര്‍ യേശുവിന് എതിരെ തിരിഞ്ഞു.
5. ഒലിവു ശാഖകള്‍ അനശ്വരതയുടെ പ്രതീകമാണ്. ഈജിപ്തില്‍ ശവഘോഷയാത്രയുടെ സന്ദര്‍ഭത്തില്‍ നിത്യജീവന്റെ പ്രതീകമായി ജനങ്ങള്‍ ഒലിവ് ശാഖകള്‍ വഹിച്ചു കൊണ്ടു പോകുമായിരുന്നു. മരണത്തിന്റെ മേല്‍ ആത്മീയ വിജയം നേടുന്നതിന്റെ പ്രതീകമാണ് ഒലിവ് ശാഖകള്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.