ക്രിസ്തുവിനായി പാടുന്ന ഡിസ്‌കോ ഡാന്‍സര്‍ ഗായകന്‍

ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ ആരംഭത്തില്‍ യൗവനവും കൗമാരവും ജീവിച്ച ആരും ഈ ഗാനം മറക്കില്ല. ഈ ശബ്ദവും മറക്കില്ല. അത്രയ്ക്ക് ഉജ്വലമായ തരംഗമാണ് ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍… എന്ന ഹിന്ദി ഗാനം ഇന്ത്യയിലെമ്പാടും ഉയര്‍ത്തി വിട്ടത്. മിഥുന്‍ ചക്രവര്‍ത്തി എന്ന നടനെ സൂപ്പര്‍താരമാക്കി ഉയര്‍ത്തിയ ആ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മറ്റൊരാളെ കൂടി ലോകപ്രശസ്തനാക്കി. വിജയ് ബെനഡിക്റ്റ് എന്ന ഗായകനെ.

ബോളിവുഡിലെ പ്രസിദ്ധ സംഗീതസംവിധാകനായ ബപ്പി ലാഹ്‌രി 1982 ല്‍ പുറത്തിറങ്ങിയ ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രത്തിനു വേണ്ടി ഈണം നല്‍കിയ ഗാനമായിരുന്നു, ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍. ചിത്രവും ഗാനവും വമ്പന്‍ ഹിറ്റുകളായി. ഇന്ത്യയിലെമ്പാടും നഗരങ്ങളിലും ഗ്രാമങ്ങളിലും യുവാക്കള്‍ ഈ ഗാനത്തിനൊപ്പം ചുവടു വച്ചു. വിജയ് ബെനഡിക്ട് രാജ്യം മുഴുവന്‍ ശ്രദ്ധേിക്കുന്ന ഗായകനായി.

പ്രശസ്തിയുടെ കൊടുമുടിയില്‍
ലണ്ടന്‍ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ വച്ച് നടന്ന സംഗീതസദസ്സില്‍ പതിനഞ്ച് മിനിറ്റു നേരം സദസ്യര്‍ വിജയിനോടുള്ള ആദരസൂചകമായ എഴുന്നേറ്റു നിന്നു. തണുത്ത ലണ്ടന്‍ രാത്രിയില്‍ ഏറെ വൈകിയും ആരാധകര്‍ വിജയിനെ ഒരു നോക്കു കാണാന്‍ കാത്തുനിന്നു.
ഡിസ്‌കോ ഡാന്‍സറിന് ശേഷം അനേകം വന്‍ ഓഫറുകള്‍ വിജയിനെ തേടി എത്തി. ലക്ഷ്മികാന്ത് പ്യാരേലാല്‍, ഉഷാ ഖന്ന, അനു മാലിക്ക് തുടങ്ങിയ പ്രസിദ്ധ സംഗീത സംവിധായകരുടെ ഈണങ്ങള്‍ പാടിയിട്ടുള്ള വിജയ് ബെനഡിക്ട് കിഷോര്‍ കുമാര്‍ ആശാ ബോസ്ലേ തുടങ്ങിയ പ്രശസ്ത പിന്നണി ഗായകര്‍ക്കൊപ്പവും അനില്‍ കപൂര്‍, ജാക്കി ഷ്രോഫ്, സണ്ണി ഡിയോള്‍, ഗോവിന്ദ, ശത്രുഘന്‍ സിന്‍ഹ തുടങ്ങിയ നായകന്‍മാര്‍ക്കു വേണ്ടിയും വിവിധ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. ഡാന്‍സ് ഡാന്‍സ്, മാ കസം, കമാന്‍ഡോ തുടങ്ങിയ അനേകം പ്രശസ്ത സിനിമകളും വിജയിന്റെ പാട്ടുകളുമായി ഇറങ്ങി. ഡാന്‍സ് ഡാന്‍സിലെ ഹല്‍വാ വാലാ ആഗയാ, എവരിബഡി ഡാന്‍സ് വിത്ത് പാപ്പാ തുടങ്ങി ഒട്ടേറെ ഗാനങ്ങളും അദ്ദേഹം പാടി പ്രശസ്തിയുടെ കൊടുമുടിയിലെത്തി. ആകെ നാല്പതോളം ചിത്രങ്ങളില്‍ വിജയ് പാടിയിട്ടുണ്ട്. ഒപ്പം ലോകമെമ്പാടും സംഗീത കോണ്‍സേര്‍ട്ടുകളുമായി അദ്ദേഹം യാത്ര ചെയ്തിട്ടുമുണ്ട്.

ക്രിസ്തുവിലേക്ക് വഴി തുറന്ന ദുരന്തം
പ്രശസ്തിയില്‍ മുങ്ങി നില്‍ക്കുമ്പോഴാണ് വിജയ് ബെനഡിക്ടിന്റെ ജീവിതത്തെ വഴിതിരിച്ചു വിട്ട ഒരു ദുരന്തം സംഭവിക്കുന്നത്. ജര്‍മനിയില്‍ താമസിക്കുകയായിരുന്ന അദ്ദേഹത്തിന്റെ സഹോദരന്‍ പെട്ടെന്നൊരു ദിവസം കൊല്ലപ്പെടുന്നത്. ഒരു ഹോട്ടലില്‍ വച്ചു നടന്ന മയക്കുമരുന്ന് ഇടപാടിന് അദ്ദേഹം സാക്ഷിയായി. പോലീസില്‍ അറിയിക്കാന്‍ പോകും വഴി അക്രമികളൊരാള്‍ അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു. എല്ലാ സുഖസൗകര്യങ്ങളുടെയും നടുവില്‍ ജീവിച്ചിരുന്ന സഹോദരന്‍ അതൊന്നും അനുഭവിക്കാനോ ആസ്വദിക്കാനോ ഇനി ഈ ഭൂമിയില്‍ ഇല്ലല്ലോ എന്ന ചിന്ത വിജയിനെ ചിന്തിപ്പിച്ചു. പ്രശസ്തിയും പണവുമെല്ലാം ഉണ്ടായിട്ടും ജീവന്‍ നഷ്ടപ്പെട്ടാല്‍ എന്തു ഫലം എന്ന ചോദ്യം അദ്ദേഹത്തിന്റെ മനസ്സിനെ അസ്വസ്ഥമാക്കി.

അങ്ങനെയിരിക്കെയാണ് വിജയ് ക്രിസ്തുവിനെ കുറിച്ച് അറിയുന്നത്. എല്ലാ അശാന്തികളും നീക്കുന്ന യഥാര്‍ത്ഥ സമാധാനം ക്രിസ്തുവില്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വിജയ് തീരുമാനിച്ചു, ഇനി ജീവിതം ക്രിസ്തുവിന് വേണ്ടി മാത്രം. അങ്ങനെ, പ്രശസ്തിയുടെയും സമ്പത്തിന്റെയും കൊടുമുടിയില്‍ നില്‍ക്കേ വിജയ് ബെനഡിക്ട് എന്ന ഇന്ത്യ കണ്ട മഹാനായ ഗായകന്‍ ബോളിവുഡിന്റെ താരപ്രഭ ത്യജിച്ച് ക്രിസ്തുവിനു വേണ്ടി ജീവിക്കാന്‍ തുടങ്ങി, ക്രിസ്തുവിനു വേണ്ടി പാടാന്‍ തുടങ്ങി.

പ്രലോഭനങ്ങളെ ജയിച്ച്
ബോളിവുഡ് പണക്കൊഴുപ്പിന്റെ സിനിമാവ്യവസായമാണ്. ബോളിവുഡിന്റെ പ്രിയപ്പെട്ട ശബ്ദമായിരുന്ന വിജയിന് മടക്കയാത്ര അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ താന്‍ ഒരിക്കല്‍ തീരുമാനം എടുത്തു കഴിഞ്ഞതിനു ശേഷം പിന്തിരിഞ്ഞു നോക്കിയിട്ടല്ലെന്ന് വിജയ് ഉറപ്പിച്ചു പറയുന്നു. ദൈവകൃപ തനിക്കതിന് ശക്തി നല്‍കി എന്നാണ് വിജയ് പറയുന്നത്. അക്കാലത്ത് മോഹിപ്പിക്കുന്ന നിരവധി ഓഫറുകള്‍ വന്നു കൊണ്ടിരുന്നു. എന്നാല്‍, ദൈവകൃപയാല്‍ അവയെല്ലാം തൃണവല്‍ഗണിച്ച് ക്രിസ്തുവിന്റെ വഴിയേ മുന്നോട്ട് പോകാന്‍ വിജയ്ക്ക് സാധിച്ചു.

സുവിശേഷ ഗായകന്‍
വിജയ് ബെനഡിക്ട് ഇന്നൊരു സുവിശേഷ ഗായകനാണ്. തന്റെ അനുപമമായ സ്വരമാധുര്യം ക്രിസ്തവിനെ മഹത്വപ്പെടുത്താനായി വിജയ് ഉപയോഗിക്കുന്നു. യേശു തൂ ഹേ മഹാന്‍… എന്ന ഗാനം ഒരു ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞു. അനേകം പള്ളി കൊയറുകളില്‍ ആ ഗാനം ഇന്ന് ഏറ്റു പാടുന്നു. യേശു ജല്‍ദി ആയേഗ, കേവല്‍ യേശു, മേരേ സഹാര മേര യേശു… തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ സുവിശേഷഗാനങ്ങളാണ്.

നാച്ചേ ഗായേ ഹം യേശു കാ നാം… എന്ന് പാടി വിജയ് ബെനഡിക്ട് നൃത്തത്തിലേക്ക് ക്ഷണിക്കുമ്പോള്‍ ഒരു കാലത്ത് ഡിസ്‌കോ നൃത്തം ചെയ്യിച്ച നാവുകള്‍ ക്രിസ്തുവിനായി നൃത്തം ചെയ്യാന്‍ ലോകത്തെ ക്ഷണിക്കുന്നതു പോലെ ആകുന്നു.
റബേക്കയാണ് വിജയ് ബെനഡിക്ടിന്റെ ഭാര്യ. റുവേല്‍, ജോവഷ് എന്നിവര്‍ മക്കള്‍. റുവേല്‍ ഗാനചരചയിതാവും സംഗീതജ്ഞനുമാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles