ദൈവനാമത്തില്‍ കുറ്റം ചെയ്യുന്നത് ദൈവദൂഷണം തന്നെ! – ഫ്രാന്‍സിസ് പാപ്പ
തങ്ങള്‍ ചെയ്യുന്ന കുറ്റങ്ങളെ ന്യായീകരിക്കാന്‍ ദൈവനാമം ഉപയോഗിക്കുന്നത് ഏറ്റവും വലിയ ദൈവദൂഷണം ആണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരം ദുഷ്പ്രവണതയ്‌ക്കെതിരെ പോരാടാന്‍ മതനേതാക്കള്‍ മുന്നോട്ടു വരണമെന്ന് പാപ്പാ ആവശ്യപ്പെട്ടു.
‘കൊലപാതകത്തെയും കൂട്ടനരഹത്യകളെയും അടിമത്വവല്‍ക്കരണത്തെയും ചൂഷണത്തെയും എല്ലാത്തരം അടിച്ചമര്‍ത്തലുകളെയും ന്യായീകരിക്കാന്‍ ദൈവത്തെ വിളിക്കുന്നതും ദൈവദൂഷണമാണെന്ന് യഥാര്‍ത്ഥ മതവിശ്വാസി അറിയുന്നു. ദൈവം പരിശുദ്ധനാണെന്നും അവിടുത്തെ നാം തിന്മ പ്രചരിപ്പിക്കാനും നടപ്പാക്കാനും ഉപയോഗിക്കരുതെന്നും ശരിയായ മതവിശ്വാസി അറിയുന്നു’ മാര്‍പാപ്പാ പറഞ്ഞു.
‘ഓരോ മനുഷ്യജീവനും വിശുദ്ധമാണെന്ന് നാം നിരന്തരമായ പരിശ്രമത്തിലൂടെ കാണിച്ചു കൊടുക്കണം. മനുഷ്യജീവന്‍ കരുണയോടും ഐക്യത്തോടും കൂടി ആദരിക്കപ്പെടുകയും വിലമതിക്കപ്പെടുകയും വേണം’ പാപ്പാ കൂട്ടിച്ചേര്‍ത്തു.
‘മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതിനെ നാം നിരാകരിക്കണം. മതത്തിന്റെ പേരിലുള്ള എല്ലാത്തരം വെറുപ്പിനെയും തുറന്നു കാണിക്കുകയും അവ ദൈവത്തിനെതിരായ നിന്ദയായി അപലപിക്കുകയും വേണം,’ പാപ്പാ പറഞ്ഞു.