ദൈവത്തെ ആരാധിക്കുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എന്തെല്ലാം? -2

II –  ആരാധനകമപരിശീലനവും സജീവഭാഗഭാഗിത്വവും  

ഖണ്ഡിക – 14
എല്ലാ വിശ്വാസികളെയും ആരാധനക്രമാഘോഷത്തിലെ ബോധപൂർവകവും സജീവുമായ ഭാഗഭാഗിത്വത്തിലേക്ക് ആനയിക്കാൻ സഭാമാതാവ് തീവ്രമായി അഭിലഷിക്കുന്നു.
ആരാധനക്രമത്തിന്റെ സ്വഭാവം ഇത് ആവശ്യപ്പെടുന്നു. ഇതിലേക്ക് ക്രൈസ്തവജനത “തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തംജനവും” (1പത്രോ 2:9; 2:4-5) മാമ്മോദീസായുടെ ശക്തിയാൽ അവകാശവും കടമയും ഉള്ളവരുമാണ്. 

ആരാധനക്രമത്തിൽ എല്ലാവരും സമ്പൂർണമായും സജീവമായും പങ്കെടുക്കുക എന്നതാണ് ആരാധനക്രമനവീകരണത്തിലും പരിപോഷണത്തിലും ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം. കാരണം, വിശ്വാസികൾ ശരിയായ ക്രൈസ്തവചൈതന്യം പാനം ചെയ്യുന്ന പ്രഥമവും അവശ്യവുമായ ഉറവിടമാണത്. അതുകൊണ്ട്, എല്ലാ അജപാലനപ്രവർത്തനങ്ങളിലും യുക്തമായ ക്രമവത്കരണംവഴി ആത്മാക്കളുടെ ഇടയന്മാർ ഉത്സാഹപൂർവം ഇതിൽ ശുഷ്കാന്തി കാട്ടേണ്ടതാണ്.

ഇതു നേടുന്നതിന് ആദ്യമായി, ആത്മാക്കളുടെ ഇടയന്മാർ ആരാധനക്രമത്തിന്റെ ചൈതന്യത്താലും ശക്തിയാലും ആന്തരികമായി സാന്ദ്രീകരിക്കപ്പെടുകയും അവയിൽ പ്രവീണരാകുകയും ചെയ്യാതിരുന്നാൽ ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്തതുകൊണ്ട്, ആരാധനക്രമം സംബന്ധിച്ച വൈദികപരിശീലനം സർവപ്രധാനമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തന്നിമിത്തം ഈ പരിശുദ്ധസുനഹദോസ് തുടർന്നുവരുന്ന കാര്യങ്ങൾ തീരുമാനിക്കുന്നു.

ഖണ്ഡിക – 15
ആരാധനക്രമ അദ്ധ്യാപകരുടെ പരിശീലനം

സെമിനാരികളിലും സന്ന്യാസപരിശീലനഭവനങ്ങളിലും ദൈവശാസ്ത്ര വൈജ്ഞാനികപീഠങ്ങളിലും പഠിപ്പിക്കാൻ നിയുക്തരാകുന്നവർ അവരുടെ കർത്തവ്യത്തിനുവേണ്ടി ഇതിലേക്കു പ്രത്യേക ശ്രദ്ധയോടെ ലക്ഷ്യംവച്ചിരിക്കുന്ന പഠനകേന്ദ്രങ്ങളിൽ യഥായോഗ്യം പരിശീലിപ്പിക്കപ്പെടണം.

ഖണ്ഡിക – 16
ആരാധനക്രമപരിശീലനം

സെമിനാരികളിലും സന്ന്യാസപരിശീലനഭവനങ്ങളിലും വിശുദ്ധ ആരാധനക്രമം സംബന്ധിച്ച വിഷയം അവശ്യവും സുപ്രധാനവുമായ വിഷയങ്ങളുടെ കൂടെയും ദൈവ ശാസ്ത്രവൈജ്ഞാനികപീഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളുടെ കൂടെയും പരിഗണിക്കപ്പെടണം. മാത്രമല്ല, ദൈവശാസ്ത്രപരവും ചരിത്രപരവും ആത്മികവും അജപാലനപരവും നൈയാമികവുമായ മാനങ്ങളിൽ അതു വിശകലനം ചെയ്യപ്പെടുകയുംവേണം. മറ്റു വിഷയങ്ങളിലെ അദ്ധ്യാപകർ, പ്രത്യേകിച്ച്, ഡോഗ്മാറ്റിക്ക് തിയോളജി (സൈദ്ധാതികദൈവശാസ്ത്രം), വിശുദ്ധ ലിഖിതങ്ങൾ, ആദ്ധ്യാത്മികദൈവശാസ്ത്രം, അജപാലനദൈവശാസ്ത്രം എന്നിവ പഠിപ്പിക്കുന്നവർ, അതതുവിഷയങ്ങളുടെ പ്രത്യേകമായ ആഭ്യന്തരവിശകലനത്തിൽ മിശിഹായുടെ രഹസ്യവും രക്ഷയുടെ ചരിത്രവും അതുവഴി അവയ്ക്ക് ആരാധനക്രമത്തോടുള്ള ബന്ധവും വൈദികപരിശീലനത്തിലെ വിഷയങ്ങളുടെ പരസ്പരബന്ധവും നിതരാം വ്യക്തമാകത്തക്കവിധം ശ്രദ്ധചെലുത്തണം.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles