സൂര്യനെ ഉടയാടയാക്കിയ സ്ത്രീ

സുവിശേഷങ്ങളില്‍ ഏറ്റവും കൂടുതല്‍ പരിശുദ്ധ മറിയത്തെക്കുറിച്ച് പരാമര്‍ശിക്കപ്പെടുന്നത് യോഹന്നാന്റെ സുവിശേഷത്തിലാണ്. മാതൃസഹജമായ സ്‌നേഹത്തോടെ ആ അമ്മ യോഹന്നാന്റെ അമ്മയായി അവനോടൊത്തു വസിച്ചു. ആ അമ്മയുടെ സ്‌നേഹം പകര്‍ന്നുകൊടുത്ത് തന്റെ പുത്രനായ യേശുവിന്റെ സ്ഥാനത്ത് യോഹന്നാന് മകന്‍ എന്ന സ്ഥാനം കൊടുത്തു. കാല്‍വരിയിലെ കുരുശിന്‍ ചുവട്ടില്‍ വച്ച് യേശു തന്റെ അമ്മയെ നോക്കി പറഞ്ഞു,’ഇതാ നിന്റെ മകന്‍’. യോഹന്നാനെ നോക്കി അമ്മയെ ചൂണ്ടി പറഞ്ഞു, ‘ഇതാ നിന്റെ അമ്മ’. ഒരു മകന് തന്റെ അമ്മയോടുള്ള ഉത്തരവാദിത്വം വളരെ വലുതാണ്. തന്റെ മരണശേഷം തന്റെ അമ്മ അനാഥയാകരുതെന്നും അവള്‍ക്ക് സംരക്ഷണം ആവശ്യമാണെന്നും തിരിച്ചറിഞ്ഞ യേശു അതിനു ഏറ്റവും യോഗ്യനായ പ്രിയശിഷ്യന്‍ യോഹന്നാനെ തന്റെ അമ്മയെ ഏല്‍പ്പിച്ചു. ഈ ഭൂമിയില്‍ ജീവിക്കുന്ന നമ്മള്‍ ഭൂമിയുടെ നിയമങ്ങള്‍ അനുസരിക്കാന്‍ കടപ്പെട്ടവരാണ്. അനാഥയായ ഒരു സ്ത്രീയുടെ അവസ്ഥ തന്റെ അമ്മയ്ക്കുണ്ടാകരുതെന്ന ബോധ്യതയാണ് ഇവിടെ വ്യക്തമാകുന്നത്. ജീവിതം എന്നും ജീവിച്ചുതീര്‍ക്കാനുള്ളതാണ്. അത് അനുസ്യൂതം തുടരേണ്ടതാണ്. അതിനു സുരക്ഷിതത്വം നല്‍കേണ്ടതാണ്. ദൈവം വിളിക്കുമ്പോള്‍ നമ്മള്‍ പോകണം. അതല്ലാതെ ആത്മഹത്യയും അനാസ്ഥയും കാണിക്കുന്നത് ദൈവനീതിയല്ല. കടബാദ്ധ്യതകളും രോഗങ്ങളും അവഗണനകളും ഒക്കെ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ എല്ലാറ്റില്‍ നിന്നും ഒളിച്ചോടുന്ന പ്രവണതയാണ് ആത്മഹത്യ. ഒരു കൊച്ചു കാര്യത്തിനുപോലും സ്വയം ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ദൈവത്തില്‍ പ്രത്യാശ ഇല്ലാതെ വരുമ്പോഴാണ് ഇത്തരം ദാരുണമായ അന്ത്യങ്ങള്‍ക്ക് കാരണമാകുന്നത്. ദൈവത്തിന്റെ സ്‌നേഹം അനുഭവിച്ച ഏതൊരാള്‍ക്കും ലഭിക്കുന്ന ഏറ്റവും വലിയ വരമാണ് പ്രത്യാശ. എന്തൊക്കെയായാലും ദൈവം എന്നൊരാള്‍ കൂടെയുണ്ട് എന്നു വിശ്വസിക്കുന്നവര്‍ക്കെ പ്രത്യാശയുണ്ടാകു.

