ഉയിര്‍ത്തെഴുന്നേല്‍പ്പ് ചരിത്രത്തിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി; മാനവ ചരിത്രത്തിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഭവം യേശു ക്രിസ്തുവിന്റെ ഉത്ഥാനം ആണെന്ന് ഫ്രാന്‍സിസ് പാപ്പാ. മനുഷ്യന് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ് സംഭവിച്ചത്, പാപ്പാ പറഞ്ഞു.
നമ്മുടെ പ്രത്യാശയായ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു! അവിടുന്നില്‍ നമ്മളും ഉത്ഥാനം ചെയ്തിരിക്കുന്നു. മരണത്തില്‍ നിന്ന് ജീവനിലേക്ക്, പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് സ്‌നേഹത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നാം കടന്നു പോയി, പാപ്പാ പറഞ്ഞു.
വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ പരമ്പരാഗത ഈസ്റ്റര്‍ പ്രാര്‍ത്ഥനയായ റെജീന ചേളി ചൊല്ലുന്നതിന് മുമ്പ് സംസാരിക്കുകയായിരുന്നു പാപ്പാ.
ഉത്ഥിതനായ ക്രിസ്തു നമ്മോടൊപ്പം നടക്കുന്നുണ്ട്. അവിടുത്തെ വിളിച്ചപേക്ഷിക്കുന്നവര്‍ക്കും അവിടുത്തെ സ്‌നേഹിക്കുന്നവര്‍ക്കും അവിടുന്ന് സ്വയം വെളിപ്പെടുത്തി കൊടുക്കുന്നു. ആദ്യം പ്രാര്‍ത്ഥനയില്‍ വെളിപ്പെടുത്തുന്നു. പിന്നെ വിശ്വാസത്തോടും നന്ദിയോടേയുമുള്ള ചെറിയ സന്തോഷങ്ങളിലും, പാപ്പാ വിശദമാക്കി.