സാഹോദര്യത്തിന്റെ സാക്ഷ്യത്തിലൂടെ യേശുവിനെ പ്രഘോഷിക്കുക: ഫ്രാൻസിസ് പാപ്പാ

“അനന്തരം, കർത്താവ് വേറെ എഴുപത്തിരണ്ടുപേരെ തിരഞ്ഞെടുത്ത്, താൻ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും, നാട്ടിൻപുറങ്ങളിലേക്കും ഈ രണ്ടു പേരായി അവരെ തനിക്ക് മുൻപേ അയച്ചു”
(ലൂക്കാ 10: 1).

വിശുദ്ധ ലൂക്കായുടെ സുവിശേഷം പത്താം അദ്ധ്യായം ഒന്നുമുതൽ പന്ത്രണ്ടു വരെയും, പതിനേഴുമുതൽ ഇരുപതു വരെയും ഉള്ള വാക്യങ്ങളിൽ, യേശു എഴുപത്തിരണ്ട് പേരെ, താൻ പോകാനിരുന്ന ഇടങ്ങളിലേക്ക്, ഈരണ്ടു പേർ വീതമായി അയക്കുന്നതും, അവർ തങ്ങളുടെ ദൗത്യനിർവ്വഹണത്തിന് ശേഷം തിരികെ വരുന്നതുമായ കാര്യങ്ങൾ വിവരിക്കുന്ന ഭാഗം ഉൾക്കൊള്ളുന്ന തിരുവചനങ്ങളെ അടിസ്ഥാനമാക്കിയുള്ള പാപ്പായുടെ പ്രഭാഷണം

ശിഷ്യന്മാരെ ഒറ്റയ്ക്കല്ല, രണ്ടുപേർ വീതമാണ് അയച്ചത്. രണ്ടുപേർ വീതം മിഷനറി ദൗത്യത്തിന് പോകുന്നത്, പ്രായോഗികമായ വീക്ഷണത്തിൽ ഗുണങ്ങളെക്കാൾ കൂടുതൽ ദോഷങ്ങളാണ് ഉണ്ടാക്കുകയെന്ന് തോന്നിയേക്കാം.രണ്ടുപേരും തമ്മിൽ ഒത്തുപോകാതിരുന്നേക്കാമെന്ന അപകടസാധ്യതയുണ്ട്, വ്യത്യസ്ത വേഗതയാകാം അവർക്കുള്ളത്, കൂടെയുള്ള ആളെക്കൂടി തന്റെ യാത്ര നിറുത്താൻ നിർബന്ധിതനാക്കുന്ന വിധം ഒരാൾ യാത്രാവേളയിൽ ക്ഷീണിതനായേക്കാം, അസുഖബാധിതനായേക്കാം. എന്നാൽ മറിച്ച്, ഒറ്റയ്ക്കാണെങ്കിൽ, യാത്ര കൂടുതൽ വേഗതയുള്ളതും, തടസങ്ങളില്ലാത്തതായും തോന്നും. എന്നാൽ യേശു അപ്രകാരമല്ല ചിന്തിക്കുന്നത്: തനിക്ക് മുൻപേ അയക്കുന്നത്, ഒറ്റയ്ക്കായിരിക്കുന്നവരെയല്ല, മറിച്ച് ഈരണ്ടുപേരായി പോകുന്ന ശിഷ്യന്മാരെയാണ്. നമുക്ക് സ്വയം ഒരു ചോദ്യം ചോദിക്കാം. കർത്താവിന്റെ ഇപ്രകാരമുള്ള ഒരു തിരഞ്ഞെടുപ്പിന്റെ കാരണം എന്താണ്?

