ജീവിതത്തിലെ എല്ലാ വശങ്ങളെയും തന്നോടു പങ്കുവെയ്ക്കണമെന്ന് യേശു ആഗ്രഹിക്കുന്നു

ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് “നിങ്ങളുടെ പ്രത്യാശകളേയും സ്വ8/പ്നങ്ങളേയും പിന്തുടരാനാണ്.

യേശുവിനോടു കൂടെ സംഭാഷണം നടത്താം

നമ്മുടെ ഏറ്റവും ആഴത്തിലുള്ള രഹസ്യങ്ങളെക്കുറിച്ച് ഒരു സുഹൃത്തിനോടു പറയുകയും അവ പങ്കുവെക്കുകയും ചെയ്യാം. യേശുവിനോടു കൂടെയും നമുക്കെപ്പോഴും സംഭാഷണം നടത്താം. പ്രാർത്ഥന ഒരു വെല്ലുവിളിയും സാഹസവുമാണ്. തന്റെ മഹത്വത്തെ വിലമതിക്കാൻ യേശു നമ്മെ ക്രമേണ ശക്തരാക്കുന്നു. നമ്മെ തന്നിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിലെ എല്ലാ വശങ്ങളെയും തന്നോടു പങ്കുവെയ്ക്കാനും അവിടുത്തെ ആശ്ലേഷത്തിൽ വിശ്വാസത്തോടെ വിശ്രമിക്കാനും അവിടുന്ന് നമ്മളെ ശക്തമാക്കുന്നു. അതേ സമയം അത് അവിടുത്തെ ജീവിതത്തിലും സ്നേഹത്തിലും നമുക്ക് പങ്കുതരുന്നു. നമ്മൾ പ്രാർത്ഥിക്കുമ്പോൾ നാം ചെയ്യുന്നതെല്ലാം അവിടുത്തോടു തുറക്കുകയും അവിടത്തേക്ക് പ്രവർത്തിക്കാനും പ്രവേശിക്കാനും വിജയം അവകാശപ്പെടാനുമായി അവസരമൊരുക്കുകയാണ് നാം ചെയ്യുന്നത്.

നമ്മുടെ ജീവിതത്തിന്റെ ഏറ്റവും ആഴത്തിലുള്ള രഹസ്യങ്ങളെ പോലും യേശുവിനോടു പറയുവാൻ കഴിയണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. യേശുവിന്റെ കൂടെ നമുക്ക് സ്നേഹപൂർവ്വം സംഭാഷണം നടത്താൻ കഴിയണം. അതെപ്പോഴും കഴിയും എന്ന്  പാപ്പാ ഓർമ്മിപ്പിക്കുന്നു.

പ്രാർത്ഥന എന്ന സാധന

ജീവിതത്തിന്റെ അനിവാര്യതകളിലൊന്നാണ് പ്രാർത്ഥന. ദൈവവുമൊത്തുള്ള നമ്മുടെ എല്ലാ പ്രവർത്തനങ്ങളും, ഏറ്റ്പറച്ചിലുകളും,അവിടുത്തെ സന്നിധിയിലെ നിശബ്ദത പോലും പ്രാർത്ഥനയായി കരുതപ്പെടുന്നു. ദൈവത്തോടു പൊതുവേ മനുഷ്യർ സംസാരിക്കുന്നതും ദൈവവുമായി ബന്ധപ്പെടുന്നതും പ്രാർത്ഥന എന്ന സാധനയിലൂടെയാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. ഇവിടെ പാപ്പാ പ്രാർത്ഥനയെ കുറിച്ച് പറയുന്നത് അതൊരു വെല്ലുവിളിയും സാഹസികതയുമാണെന്നാണ്. പ്രാർത്ഥനയിലൂടെ നമ്മുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും പങ്കുവെയ്ക്കാനും അവിടുന്ന് നൽകുന്ന തലോടലിൽ വിശ്വാസപൂർവ്വം നമ്മെ തന്നെ വിശ്രമിപ്പിക്കാനും കഴിയും എന്നും പറയുന്നു. നാം ദൈവത്തോടു നമ്മുടെ ജീവിതം പങ്കുവെയ്ക്കുന്നത് പോലെ ദൈവം തന്റെ ജീവനും,സ്നേഹവും നമുക്ക് പങ്കുവെച്ചു നൽകുന്നുവെന്ന്  ഈ ഖണ്ഡികയിലൂടെ പാപ്പാ നമ്മോടു പറയാൻ ആഗ്രഹിക്കുന്നു.

