ക്രിസ്ത്യാനികള്‍ യേശു എന്ന സത്യത്തിന് സാക്ഷ്യം വഹിക്കണം: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍: അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കുക മാത്രമല്ല ക്രിസ്ത്യാനികളുടെ കര്‍ത്തവ്യം, മറിച്ച് യേശു ക്രിസ്തു എന്ന സത്യത്തിന് ജീവിതകാലം മുഴുവന്‍ സാക്ഷ്യം വഹിക്കാനുള്ള ഉത്തരവാദിത്വം കൂടിയുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ. കള്ളസാക്ഷ്യം പറയരുത് എന്ന എട്ടാം പ്രമാണത്തെ വിശദീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു, പാപ്പാ.
‘നമുക്ക് നമ്മോട് തന്നെ ചോദിക്കാം,’ പാപ്പാ പറഞ്ഞു, ‘നമ്മുടെ പ്രവര്‍ത്തികളും വാക്കുകളും തെരഞ്ഞെടുപ്പുകളും കൊണ്ട് നാം എന്ത് സത്യത്തിനാണ് സാക്ഷ്യം വഹിക്കുന്നത്? ഓരോരുത്തരും സ്വയം ചോദിക്കണം, ഞാന്‍ സത്യത്തിന് ദൃക്‌സാക്ഷിയാണോ? അതോ സത്യവാനെ പോലെ അഭിനയിക്കുന്ന നുണയനോ?’
‘യേശു ക്രിസ്തു എന്ന വ്യക്തിയിലാണ് സത്യം അതിന്റെ പൂര്‍ണ അവസ്ഥയില്‍ വെളിപ്പെട്ടത്. അവിടുത്തെ ജീവിതം കൊണ്ടും മരണം കൊണ്ടും പിതാവുമായുള്ള ബന്ധത്തിലും അവിടുന്ന് സത്യത്തെയാണ് ആവിഷ്‌കരിച്ചത്. ദൈവമക്കളെന്ന നിലയില്‍ അതേ സത്യം നമുക്ക് പരിശുദ്ധാത്മാവ് വഴി കരഗതമായിരിക്കുന്നു. സത്യത്തിന്റെ ആത്മാവാണ് പരിശുദ്ധാത്മാവ്’ പാപ്പാ വിശദീകരിച്ചു.
തന്റെ ഓരോ പ്രവര്‍ത്തികള്‍ കൊണ്ടും മനുഷ്യന്‍ സത്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നു. സത്യത്തെ നുണയായി ചിത്രീകരിക്കുതിനെ എട്ടാം പ്രമാണം വിലക്കുന്നു.
തുടര്‍ന്ന് പരദൂഷണത്തിന്റെ അപകടകരമായ സ്വാധീനത്തെ കുറിച്ച് പാപ്പാ വിശദീകരിച്ചു. പരദൂഷണം ബോംബിടുന്നതു പോലെ സംഹാരശക്തിയുള്ളതാണ്. ‘ശ്രദ്ധിക്കുക! എന്തൊരു വിനാശമാണ് പരദൂഷണം കൊണ്ടു വരുന്നത്!’ പാപ്പാ ഓര്‍മപ്പെടുത്തി.
അഭിലാഷ് ഫ്രേസര്‍