മറ്റു മൂന്നു സുവിശേഷങ്ങളില്‍ നിന്നും വ്യത്യസ്തമാണ് യോഹന്നാന്റെ സുവിശേഷം. ‘സ്‌നേഹത്തിന്റെ സുവിശേഷം’ എന്നാണ് ഇതിനെ വിളിക്കുന്നത്. യോഹന്നാന്‍ പറഞ്ഞ വചനമെല്ലാം ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ചാണ്. ഈ സ്‌നേഹത്തിന്റെ അനുഭവം തന്റെ ഗുരുവിലൂടെയും അവിടുത്തെ അമ്മയായ പരി. മറിയത്തിലൂടെയുമാണ്. ക്രിസ്തുശിഷ്യന്‍മാരില്‍ രക്തസാക്ഷിയല്ലാത്ത ഏക ശിഷ്യനാണ് വി. യോഹന്നാന്‍. നൂറ്റിയഞ്ചുവയസ്സുവരെ അദ്ദേഹം ജീവിച്ചു. അവസാനകാലത്ത് വാര്‍ദ്ധക്യസഹജമായ അനാരോഗ്യാവസ്ഥയില്‍ അവന്റെ ശിഷ്യന്‍മാര്‍ യോഹന്നാനെ സദസ്സില്‍ പിടിച്ചിരുത്തി. അവനില്‍ നിന്നു തിരുവചനങ്ങള്‍ കേള്‍ക്കാന്‍ കാത്തിരിക്കുമ്പോള്‍ യോഹന്നാന്‍ പറയുമായിരുന്ന ഒരു വാചകം ഇതുമാത്രമാണ്, ‘കുഞ്ഞുമക്കളേ നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍’. ഇങ്ങനെ മൂന്നു പ്രാവശ്യം പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുന്നു. പരി. മറിയത്തില്‍ നിന്നു ലഭിച്ച മാതൃസ്‌നേഹത്തിന്റെ പ്രചോദനമാകാം ഈ വരികളില്‍ പ്രതിഫലിക്കുന്നത്. കാരണം സ്വന്തം അനുഭവം സ്വന്തം വാക്കുകളില്‍ വ്യക്തമാകുന്നു. ‘ ആദിമുതല്‍ ഉണ്ടായിരുന്നതും, ഞങ്ങള്‍ കേട്ടതും, സ്വന്തം കണ്ണുകള്‍ കൊണ്ടു കണ്ടതും, സൂക്ഷിച്ചു വീക്ഷിച്ചതും, കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു. ജീവന്‍ വെളിപ്പെട്ടു; ഞങ്ങള്‍ അതു കണ്ടു. അതിനു സാക്ഷ്യം നല്‍കുകയും ചെയ്യുന്നു (യോഹ1-1,2)

ക്രിസ്തു അനുഭവം രണ്ടുവിധത്തിലാണ് നമ്മെ സ്വാധീനിക്കുന്നത്. ഒന്ന് ക്രിസ്തുവിന്റെ പ്രത്യക്ഷീകരണത്തിലൂടെ. അത്ഭുതങ്ങളും അടയാളങ്ങളും നല്കി ജനത്തെ വിശ്വാത്തിലേയ്ക്കു നയിക്കുന്നു. രണ്ട് ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിലൂടെ. യേശുവിനെ കണ്ടുമുട്ടുന്നില്ലെങ്കില്‍, ക്രിസ്തുവിനെ അനുഭവിക്കുന്നില്ലെങ്കില്‍ ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ നീളവും, വീതിയും, ആഴവും ഉയരവും അറിയുന്നില്ലെങ്കില്‍ കേവലം അപ്പം ഭക്ഷിച്ചു തൃപ്തരായ ജനത്തിന്റെ അവസ്ഥയായിരിക്കും നമ്മുടേത്. യോഹന്നാന്‍ ഈ സത്യം അനുഭവിച്ചറിഞ്ഞ വ്യക്തിയാണ്. അതിനു ശക്തി പകര്‍ന്നത് പരി. അമ്മയുടെ സ്‌നേഹവും സാന്നിദ്ധ്യവുമാണ്. ‘യേശുക്രിസ്തു നിങ്ങളിലുണ്ട് എന്ന് ബോധ്യമായിട്ടില്ലെ? ഇല്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ പരീക്ഷയില്‍ പരാജയപ്പെട്ടിരിക്കുന്നു( 2 കൊറി: 135).

യേശുവിന്റെ ശിഷ്യത്വത്തിലൂടെ ദൈവത്തിന്റെ സ്‌നേഹം അറിഞ്ഞ യോഹന്നാനു മാത്രമേ അവിടുത്തെ അമ്മയുടെ മാതൃസഹജമായ സ്‌നേഹപരിലാളന അനുഭവിക്കാന്‍ കഴിഞ്ഞുള്ളു. അതിനുള്ള സാക്ഷ്യപത്രമാണ് സുവിശേഷത്തിന്റെ വെളിപാട്. ആസന്നഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയെ തന്റെ ദാസന്‍മാര്‍ക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി ദൈവം ക്രിസ്തുവിനു വെളിപ്പെടുത്തി. അവന്‍ തന്റെ ദൂതനെ അയച്ച് ദാസനായ യോഹന്നാന് ഇത് വെളിപ്പെടുത്തി. അവന്‍ ദൈവത്തിനും യേശുക്രിസ്തുവിന്റെ വെളിപാടിനും താന്‍ കണ്ട സകലതിനും സാക്ഷ്യം നല്‍കി. (വെളിപാട് 1-1,2). വെളിപാട് പുസ്തകത്തിലെ ഏറ്റവും പ്രസക്തമായ ഭാഗം ഇവിടെ വിവരിക്കപ്പെടുന്നു. ‘സ്വര്‍ഗ്ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങളില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം. അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ നിലവിളിച്ചു. പ്രസവക്‌ളേശത്താല്‍ അവള്‍ ഞെരുങ്ങി. സ്വര്‍ഗ്ഗത്തില്‍ മറ്റൊരടയാളം കൂടി കാണപ്പെട്ടു. ഇതാ അഗ്നിമയനായ ഒരു സര്‍പ്പം. അതിനു ഏഴു തലയും പത്തു കൊമ്പും. തലയില്‍ ഏഴു കിരീടങ്ങള്‍. അതിന്റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു. ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു. അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളേയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന്‍ (വെളി:12്യൂ15). ഇതാണ് പരി. മറിയത്തെക്കുറിച്ചുള്ള വി. യോഹന്നാന്റെ വെളിപ്പടുത്തല്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles