യഥാര്‍ത്ഥ ക്രിസ്ത്യാനിക്ക് യഹൂദവിരോധിയാകാനാവില്ല: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍: യൂറോപ്പില്‍ യൂഹദര്‍ക്കെതിരായ നടമാടിയ അക്രമങ്ങളെയും ഹിറ്റ്‌ലറുടെ കീഴില്‍ നടന്ന യൂഹദഹത്യകളെയും ശക്തമായി അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പാ. ഇന്നലെ തിങ്കളാഴ്ച യഹൂദ റബ്ബിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ യഹൂദവിരോധത്തെ അപലപിച്ചത്.
‘ഞാന്‍ എപ്പോഴും പറയാറുള്ളത് വീണ്ടും ആവര്‍ത്തിക്കുന്നു, ഒരു യഥാര്‍ത്ഥ ക്രിസ്ത്യനിക്ക് യഹൂദരെ വെറുക്കാനാവില്ല. നാമെല്ലാവരും ഒരേ വേരുകള്‍ പങ്കുവയ്ക്കുന്നവരല്ലേ’ പരിശുദ്ധ പിതാവ് പറഞ്ഞു.
‘യഹൂദര്‍ക്കെതിരായ വെറുപ്പ് ഈ ഭൂമുഖത്തു നിന്നു തന്നെ തുടച്ചു നീക്കാന്‍ നാം ഓരോരുത്തരും കടമയുള്ളവരാണ്’ പാപ്പാ തുടര്‍ന്നു, ‘യഹൂദരും ക്രിസ്ത്യാനികളും തമ്മിലുള്ള സൗഹൃദത്തിന്റെ ആവശ്യകതയെ കുറിച്ച് എന്നും ഞാന്‍ ശക്തമായി വാദിച്ചിട്ടുണ്ട്. ആ ബന്ധം രക്ഷാകര ചരിത്രത്തിലും പരസ്പരമുള്ള കരുതലിലും അടിസ്ഥാനമുള്ളതാണ്’.
യഹൂദരെ ശ്വാസം മുട്ടിച്ചു കൊന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ താന്‍ സന്ദര്‍ശിച്ച കാര്യവും പാപ്പാ പറഞ്ഞു. തദവസരത്തില്‍ തന്റെ ജനത്തെ ആശ്വസിപ്പിക്കണമേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.