മാന്ത്രിക പരിഹാരവുമായി വരുന്നവരെ സൂക്ഷിക്കുക: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍: താല്ക്കാലികമായ സന്തോഷം വാഗ്ദാനം ചെയ്തു കൊണ്ടും കുറച്ചു കാലത്തേക്ക് വിജയം നല്‍കാമെന്നു പറഞ്ഞു കൊണ്ടും വരുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ഫ്രാന്‍സിസ് പാപ്പായുടെ മുന്നറിയിപ്പ്. പെട്ടെന്നുള്ള വലിയ ലാഭം, മാന്ത്രിക പരിഹാരങ്ങള്‍ എന്നിവയെല്ലാം വാഗ്ദാനം ചെയ്തു കൊണ്ട് ഇക്കൂട്ടര്‍ നമ്മെ സമീപിക്കും. അവയ്ക്ക് കീഴ്‌പ്പെട്ടാല്‍ നാം വിഗ്രഹാരാധനയിലേക്ക് കൂപ്പുകുത്തുകയാവും ചെയ്യുന്നത്, പാപ്പാ താക്കീത് ചെയ്തു.
സുവിശേഷഭാഗ്യങ്ങളെ കുറിച്ചുള്ള വചന ഭാഗം വായിച്ചു വ്യാഖ്യാനിക്കുകയായിരുന്നു, പരിശുദ്ധപിതാവ്. പെട്ടെന്നുള്ള നേട്ടങ്ങളും താല്ക്കാലിക സന്തോഷങ്ങളും മാന്ത്രിക പ്രശ്‌നപരിഹാരങ്ങളുമെല്ലാം നമ്മെ സത്യദൈവത്തില്‍ നിന്ന് അകറ്റുന്നു.
എന്നാല്‍ യേശു നമുക്ക് വാഗ്ദാനം ചെയ്യുന്നത് നിത്യമായ സൗഭാഗ്യമാണ്. പാവപ്പെട്ടവരെയും വിശക്കുന്നവരെയും വേദനിക്കുന്നവരെയും പീഡിതരെയുമാണ് യേശു ഭാഗ്യവാന്‍മാര്‍ എന്ന് വിളിക്കുന്നത്. ധനികരും വയറ് നിറയെ ഭക്ഷണം കഴിച്ചവരും ചിരിക്കുന്നവരുമെല്ലാം യേശുവിന്റെ ഭാഷയില്‍ നാശത്തിലേക്ക് പോകുന്നവരാണ്, പാപ്പാ വിശദമാക്കി.