എന്തൊക്കെ ക്രിസ്തുവിനോടു ആവശ്യപ്പെട്ടാലും  എങ്ങനെയൊക്കെ ആവശ്യപ്പെട്ടാലും ക്രിസ്തു നമ്മുടെ മനസ്സറിഞ്ഞ് നമ്മുടെ നന്മയ്ക്കായി നമ്മുടെ ജീവിതത്തിൽ ഇടപ്പെടാറുണ്ട്. ചില ചൂടനുഭവങ്ങളിൽ  പോലും സ്നേഹമായി അവൻ കടന്നുവരുന്നു. അങ്ങനെയുള്ള  നിരവധി അനുഭവങ്ങളെ ബൈബിളിൽ നമുക്ക് വായിക്കാൻ കഴിയും. അത് അവന്റെ തന്നെ ശിഷ്യനായ തോമസിന്റെ ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ വളരെ വ്യക്തമാണ്.

യേശുവിനോടു വാശി കാണിക്കുന്ന ശിഷ്യ൯

ദൈവം ഒരു മനുഷ്യന്റെ ജീവിതത്തിൽ പ്രവർത്തിക്കുക ഒരുപക്ഷേ  അവനെ ഭീരുവാക്കി കൊണ്ടായിരിക്കാം. സ്നേഹം നൽകുന്ന വേദനിയിലും വീണ്ടും വീണ്ടും ഏൽക്കുന്ന മുറിവുകളിലും ഒക്കെ ദൈവം  തന്റെ സ്നേഹം വെളിപ്പെടുത്തി കൊണ്ടേയിരിക്കും. പ്രാർത്ഥന എന്ന ദൈവമായിട്ടുള്ള സ്നേഹ സംഭാഷണത്തിൽ ഏർപ്പെടുന്നവർക്ക് ഈ അനുഭവം നിരവധി ഉണ്ടാകും. അതുപോലെതന്നെയാണ് തോമാശ്ലീഹായുടെ ജീവിതത്തിലും ദൈവം പെയ്തിറങ്ങുന്നത്. ക്രിസ്തുവിന്റെ കൂടെ പോയി മരിക്കാമെന്ന് ഒരിക്കൽ പറഞ്ഞ തോമസ് പിന്നീട്  അവന്റെ കൂട്ടുകാരോടു പറയുന്നത് അവന്റെ ക്ഷതങ്ങളെ തൊട്ടാൽ അല്ലാതെ ഗുരുവിനെ ഞാൻ വിശ്വസിക്കുകയില്ല എന്ന്.  വാശിപിടിക്കുന്ന, വാശിപിടിപ്പിക്കുന്ന തോമസിന്റെ ഹൃദയത്തെ ക്രിസ്തു അറിയുകയും അയാൾക്കുവേണ്ടി മാത്രം വീണ്ടും അവരുടെ മദ്ധ്യേ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

എല്ലാറ്റിനെയും പ്രണയിക്കുന്ന ദൈവം

എല്ലാറ്റിനെയും പ്രണയിക്കുന്നവനാണ് ദൈവം. മനുഷ്യന്റെ സ്നേഹത്തെയും, ചാപല്യത്തെയും, അവിശ്വാസത്തെ പോലും  പ്രണയിക്കുന്നവൻ. അതുകൊണ്ടുതന്നെയല്ലേ എന്റെ ക്ഷതങ്ങളെ കാണുക, അവയെ തൊടുമ്പോൾ വേദനിക്കുമെങ്കിലും നിന്റെ വിരലുകൾ അതിൽ പതിയട്ടെ എന്ന് പറഞ്ഞുകൊണ്ട് തോമസിന്റെ മുന്നിൽ തോമസിനു വേണ്ടി മാത്രം അവൻ വീണ്ടും പ്രത്യക്ഷപ്പെട്ടത്.  ഈ ഗുരുവിന്റെ അഗാധമായ പ്രണയത്തിന്റെ മുന്നിൽ സ്വന്തം മനസ്സിന്റെ ക്ഷതങ്ങളെ വെളിപ്പെടുത്തിക്കൊണ്ട് ശിഷ്യൻ വിലപിച്ചു, “എന്റെ കർത്താവേ എന്റെ ദൈവമേ!”

