പാപ്പയെത്തി. യുഎഇയില്‍ അനുഗ്രഹ മഴ പെയ്തു.

ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിനു മുമ്പ് അനുഗ്രഹ മഴയുമായി പ്രകൃതിയും എത്തി.. ചരിത്രത്തിൽ ആദ്യമായി മാർപാപ്പ അറബ് മേഖലയിലെത്തിയ ഇന്നലെ രാവിലെ അബുദാബിയിലും ദുബായിലും റാസൽഖൈമയിലും അടക്കം യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ഇന്നലെ പതിവില്ലാതെ നല്ല മഴ പെയ്തു. അനുഗ്രഹപ്പൂമഴയാണ് യുഎഇയിൽ ഇന്നലെ ലഭിച്ചതെന്ന് ജോണ്‍ ഫെർണാണ്ടസ് എന്ന വിശ്വാസി പറഞ്ഞു.
യുഎഇ ഭരണാധികാരികളും മുതിർന്ന മുസ്ലിം പണ്ഡിതർ അടങ്ങിയ മുസ്ലിം കൗണ്‍സിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളും അറബികളും കത്തോലിക്കരും അടക്കം എല്ലാവരും മാർപാപ്പയുടെ വരവിനു മുന്നോടിയായി തിമർത്തു പെയ്ത മഴയെ വലിയ അനുഗ്രഹവും ശുഭസൂചകവുമായാണു കണ്ടതെന്ന് സംഘാടകർ പറഞ്ഞു. യുഎഇയിലെ ചിലയിടങ്ങളിൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റോടുകൂടിയായിരുന്നു മഴ. എന്നാൽ, മാർപാപ്പയ്ക്ക് ആതിഥ്യം അരുളുന്ന അബുദാബി നഗരത്തിൽ കാറ്റോ പൊടിക്കാറ്റോ ഉണ്ടായതുമില്ല. പൊടിപടലങ്ങൾ ഒലിച്ചുപോയതിനാൽ വൈകുന്നേരത്തോടെ നഗരപ്രദേശമാകെ വൃത്തിയാവുകയും ചെയ്തു.
റാസൽഖൈമയിലെ ചില പ്രദേശങ്ങളിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ചില റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചെങ്കിലും വൈകാതെ പിൻവലിച്ചു.