ദൈവത്തിന്റെ വിരല്‍

ഭൂമിയിലേക്ക് ഓരോ കുഞ്ഞുങ്ങള്‍ പിറന്നു വീഴുമ്പോള്‍ ദൈവത്തിന്റെ വിരല്‍ ഒന്ന് തൊട്ടു പോകുന്നുണ്ട്… വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ പുല്ലാട്ട് മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും 14 മക്കളില്‍ മൂത്തവളായി ഒരു കുഞ്ഞു പിറന്നു.. മാത്യുവും ഏലികുട്ടിയും അവള്‍ക്കു മേഴ്‌സി എന്ന് പേരിട്ടു.. ദൈവം അവളുടെ മനസ്സില്‍ കരുണയുടെ വിത്തുകള്‍ കൂടുതല്‍ പാകിയെ ന്നറിയാതെ ആ വിളിപ്പേര് അന്വര്‍ഥമാക്കി കൊണ്ട് മേഴസികുട്ടി ആ വീട്ടില്‍ വളര്‍ന്നു…. ജീവിതം അവള്‍ക്കു വച്ചിരുന്ന വലിയ നിയോഗങ്ങള്‍ അറിയാതെ..

തിരിച്ചറിവുകളുടെ വഴി
സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കന്യാസ്ത്രീ ആകാന്‍ ഉള്ള തിരുമാനം മേഴ്‌സി എടുത്തത് യാദൃശ്ചികമായിട്ടല്ലായിരുന്നു… വീട്ടുകാര്‍ക്ക് താല്പര്യം ഇല്ലാതിരുന്നിട്ടു കൂടി തന്റെ ആഗ്രഹം അറിയിച്ചപ്പോള്‍ അവര്‍ സമ്മതം മൂളുകയായിരുന്നു. വടക്കേ ഇന്ത്യയിലെ പാവപ്പെട്ടവരായ ആളുകള്‍ക്കു വേണ്ടി ആണ് അവ ളെ ബീഹാറിലെ ഒരു കന്യാസ്ത്രീ മഠത്തില്‍ എത്തിച്ചത്. പതിനാറാമത്തെ വയസില്‍ തന്നെ ആവൃതികള്‍ക്കുള്ളില്‍ നിന്ന് ലോകത്തെ നോക്കി കാണാന്‍ അവള്‍ ശ്രമിച്ചു… പക്ഷെ എത്തി പ്പെട്ട ലോകത്തെ ആഡംബരങ്ങളും സുഖങ്ങളും മേഴ്‌സിക്കു വിരസമായി തോന്നിത്തുടങ്ങി. മഠത്തിലെ സമൃദ്ധിയുടെ അടുക്കളകള്‍ അവളെ കൊണ്ട് ആദിവാസികളുടെ ഇല്ലായ്മകളെ കുറിച്ച് ഓര്‍മിപ്പിച്ചു.

ആദിവാസികള്‍ക്കുവേണ്ടി ജീവിതം മാറ്റിവയ്ക്കണം എന്ന ആവശ്യം അറിയിച്ചപ്പോള്‍ അനുകൂലമായ പ്രതികരണമല്ല മഠത്തിലെ അധികാരികളില്‍ നിന്നും ഉണ്ടായത്. തന്റെ വിളി വ്യത്യസ്ഥമാണെന്ന് തിരിച്ചറിഞ്ഞ മേഴ്‌സി ആ ആവൃതികളെ ഉപേക്ഷിച്ചു തെരുവിലേക്കിറങ്ങി… പല അഭയകേന്ദ്രങ്ങളിലും തന്റെ നിയോഗം തേടി മേഴ്‌സി അലഞ്ഞു.. ഇതിനിടയില്‍ പല ചാരിറ്റി സംഘടനകളുടെ കൂടെ പ്രവര്‍ത്തിച്ചു. തന്റെ വഴി അതും അല്ല എന്ന തിരിച്ചറിവില്‍ അവര്‍ ഓരോ കളങ്ങള്‍ ആയി ഒഴിയാന്‍ തുടങ്ങി. ആയിടെയാണ് എം.എസ് ഡബ്ലിയു പഠനം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി മധ്യപ്രദേശിലെ സുള്ളഗാപ്പയില്‍ ഒരു ആദിവാസി വിധവയുടെ വീട്ടില്‍ താമസിച്ചത്.

ദയാ ബായി ജനിക്കുന്നു..
സുള്ളഗാപ്പയില്‍ താമസിക്കുന്ന സമയത്താണ് ആദിവാസികളുടെ ജീവിതത്തെ മേഴ്‌സി കൂടുതല്‍ അടുത്തറിഞ്ഞത്. ഗോണ്ടുകള്‍ എന്ന ആദിവാസി വിഭാഗത്തില്‍ പെടുന്നവരായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവരില്‍ ഒരാളായാല്‍ മാത്രമേ അവര്‍ തന്നെ അംഗീകരിക്കൂ എന്ന് മനസിലാക്കിയ മേഴ്‌സി അവരുടെ വേഷവും ഭാഷയും ഭക്ഷണവും സ്വീകരിച്ചു. ഗോത്ര വര്‍ഗ സ്ത്രീകളുടെ ബായ് എന്ന വിളിപ്പേര് സ്വീകരിച്ചു… മേഴ്‌സി എന്നാല്‍ കരുണ ഉള്ളവള്‍… ദയ ബായ് എന്ന വിളിയിലേക്കു അധികം ദൂരം മേഴ്‌സിക്ക് സഞ്ചരിക്കേണ്ടി വന്നില്ല.

ആദിവാസികളെ ചൂഷണം ചെയ്തു ജീവിക്കുന്ന ജന്മികള്‍ക്ക് എതിരെ ആയിരുന്നു ദയ ബായ് ആദ്യം തന്റെ ശബ്ദം ഉയര്‍ത്തിയത്. അവര്‍ക്ക് വേണ്ടി സാക്ഷരതാ ക്ലാസുകള്‍ നടത്തിയും തെരുവ് നാടകങ്ങള്‍ സംഘടി പ്പിച്ചും കൂലി വെട്ടിപ്പ് നടത്തുന്ന ജന്മികള്‍ക്കു എതിരെ ദയയും സംഘവും പോരാട്ടത്തിനിറങ്ങി. ആദിവാസികള്‍ അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി രംഗത്തിറങ്ങി. ഇത് സ്വാഭാവികമായും പല ജന്മികളെയും ചൊടിപ്പിച്ചു. വളരെ പെട്ടെന്ന് തന്നെ ദയക്ക് ശത്രുക്കള്‍ ഉണ്ടായി. ഒരു കേസുമായി ബന്ധപ്പെട്ടു പോലീസുകാര്‍ ദയയെ മര്‍ദിക്കുകയും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ അവരെ നേരിട്ട് ആക്രമണം നടത്തുകയും ചെയ്തു. പക്ഷെ ഇതിലൊന്നും തളരാതെ അവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു. ദയ ബായിയെ വേറിട്ട് നിര്‍ത്തുന്നത് അവരുടെ തിരഞ്ഞെടുപ്പുകള്‍ ആണ്. ഉന്നത വിദ്യാഭ്യാസവും സാമ്പത്തികവും ഉണ്ടായിരുന്നിട്ടും ദാരിദ്ര്യ ജീവിതത്തെ തിരഞ്ഞെടുത്തത് ക്രിസ്തുവിനെ പൂര്‍ണമായി ഉള്‍കൊള്ളാന്‍ വേണ്ടി മാത്രം.

ഗോണ്ടുകള്‍ക്കൊപ്പം
മധ്യപ്രദേശിലെ ആദിവാസി വിഭാഗമായായിരുന്ന ഗോണ്ടുകള്‍ ദയാ ബായിയെ അവരില്‍ ഒരാളായി തന്നെ സ്വീകരിച്ചു. അവര്‍ കട തിണ്ണകളില്‍ ഉറങ്ങി. അവരോടൊപ്പം കൂലിപണി എടുക്കുകയും അവരുടെ അവകാശങ്ങള്‍ കിട്ടാന്‍ അവര്‍ക്കൊപ്പം നിന്ന്…. ദയബായിയുടെ പ്രവര്‍ത്തന ഫലമായി ഗോണ്ടുകള്‍ അക്ഷരം പഠിച്ചു.. ക്രിസ്തു എന്നും പാവങ്ങള്‍ക്കൊപ്പം ആയിരുന്നു എന്ന ദര്‍ശനം മുന്‍ നിര്‍ത്തി ദയബായി ഗോണ്ടുകള്‍ക്കൊപ്പം നിന്നു. 2007 ല്‍ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ദയബായിയെ തേടി വന്നു… ലോകം ദയബായി എന്ന സ്ത്രീയെ അറിയാന്‍ തുടങ്ങി.. അവര്‍ ഒപ്പം നിന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ ലോകം കാണാനും ഇടപെടാനും തുടങ്ങി

പിതാവിന്റെ ഓഹരിയില്‍ നിന്നും കിട്ടിയ പണം ഉപയോഗിച്ച് വാങ്ങിയ രണ്ടര ഏക്കറില്‍ ദയയും കൂട്ടരും കൃഷി ചെയുന്നു.. വീട്ടില്‍ കൂട്ടിനു പട്ടിയും പൂച്ചയും…. ദയബായി ഒരു പച്ച മനുഷ്യന്‍ ആകുന്നിതിവിടെയാണ്. കന്യാസ്ത്രീ ആയി പ്രവൃത്തികളില്‍ മാത്രം ഒതുങ്ങി പോകുമായിരുന്ന ഒരു ജീവിതം അനേകം പാവങ്ങള്‍ക്ക് അത്താണി ആകുന്ന കരുണയുള്ള കാഴ്ച.. പച്ച വിരല്‍ എന്ന ആ ത്മകഥ ഡിസി ബുക്‌സ് പ്രസിദ്ധികരിച്ചിട്ടുണ്ട്..
ക്രിസ്തുവിനെ അറിയാം എന്നതില്‍ ഉപരി ക്രിസ്തു ആകുന്നതിലെ പൊരുള്‍ ആണ് ദയ ബായിയുടെ ജീവിതം.. ഞാന്‍ ഒരു ക്രിസ്ത്യാനി എന്ന് പറയുന്നതില്‍ അല്ല, ജീവിച്ചു കാണിക്കുന്നതിലെ മഹത്വം.. ഉള്ളില്‍ ഒരു കനിവ് ഉറവയെടുക്കട്ടെ.. സഹ ജീവികളോട് ഒരിറ്റു കരുണയും സ്‌നേഹവും നമുക്കലും കാണിക്കാന്‍ സാധിക്കട്ടെ. അതല്ലേ ക്രിസ്തു ജീവിതവും…

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles