നിത്യജീവന്റെ അനശ്വര വസ്ത്രം സ്വന്തമാക്കാൻ അദ്ധ്വാനിക്കുക: ഫാ. സേവ്യർ ഖാൻ വട്ടായിൽ
ഫാ. ബിജു കുന്നക്കാട്ട്
പ്രെസ്റ്റൺ: അനുദിന ജീവിതത്തിന്റെ നിസ്സാര കാര്യങ്ങളിൽ കൂടുതൽ ആകുലരും വ്യഗ്രചിത്തരുമാകാതെ നിത്യജീവന്റെ അനശ്വര വസ്ത്രം സ്വന്തമാക്കാനാണ് ഓരോരുത്തരും അദ്ധ്വാനിക്കേണ്ടതെന്ന് ഫാ. സേവ്യർ ഖാൻ വട്ടായിൽ. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ഒരുക്കുന്ന ദ്വിതീയ ബൈബിൾ കൺവെൻഷന്റെ മൂന്നാം ദിനം പ്രെസ്റ്റൺ റീജിയനിൽ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദൈവാലയത്തിൽ വചന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. റീജിയണിലെ എല്ലാ വി. കുർബാന കേന്ദ്രങ്ങളിൽ നിന്നും വൈദികരും സന്യസ്തരും അല്മായരും ഉൾപ്പെടെ നിരവധി വിശ്വാസികൾ ഈ ഏകദിന കൺവെൻഷനിൽ ആദ്യന്തം സംബന്ധിച്ചു.
ആധുനികതയുടെയും മത്സരങ്ങളുടെയും ഈ ലോകത്തിൽ നിത്യജീവന്റെ ഒരു പുതിയ സംസ്കാരം രൂപപ്പെടുത്തുകയാണ് ഓരോ ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്വമെന്ന് ദിവ്യബലിയർപ്പിച്ചു വചന സന്ദേശം നൽകിയ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. പരിഹാസകാരുടെ പീഠങ്ങളിൽ ഇരിക്കുന്നവർ നിത്യ ജീവിതത്തിൽ നിന്ന് തങ്ങളെത്തന്നെ അകറ്റുന്നു. ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഓരോ നിമിഷവും വ്യത്യസ്തങ്ങളാണ്. അത് ആ നിശ്ചയ സമയത്തിലും സ്ഥലത്തിലും നൽകുന്നതാണ്. അടുത്ത നിമിഷത്തിൽ ഇതേ അനുഗ്രഹം ലഭിക്കണമെന്നില്ല. അതിനാൽ ദൈവം തരുന്ന ഓരോ നിമിഷവും ഫലപ്രദമായി ഉപയോഗിക്കണമെന്നും മാർ സ്രാമ്പിക്കൽ കൂട്ടിച്ചേർത്തു.
കുട്ടികൾക്കായി പ്രത്യേക ശുശ്രുഷ നടന്ന ഇംഗ്ലീഷ് മാർട്ടെർസ് പള്ളി സന്ദർശിച്ചു രൂപതാധ്യക്ഷനും വട്ടായിലച്ചനും പ്രത്യേക പ്രാർത്ഥനകൾ നടത്തി. ഉച്ച കഴിഞ്ഞു റെവ. ഫാ. സോജി ഓലിക്കൽ, റെവ. ഫാ. ആന്റണി എന്നിവർ വചന ശുശ്രുഷ നയിച്ചു. ദിവ്യകാരുണ്യ ആരാധനയോടെ അഭിഷേകാഗ്നിയുടെ /അനുഗ്രഹദിനം സമാപിച്ചു.
അഭിഷേകാഗ്നിയുടെ നാലാം ദിനം ഇന്ന് ഈസ്റ്റ് ആംഗ്ലിയ റീജിയനിൽ നടക്കും. നോറിച് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലിൽ രാവിലെ ഒൻപതു മുതൽ ശുശ്രുഷകൾ ആരംഭിക്കും (Post Code: NR2 2PA). കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഒരുക്കിയിട്ടുണ്ട്. ഈസ്റ്റ് ആംഗ്ലിയ റീജിയനിലുള്ള എല്ലാ വിശ്വാസികളെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.