ഭക്തിയുടെ നിറവില്‍ മാഞ്ചസ്റ്റര്‍ തിരുനാള്‍ അരങ്ങേറി
മാഞ്ചസ്റ്റർ: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുക്കര്‍മങ്ങള്‍ നടന്നു. വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും അനുഗ്രഹങ്ങൾ തേടി മാധ്യസ്ഥം യാചിക്കുന്നതിനും നേർച്ചകാഴ്ചകൾ അർപ്പിക്കുന്നതിനും വൻ ജനാവലിയാണ് മാഞ്ചസ്റ്ററിലെ വിഥിൻഷോയിലേക്ക് പ്രവഹിച്ചത്.
മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്മികന് ആയിരുന്നു. ഇടവക വികാരി ഫാ. ജോസ് അഞ്ചാനിക്കൽ, ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻപുര, ഫാ. നിക്കോളാസ് കെണ്, ഫാ. ഫാൻസ്വാ പത്തിൽ, ഫാ. മാത്യു കരിയിലക്കുളം, ഫാ.പ്രിൻസ് തുടങ്ങീ ഏഴോളം വൈദീകർ സഹ കാർമ്മികരായി. ഇടവക വികാരി ഫാ. ജോസ് അഞ്ചാനിക്കൽ ഏവരെയും സ്വാഗതം ചെയ്തു നടത്തിയ ആമുഖ പ്രഭാഷണത്തോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി.
തോമാശ്ലീഹായുടെ ധൈര്യവും, വിശ്വാസ തീക്ഷ്ണതയും,പ്രേഷിത ചൈതന്യവും പ്രവാസ ജീവിതത്തിൽ പകർത്തുവാൻ ദിവ്യബലി മദ്ധ്യേ നൽകിയ സന്ദേശത്തിൽ മാർ. ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളെ ഉത്ബോധിപ്പിച്ചു. ദിവ്യബലിയെ തുടർന്ന് നടന്ന ലദീഞ്ഞോടെയാണ് തിരുനാൾ പ്രദക്ഷിണത്തിന് തുടക്കമായത്. അതിനു ശേഷം ആഘോഷമായ പ്രദക്ഷിണവും നടന്നു.