യൂറോപ്യന്‍ മാധ്യമലോകത്ത് ബ്രദര്‍ ചെറിയാന്‍ സാമുവലിന്റെ നേതൃത്വത്തില്‍ കത്തോലിക്കാ ചൈതന്യം പ്രസരിപ്പിച്ച് മരിയന്‍ടൈംസ് വേള്‍ഡ്
~ ഷൈമോന്‍ തോട്ടുങ്കല്‍ ~
ന്യൂ കാസില്‍: ആഗോള ഓണ്‍ലൈന്‍ മാധ്യമലോകത്ത് സഭയോട് ചേര്‍ന്ന്, കത്തോലിക്കാ ചൈതന്യം പകരുന്ന ക്വീന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തിലുള്ള മരിയന്‍ ടൈംസ് വേള്‍ഡ് ശ്രദ്ധ നേടുന്നു. മികച്ച ഉള്ളടക്കത്തോടെ സുന്ദരമായി രൂപകല്പന ചെയ്തിട്ടുള്ള ഈ കത്തോലിക്കാ ന്യൂസ് പോര്‍ട്ടല്‍ ചുരങ്ങിയ കാലത്തിനുള്ള ലോകമെമ്പാടുമുള്ള കത്തോലിക്കാ വായനക്കാരുടെ ഇഷ്ട ഓണ്‍ലൈന്‍ മാധ്യമമായി ഇതിനകം മാറിക്കഴിഞ്ഞു. ആഗോള കത്തോലിക്കാ സഭാ വാര്‍ത്തകള്‍ മുതല്‍ ക്രിസ്തീയ ആധ്യാത്മികതയില്‍ വളരാന്‍ സഹായകരമായ ഫീച്ചറുകള്‍ വരെ കത്തോലിക്കാ ജീവിതം നയിക്കുന്നതിന് ആവശ്യമായ എല്ലാത്തരം വിഷയങ്ങളും ഉള്‍പ്പെടുത്തി രൂപകല്പന ചെയ്തിട്ടുള്ള മരിയന്‍ ടൈംസ് അനേകരുടെ ജീവിതത്തില്‍ പുതിയ ഊര്‍ജം പകര്‍ന്നു കൊണ്ടിരിക്കുന്നു. കത്തോലിക്കാ സഭയോടുള്ള വിധേയത്വവും വിശ്വസ്തയുമാണ് മരിയന്‍ ടൈംസിനെ വ്യത്യസ്തമാക്കുന്നത്.
വത്തിക്കാനില്‍ നിന്നുള്ള വാര്‍ത്തകള്‍, പ്രത്യേകിച്ച് ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശങ്ങള്‍ അതാത് സമയങ്ങളില്‍ വായനക്കാര്‍ക്കായി എത്തിക്കുന്നതോടൊപ്പം മരിയന്‍ ടൈംസ് ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നും യു എസ്, യൂറോപ്പ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും എത്തിക്കുന്നു. ആത്മീയ ജീവിതത്തിന് പ്രചോദനം പകരുന്ന ഫീച്ചറുകള്‍, മികച്ച് എഴുത്തുകാരുടെ ഈടുറ്റ ആത്മീയ ലേഖനങ്ങള്‍, മരിയന്‍ ദര്‍ശനങ്ങളും സന്ദേശങ്ങളും അവതരിപ്പിക്കുന്ന പ്രത്യേക പംക്തി, സിനിമ, സംഗീതം, കല എന്നിയ്ക്കായുള്ള കോളം, അനുദിനവിശുദ്ധര്‍ തുടങ്ങി വിശേഷപ്പെട്ട പംക്തികള്‍ മരിയന്‍ ടൈംസ് വേള്‍ഡിനെ ആത്മീയ വായനയുടെ അതുല്യാനുഭവമാക്കി മാറ്റുന്നു.
ഫിലാഡെല്‍ഫിയ ആസ്ഥാനമായി ബ്ര. പി. ഡി. ഡോമിനിക്കിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച ക്വീന്‍ മേരി മിനിസ്ട്രിയുടെ മാധ്യമസംരംഭങ്ങളില്‍ ഏറ്റവും പുതിയതാണ് മരിയന്‍ ടൈംസ് വേള്‍ഡ് എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍. വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള മലയാളം ആത്മീയ ചാനലായ മരിയന്‍ ടിവി, മരിയന്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന വര്‍ണമാസിക മരിയന്‍ വോയ്‌സ്, ഇംഗ്ലീഷ് മാസിക മരിയന്‍ ഫോക്കസ് എന്നിവയാണ് ക്വീന്‍ മേരി മിനിസ്ട്രിയുടെ മറ്റു മാധ്യമങ്ങള്‍.
ക്വീന്‍ മേരി മിനിസ്ട്രിയുടെയും മരിയന്‍ ടിവി, മരിയന്‍ പബ്ലിക്കേഷന്‍സ് എന്നിവയുടെയും യുകെയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രദര്‍ ചെറിയാന്‍ സാമുവലും പന്ത്രണ്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് നേതൃത്വം നല്‍കുന്നതായിരിക്കും.
സന്ദര്‍ശിക്കുക: www.mariantimesworld.org