ഒരുമിച്ച് സഞ്ചരിക്കുന്ന ശിഷ്യന്മാർ

ഗ്രാമങ്ങളിലേക്ക് മുൻപേ പോയി യേശുവിനെ സ്വീകരിക്കാനായി ആളുകളെ ഒരുക്കുക എന്നതാണ് ശിഷ്യന്മാരുടെ ചുമതല; അവൻ അവർക്ക് നൽകുന്ന നിർദ്ദേശങ്ങൾ അവർ എന്ത് പറയണം എന്നതിനെക്കുറിച്ചല്ല, മറിച്ച് അവർ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചാണ്; അവർ വായിച്ചറിയിക്കേണ്ട സഹായഗ്രന്ഥത്തെക്കുറിച്ചല്ല, മറിച്ച് അവരുടെ ജീവിതസാക്ഷ്യത്തെക്കുറിച്ചാണ്; പറയേണ്ട വാക്കുകളെക്കുറിച്ചല്ല, നൽകേണ്ട സാക്ഷ്യത്തെക്കുറിച്ചാണ്. വാസ്തവത്തിൽ, അവൻ അവരെ ജോലിക്കാർ എന്ന് നിർവചിക്കുന്നു: അതായത്, ജോലി ചെയ്യാനായി, തങ്ങളുടെ പെരുമാറ്റരീതിയിലൂടെ സുവിശേഷം അറിയിക്കാനായി, വിളിക്കപ്പെട്ടവരാണവർ. തങ്ങളുടെ ദൗത്യം നിർവഹിക്കുന്നത്തിന്റെ മൂർത്തമായ പ്രവർത്തനമായി ശിഷ്യന്മാർ ചെയ്യുന്ന ആദ്യകാര്യം, ഈരണ്ടുപേർ വീതം പോകുക എന്നതുതന്നെയാണ്- ശിഷ്യന്മാർ “സ്വന്തം ഇഷ്ടപ്രകാരം സംസാരിക്കുന്നവർ”, അതായത്, മറ്റൊരാൾക്ക് സംസാരിക്കാൻ അനുവാദം കൊടുക്കാത്ത ആളുകളല്ല. എല്ലാറ്റിലുമുപരിയായി ഒരുമിച്ചു നിൽക്കുവാനുള്ള കഴിവും, പരസ്പരം ബഹുമാനിക്കുന്നതും, തങ്ങൾ മറ്റുള്ളവരെക്കാൾ മെച്ചമാണെന്ന് തെളിയിക്കാൻ പരിശ്രമിക്കാതിരിക്കുന്നതും, എപ്പോഴും ഒരേ ഗുരുവിനെക്കുറിച്ചുള്ള ഏകകണ്ഠമായ പരാമർശവും ഒക്കെ ചേരുന്ന, ശിഷ്യന്മാരുടെ ജീവിതം തന്നെയാണ് സുവിശേഷം അറിയിക്കുന്നത്.

വ്യക്തിപരമായ വിജയവും യഥാർത്ഥ സാക്ഷ്യവും

എല്ലാം തികഞ്ഞ അജപാലന പദ്ധതികൾ വിപുലീകരിക്കാൻ നമുക്ക് സാധിച്ചേക്കും, നന്നായി തയ്യാറാക്കിയ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചേക്കും, ചെറിയ വിശദാംശങ്ങൾ വരെ ക്രമീകരിക്കാനായേക്കാം; നിങ്ങൾക്ക് ധാരാളം സാമ്പത്തികസഹായങ്ങളും ജനക്കൂട്ടത്തെ വിളിച്ചുകൂട്ടാനുള്ള കഴിവും, ഉണ്ടായേക്കാം, എന്നാൽ നിങ്ങൾക്ക് സാഹോദര്യത്തിന്റെ മനോഭാവം ഇല്ലെങ്കിൽ, സുവിശേഷദൗത്യം പുരോഗമിക്കില്ല. ഒരിക്കൽ, ഒരു മിഷനറി ഒരു സഹമിഷനറിയുമായി ആഫ്രിക്കയിലേക്ക് പോയതിനെക്കുറിച്ച് പറയുകയായിരുന്നു. കുറച്ച് നാളുകൾക്ക് ശേഷം, അദ്ദേഹം മറ്റെയാളിൽ നിന്ന് വേർപിരിഞ്ഞ്, ഒരു ഗ്രാമത്തിൽ സമൂഹത്തിന്റെ നന്മയ്ക്കായി നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ വിജയകരമായി നടത്തികൊണ്ട് ജീവിച്ചു.. എല്ലാം നന്നായി നടന്നുവരികയായിരുന്നു. എന്നാൽ ഒരു ദിവസം അയാൾക്ക് ഒരു വീർപ്പുമുട്ടൽ പോലെ തോന്നി: തന്റെ ജീവിതം, എപ്പോഴും പണിസ്ഥലങ്ങളിലും, കണക്കുകളുടെ പേപ്പറുകൾക്കും നടുവിലുള്ള, ഒരു നല്ല സംരംഭകന്റെ ജീവിതം ആയിരുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി, “പക്ഷേ…” ഒരു “പക്ഷേ” അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ക്രയവിക്രയങ്ങളൊക്കെ അല്മയരായ മറ്റ് ആളുകൾക്ക് വിട്ടുകൊടുത്ത് സഹോദരമിഷനറിക്കൊപ്പം ചേർന്നു. കർത്താവ് തന്റെ ശിഷ്യന്മാരെ “ഈരണ്ടു പേർ വീതം” അയച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം മനസ്സിലാക്കി: സുവിശേഷ ദൗത്യം വ്യക്തിപരമായ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, അതായത്, “ചെയ്തുകൂട്ടുക” എന്നതിനെ അടിസ്ഥാനമാക്കിയല്ല, മറിച്ച്, ഒരുമിച്ചുള്ള ജീവിതം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾക്കിടയിലും മറ്റുള്ളവർക്ക് നൽകുവാൻ സാധിക്കുന്ന സഹോദരസ്നേഹത്തിന്റെ സാക്ഷ്യത്തിൽ അടിസ്ഥാനമാക്കിയുള്ളതാണ്.

നമ്മുടെ സാക്ഷ്യം എപ്രകാരമാണ്?

അതുകൊണ്ട് നമുക്ക് സ്വയം ചോദിക്കാം: സുവിശേഷത്തിന്റെ സുവാർത്ത മറ്റുള്ളവരുമായി നാം എപ്രകാരമാണ് പങ്കുവയ്ക്കുന്നത്? സാഹോദര്യമനോഭാവത്തോടും ശൈലിയോടും കൂടിയാണോ അതോ ലോകത്തിന്റേതായ രീതിയിൽ പ്രാമുഖ്യമനോഭാവത്തോടും, മത്സരേശ്ചയോടും, കാര്യപ്രാപ്‌തീവൈഭവം മുൻനിറുത്തിയുമാണോ? നമുക്ക് മറ്റുള്ളവരുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള കഴിവുണ്ടോ, ഒരുമിച്ച് തീരുമാനമെടുക്കാൻ അറിയാമോ, ചുറ്റുമുള്ളവരെ ആത്മാർത്ഥമായി ബഹുമാനിക്കുകയും അവരുടെ കാഴ്ചപ്പാടുകൾ കണക്കിലെടുക്കുകയും ചെയ്തുകൊണ്ട്, ഒറ്റയ്ക്കല്ലാതെ, ഒരു സമൂഹമായാണോ നാം അത് ചെയ്യുന്നത്? വാസ്തവത്തിൽ, എല്ലാറ്റിനുമുപരിയായി, ഇപ്രകാരം ശരിയായ രീതിയിൽ ഗുരുവിനെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞുകൊടുത്തുകൊണ്ടാണ്, ശിഷ്യൻ തന്റെ ജീവിതത്തിലൂടെ ഗുരുവിന്റെ ജീവിതത്തെ വെളിപ്പെടുത്തുന്നത്.

പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം

സാഹോദര്യത്തിന്റെ സാക്ഷ്യത്തോടെ കർത്താവിനുള്ള വഴിയൊരുക്കാൻ സഭാമാതാവായ കന്യകാമറിയം നമ്മെ പഠിപ്പിക്കട്ടെ..


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles