ദക്ഷിണ ബ്രിസ്‌ബെയനിലെ വിശ്വാസികള്‍ക്ക് പുതിയ ദൈവാലയം
ബ്രിസ്‌ബെയ്ന്‍: ആസ്‌ത്രേലിയയിലെ സൗത്ത് ബ്രിസ്‌ബെയ്ന്‍ വിശ്വാസീസമൂഹത്തിന് ഇനി സ്വന്തം ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കാം. നവംബര്‍ നാല് വൈകിട്ട് പ്രാദേശിക സമയം 3.30നാണ് കൂദാശാ കര്‍മം. മെല്‍ബണ്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ബോസ്‌ക്കോ പുത്തൂര്‍, ബ്രിസ്‌ബെന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ക് കോള്‍റിഡ്ജ് എന്നിവരുടെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിമധ്യേ, മാര്‍ പൂത്തൂര്‍ ദൈവാലയം കൂദാശ ചെയ്യും. ദിവ്യബലിമധ്യേ വചനസന്ദേസം പങ്കുവെക്കുന്ന ആര്‍ച്ച്ബിഷപ്പ് മാര്‍ക് കോള്‍റിഡ്ജ്, കുട്ടികളുടെ വിശ്വാസപരിശീലനത്തിനായി ആരംഭിക്കുന്ന കാറ്റിക്കിസം സെന്ററിന്റെ കൂദാശാകര്‍മവും നിര്‍വഹിക്കും.
രൂപതാ വികാരി ജനറല്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, ബ്രിസ്‌ബെന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. പീറ്റര്‍ മനേലി, കൂട്ടായ്മയില്‍ സേവനംചെയ്തിരുന്ന ഫാ. തോമസ് അരീക്കുഴി, ഫാ. പീറ്റര്‍ കാവുംപുറം എന്നിവര്‍ക്കൊപ്പം മെല്‍ബണ്‍, ബ്രിസ്‌ബെന്‍ രൂപതകളില്‍നിന്നുള്ള നിരവധി വൈദികരും സഹകാര്‍മികരാകും. ഇതര സഭകളില്‍നിന്നുള്ള വൈദികരുടെയും സാന്നിധ്യമുണ്ടാകും. തിരുക്കര്‍മങ്ങളെ തുടര്‍ന്ന് കൃതജ്ഞതാസൂചകമായി ദൈവാലയത്തിന് ചുറ്റും ആഘോഷമായ പ്രദിക്ഷിണവും ക്രമീകരിച്ചിട്ടുണ്ട്. തുടര്‍ന്ന്, മാര്‍ പുത്തൂരിന്റെ അധ്യക്ഷതയില്‍ സമ്മേളിക്കുന്ന പൊതുയോഗത്തില്‍ വിവിധ രംഗങ്ങളില്‍നിന്നുള്ള പ്രഗത്ഭര്‍ പങ്കെടുക്കും. ഇടവകാംഗങ്ങളുടെ കൂട്ടായ പ്രാര്‍ത്ഥനയ്ക്കും പരിശ്രമത്തിനും ദൈവം നല്‍കിയ സമ്മാനമാണ് പുതിയ ദൈവാലയം. അധികൃതര്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങിയ ലൂഥറന്‍ ദൈവാലയം വിലയ്ക്കു വാങ്ങി സീറോ മലബാര്‍ ആരാധനക്രമപ്രകാരം പുനര്‍നിര്‍മിക്കുകയായിരുന്നു. നാന്നൂറില്‍പ്പരം പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ദൈവാലയത്തോട് ചേര്‍ന്ന് പള്ളിമേടയും 14 ക്ലാസ് മുറികളുള്ള ചൈല്‍ഡ് കെയര്‍ സെന്ററുമുണ്ട്.
ഈ ചൈല്‍ഡ് കെയര്‍ സെന്ററാണ് വിശ്വാസപരിശീലന ക്ലാസുകളാക്കി മാറ്റുന്നത്. കൂടാതെ, ഈ സ്ഥലം പാരിഷ് ഹാളായി ഉപയോഗിക്കാനുമാകും. ഏതാണ്ട് നാല് ഏക്കര്‍ സ്ഥലത്താണ് ദൈവാലയം സ്ഥിതിചെയ്യുന്നത്.