സ്നേഹിക്കുന്നവർക്ക് സ്നേഹമുള്ളവരോടു എല്ലാ തലത്തിലും വാശിയും സംശയവും പരിഭവങ്ങളും ഉണ്ടാകണം. അത് വെറുമൊരു കലഹത്തിന് വേണ്ടിയുള്ള പോരാട്ടമായോ സ്വന്തം താൽപ്പര്യങ്ങൾക്ക് വേണ്ടിയുള്ള  അത്യാഗ്രഹമായോ കാണരുത്.  മറിച്ച് അവ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ക്ഷതങ്ങളിൽ, പാനപാത്രങ്ങളിൽ പങ്കുചേരാനുള്ള മനസ്സിന്റെ വ്യഗ്രതയാണ്. അത് പ്രാർത്ഥനയിൽ നമുക്ക് സാധിച്ചെടുക്കാൻ കഴിയും. നമ്മുടെ ജീവിതത്തെ, ഹൃദയത്തെ, ആത്മാവിനെ, വികാരങ്ങളെ, സന്തോഷങ്ങളെ, സന്താപങ്ങളെ സ്വന്തമാക്കിയവനോടു മാത്രം അവകാശപൂർവ്വം പ്രകടിപ്പിക്കാവുന്ന സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടുപ്പത്തിന്റെയും ചില ഭാവങ്ങളാണ്. നമ്മുടെ ഈ ചെറിയ ചെറിയ ഭാവങ്ങളെ പോലും ഈശോ ഇഷ്ടപ്പെടുന്നു സ്നേഹിക്കുന്നു എന്നതാണ് സത്യം.

ഈ സത്യത്തെ തിരിച്ചറിയണമെങ്കിൽ നമ്മുടെ  മിഴി പൂട്ടി, കരം കൂപ്പി നിന്ന്  നമ്മുടെ ഹൃദയത്തിൽ  വാഴുന്ന ഈശ്വരനോടു സംസാരിക്കുവാൻ കഴിയണം. തോമസിന് ഇത് ഹൃദയത്തിലുണ്ടായിരുന്നു. തോമസിനും യേശുവിനോടു സ്നേഹപൂർവ്വമായ ഒരു വാശി ഉണ്ടായിട്ടുണ്ടായിരിക്കാം. തോമശ്ലീഹാ അത് ഗുരുവിനോടു ചേർന്ന് നടന്നപ്പോഴൊക്കെ ഒരു നെടുവീർപ്പോടെ ഉള്ളിൽ കാത്തുസൂക്ഷിച്ചു വച്ചതായിരിക്കാം. വാശിയുടെ ഏതോ ഒരു നിമിഷത്തിൽ അത് വെളിപ്പെടുത്തി എന്ന് മാത്രം. വീടിന്റെ അടുത്തുള്ള കടയിൽ നിന്നും ഒരു രൂപയുടെ തീപ്പെട്ടി വാങ്ങാൻ 50 പൈസയുടെ മിഠായിക്ക് വേണ്ടി വാശിപിടിക്കുന്ന അമ്മയുടെ മുന്നിൽ കരയുന്ന കുഞ്ഞിനെ പോലെ ഇയാളും കരയുകയാണ്. ഞാൻ വിശ്വസിക്കാം പക്ഷേ എനിക്ക് എന്റെ ഗുരുവിന്റെ ക്ഷതങ്ങളെ കാണണം.

ഗുരുവിന്റെ ഉത്തരം

ഗുരുവിന്റെ സ്മരണകളെ താൻ  ഒരു നെടുവീർപ്പോടെ ധ്യാനിച്ച് വാതിലുകൾ അടച്ച് വിറച്ചിരുന്ന നിമിഷങ്ങൾ ഗുരുവിന് അജ്ഞാതമായിരുന്നില്ലല്ലോ. എന്നിട്ടും ശൂന്യതയുടെ ഭീകരതയിൽ നിന്നും താൻ പുറത്തിറങ്ങിയ ആ ക്ഷണത്തിൽ തന്റെ ഗുരു തന്റെ കൂട്ടുകാർക്ക് മാത്രം അവന്റെ ജീവന്റെ ദർശനം നൽകിയതിനോടു തോമസിന് പൊരുത്തപ്പെടാനായില്ല. അയാൾ തന്റെ പരിഭവം പ്രകടിപ്പിക്കുകയാണ്.  പ്രിയപ്പെട്ട ഗുരു എനിക്കുവേണ്ടി മാത്രം എന്റെ മുന്നിൽ മുറിവുകളോടെ പ്രത്യക്ഷപ്പെടണം. നിന്റെ മുറിവുകളെ ഞാൻ തൊടണം. ഇതിനെ അവിശ്വാസത്തിന്റെ ശബ്ദമായി എങ്ങനെ കാണാൻ കഴിയും. ഗുരു അയാളുടെ വാശിയുടെ മുന്നിൽ ദർശനം നൽകി പേര് വിളിച്ച മാത്രയിൽ ഹൃദയത്തിന്റെ അഗാധങ്ങളിൽ നിന്ന് തോമസ് വിളിച്ചു പറഞ്ഞു എന്റെ കർത്താവേ എന്റെ ദൈവമേ.

പിന്നീട് ക്രിസ്തുവെന്ന ഗുരുവിന്റെ വഴികളെ തൊടാൻ ആഗ്രഹിച്ചവൻ ശിഷ്യത്വം നിർബന്ധിക്കുന്ന സാഹസിക വഴികളെ പൂർണ്ണമായി സ്വീകരിക്കുവാൻ ധീരത കാണിക്കുന്നു. സുവിശേഷത്തിനും ക്രിസ്തുവിനും സാക്ഷ്യം നൽകിക്കൊണ്ട് ആത്മവിശ്വാസത്തിന്റെയും നിർഭയത്തിന്റെയും, സ്നേഹത്തിന്റെയും സദ്വാർത്ത പ്രഘോഷിച്ച് കൊണ്ട് രക്തം ചിന്തി ക്രിസ്തുവിന്റെ മുറിവേറ്റ ഹൃദയത്തെ അയാൾ വീണ്ടും തൊടുകയാണ്. ക്രിസ്തു തൊട്ടവനും ക്രിസ്തുവിനെ തൊട്ടവനുമായി തീരുന്നു അവരുടെ ബന്ധം.

അപ്പോസ്തലനായ തോമസിന്റെ വിശുദ്ധ വാശിയുടെ മുന്നിൽ ഒളിഞ്ഞിരുന്ന സ്നേഹത്തെ ക്രിസ്തു തിരിച്ചറിഞ്ഞത് പോലെ നമ്മുടെ ജീവിതത്തിലും അവന് വേണ്ടി നാം കൊണ്ടു നടക്കുന്ന ദാഹത്തെ ക്രിസ്തു തിരിച്ചറിയുന്നു. അത് കൊണ്ടാണ് പാപ്പാ പറയുന്നത്  നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും  തന്നോടു പങ്കുവയ്ക്കാനും  അവിടുത്തെ തലോടലിൽ വിശ്വാസത്തോടെ വിശ്രമിക്കാനും നമ്മെ ശക്തരാക്കുന്നു എന്ന്. ഈ ശക്തി നമുക്ക് പ്രാർത്ഥനയിലൂടെ സ്വീകരിക്കാൻ കഴിയും. ദൈവത്തോടു നമ്മുടെ ബന്ധം നമ്മുടെ സ്നേഹം വാശിയൊക്കെ പ്രകടിപ്പിക്കേണ്ടത്  പ്രാർത്ഥനയിലൂടെയാണ്. ദൈവത്തോടൊപ്പം നാമായിരിക്കുന്നതെന്തും, പറയുന്നതെന്തും  പ്രാർത്ഥനയാണ്. സ്നേഹപൂർവ്വം തന്നെ കേട്ടിരിക്കുന്നു എന്ന  ബോധ്യത്തോടെ മനുഷ്യൻ ദൈവത്തോടു പങ്കുവെയ്ക്കുന്ന ഒരു അനുഭവമാണ് പ്രാർത്ഥനാ. ഈ പ്രാർത്ഥന ഒരു സ്നേഹ സംഭാഷണമാണ്. അതോടൊപ്പം അതൊരു വെല്ലുവിളിയും സാഹസികതയുമാണെന്ന് കൂടി പാപ്പാ പറയുന്നു. തോമസിന്റെയുള്ളിൽ നിറഞ്ഞ രഹസ്യത്തെ അറിഞ്ഞ് ക്രിസ്തു വന്നത് പോലെ നമ്മുടെ ആന്തരികമായ രഹസ്യങ്ങളെ അറിഞ്ഞ് അവൻ നമ്മുടെ ഉള്ളിൽ സ്നേഹത്തിന്റെ അടയാളവുമായി എത്തും. അപ്പോൾ നമ്മുടെ ഉള്ളിൽ നിന്ന് ഒരു നെടുവീർപ്പോടെ നാം വിളിച്ചു പറയണം എന്റെ കർത്താവേ! എന്റെ ദൈവമേ!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles