പ്ലാറ്റിനം ജൂബിലി സംഘടിപ്പിച്ചു; ശതോത്തര രജത ജൂബിലിയിലും സിസ്റ്റർ മൈക്കിൾ സ്കൂൾ മുറ്റത്ത്
ചങ്ങനാശേരി: അരനൂറ്റാണ്ടു മുന്പ് ചങ്ങനാശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സംഘടിപ്പിക്കുന്പോൾ അന്നു ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റർ മൈക്കിൾ ഒരിക്കലും കരുതിയില്ല സ്കൂളിന്റെ 125-ാം വാർഷികത്തിൽ താനും അതിഥി ആയിരിക്കുമെന്ന്. നാളെ സ്കൂളിന്റെ ശതോത്തര രജതജൂബിലി ആഘോഷം നടക്കുന്പോൾ അതിഥിയായി ഈ നൂറു വയസുകാരി സന്യാസിനിയും ഉണ്ടാവും.
1965 മുതൽ 1980 വരെ 15 വർഷം സിസ്റ്റർ മൈക്കിൾ ഈ സ്കൂളിന്റെ ഹെഡ്മിസ്ട്രസായിരുന്നു. അക്കാലത്തായിരുന്നു പ്ലാറ്റിനം ജൂബിലി ആഘോഷവും ജൂബിലി സ്മാരക ഓഡിറ്റോറിയം നിർമാണവും.
ജീവിതത്തിന്റെ ഭൂരിഭാഗവും മൈക്കിളമ്മ സെന്റ് ജോസഫ്സ് സ്കൂളിനോടു ചേർന്നുള്ള മൗണ്ട് കാർമൽ മഠത്തിലായിരുന്നു ശുശ്രൂഷ. ഇന്നും ചങ്ങനാശേരിയിലെ ആദ്യ പെൺപള്ളിക്കൂടമായ സെന്റ് ജോസഫ്സ് സ്കൂളിന്റെ വരാന്തയിലിരുന്നു സ്കൂളിനെക്കുറിച്ചും ശിഷ്യരെക്കുറിച്ചുമൊക്കെ പറയുന്പോൾ മൈക്കിളമ്മയ്ക്കു നൂറുനാവ്.
നിറഞ്ഞ ചിരിയോടെ ഇംഗ്ലീഷിലും മലയാളത്തിലും സ്ഫുടമായി സംസാരിക്കുന്പോൾ കേട്ടിരിക്കുന്നവരും അതിൽ ലയിച്ചുപോകും. കേരളത്തിലെ വിവിധ കത്തോലിക്കാ സ്കൂളുകളിൽ പ്രഭാത പ്രാർഥനയായി ആലപിക്കുന്ന “കാരുണ്യാലയം ദിവ്യസ്നേഹസാഗരം’’ പാട്ട് ഉൾപ്പെടെ അഞ്ഞൂറിലേറെ ഗാനങ്ങളുടെ രചയിതാവുകൂടിയാണ് സിഎംസി സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ മൈക്കിൾ. ഗാനങ്ങൾ പലതും ഇപ്പോഴും മനഃപാഠം. അടുത്തിടെ അന്തരിച്ച പ്രശസ്ത ഭക്തിഗാന രചയിതാവ് ഫാ.ജി.റ്റി. ഉൗന്നുകല്ലിലിന്റെ സഹോദരിയാണ് സിസ്റ്റർ മൈക്കിൾ.
1919 നവംബർ 11ന് അയിരൂർ ഛായൽ പള്ളിക്കു സമീപമുള്ള പുരാതനമായ ഉൗന്നുകല്ലിൽ തായില്ലം കൊച്ചിട്ടി-കൊച്ചുമേരി ദന്പതികളുടെ ഒന്പതു മക്കളിൽ മൂത്ത മകളായാണ് കുഞ്ഞമ്മ എന്ന സിസ്റ്റർ മൈക്കിളിന്റെ ജനനം. ഏഴാം ക്ലാസുവരെ നാട്ടിലെ സ്കൂളിലായിരുന്നു പഠനം. തുടർന്നു കുഞ്ഞമ്മയെ മാതാപിതാക്കൾ 1934 ജൂണ് എട്ടിന് ചങ്ങനാശേരി മൗണ്ട് കാർമൽ മഠത്തോടു ചേർന്നുള്ള ബോർഡിംഗ് ഹൗസിലാക്കി സെന്റ് ജോസ്ഫ്സ് സ്കൂളിൽ ഫോർത്ത് ഫോറത്തിലും ചേർത്തു.
സ്കൂൾ പഠനം പൂർത്തിയായ ഉടനെ 1937 ഡിസംബർ എട്ടിന് ഇതേ മഠത്തിൽ ചേർത്തു. ചങ്ങനാശേരി രൂപതയുടെ ബിഷപ്പായിരുന്ന മാർ ജെയിംസ് കാളാശേരിയാണ് മിഖായേൽ മാലാഖയുടെ പേരായ മൈക്കിൾ എന്ന നാമം സിസ്റ്ററിനു നൽകിയത്.
റോമിൽവച്ചു ദിവംഗതനായ ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശിയ മെത്രാൻ മാർ തോമസ് കുര്യാളശേരിയുടെ ഭൗതികാവശിഷ്ടം ചങ്ങനാശേരിയിലെത്തിച്ചപ്പോൾ സിസ്റ്റർ ഒരു ഗാനമെഴുതി ആലപിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു.
സിഎംസി ഹോളി ക്വീൻസ് പ്രോവിൻസിലെ ഏറ്റവും മുതിർന്ന സന്യാസിനികൂടിയായ മൈക്കിളമ്മ സെന്റ് ജോസഫ്സ് സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ടോംസി ഉൾപ്പെടെ അധ്യാപകരുടെയും സന്യാസിനികളുടെയും ഗുരുനാഥയുമാണ്.
സെന്റ് ജോസഫ്സ് സ്കൂളിന്റെ 125-ാം വാർഷികത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ മൈക്കളമ്മ ഇങ്ങനെ പാടി “നന്ദി ചൊല്ലി നിന്റെ മുന്പിൽ നിന്നിടുന്നു ഞാൻ….. നീയെനിക്കു ചെയ്തതെല്ലാം ഓർത്തിടുന്നു ഞാൻ…’’