കുരിശിന്റെ ഉത്ഭവം എവിടെ നിന്ന്?

ഇന്ന് നാം കാണുന്ന കുരിശ്ശ് വന്നത് പേർഷ്യയിൽ നിന്നാണ്. പേർഷ്യൻ ദേവ സങ്കല്പമനുസരിച്ച് പ്രപഞ്ചത്തിൽ രണ്ട് ശക്തികളാണുള്ളത്. നന്മയുടെതായ അഹൂറയും തിന്മയുടേതായ അഹ്രിമാനും. ഭൂമിയും അതിലെ സമസ്തവും അഹൂറിയുടേതാണ് തിന്മയുടേത് അഹ്രിമാന്റെയും. പേർഷ്യക്കാർ രൂപം കൊടുത്ത ഉപകരണമാണ് കുരിശ്. ക്രമേണ ആ ശിക്ഷാവിധി കാർത്തേജിലേക്കും ഗ്രീസിലേക്കും റോമിലേക്കും കടന്നു വന്നു. ഒളിച്ചോടി രക്ഷപെടാൻ ശ്രമിക്കുന്ന അടിമകളെയും വിപ്ലവകാരികളെയുമാണ് ഇങ്ങനെ കഴുവിലേറ്റിയിരുന്നത്.
കുറ്റവാളിയെ കഴിയുന്നത്ര അപമാനിക്കാനും കാണികളിൽ ഭീതി വളർത്താനുമാണ് പൊതു നിരത്തിലൂടെ അവരെ നടത്തിക്കൊണ്ടു പോയിരുന്നതും നഗ്നനായി പൊതു സ്ഥലത്തു തറച്ചു തൂക്കിയിട്ടിരുന്നതും. യെരുശലേം നഗര വീഥികളിലൂടെ യേശുവിനെ നടത്തിക്കൊണ്ടു പോയിരുന്നതിനു കാരണമിതാണ്. ഏതാനും നാളുകൾക്ക് മുൻപ് അതിലെ തന്നെയാണ് യഹൂദരുടെ യഥാർഥ രാജാവായി യേശു എഴുന്നള്ളിയത് ഇത്തവണ തലയിൽ ഒരു മുൾക്കിരീടം കൂടി ചാർത്തപ്പെട്ടപ്പോൾ പരിഹാസം അതിന്റെ അത്ത്യുച്ചിയിൽ എത്തുക തന്നെ ചെയ്തു.

വിധിയാളൻ എഴുതിയ കുറ്റപത്രം പരിഹാര പ്രദക്ഷിണ വേളയിൽ പ്രതിയുടെ കഴുത്തിൽക്കെട്ടിത്തൂക്കുകയോ മുൻപിൽ ഒരാൾ പിടിച്ചുകൊണ്ട് പോകുകയോ ആണ് പതിവ്. വധസ്ഥലത്തു എത്തിയാൽ ഉടനെ കുറ്റവാളിയുടെ വസ്ത്രങ്ങളെല്ലാം ഉരിഞ്ഞെടുക്കുകയും ചമ്മട്ടികൊണ്ടടിച്ചു തൊലി പൊളിക്കുകയും ചെയ്യും. അങ്ങനെ തൊലി പൊളിച്ചു അവശനാക്കിയാണ് ഒരു മാംസപിണ്ഡം പോലെ തറച്ചു തൂക്കുക എന്നാണ് ക്ലാവുസ്നെർ ( klausner ) എന്ന യഹൂദ ഗ്രന്ഥകാരൻ രേഖപ്പെടുത്തിയിരിക്കുന്നത്.

യേശുവിന്റെ ക്രൂശിക്കൽ ചടങ്ങ് ഇത്തിരി വ്യത്യസ്തമായിരുന്നു. പീലാത്തോസിന്റെ കൽപ്പനപ്രകാരം നേരെത്തെ തന്നെ യേശുവിനെ അടിച്ചു അവശനാക്കിയിരുന്നതുകൊണ്ട്, തറയ്ക്കപ്പെടുന്നതിന് മുൻപ് അടിക്കേണ്ടി വന്നില്ല. ആ അടിയുടെ ആധിക്യം മൂലമാണ് ഒറ്റയ്ക്ക് കുരിശ്ശ് വഹിക്കാൻ യേശു അശക്തനായി തീർന്നതും. സാധാരണയായി ആറുമണിക്കൂറുകൾക്ക് ശേഷമാണ് ക്രൂശിതൻ മരണവെപ്രാളം കാണിക്കാൻ തുടങ്ങുന്നതെങ്കിലും യേശു മൂന്നു മണിക്കൂറിനകം മരണപ്പെട്ടുപോയി. പതിവിലേറെ അടിക്കപ്പെട്ടതുകൊണ്ടും കൈകാലുകൾ ആണികളാൽ തറച്ചു തൂക്കപ്പെട്ടതുകൊണ്ടും അതിനുമുമ്പേതന്നെ മരണാസന്നനായിരുന്നതുകൊണ്ടുമാണ് അങ്ങനെ സംഭവിച്ചത്.

ഒരു കാലത്ത് സഹ ജീവിയെ പീഡിപ്പിക്കുവാൻ മനുഷ്യൻ നിർമിച്ച ഏറ്റവും മൃഗീയമായ മാർഗത്തിന് പകരമാണ് കുരിശ്ശ്. ഇതുവരെ ഇതിലും കടോരമായതൊന്നും കണ്ടുപിടിക്കാൻ മനുഷ്യബുദ്ധിക്ക് സാധിച്ചിട്ടില്ല. സാഡിസം അതിന്റെ പരകോടിയിൽ എത്തിയവേള. അതുകൊണ്ടാണ് അക്കാലത്തെ റോമൻ സെനേറ്ററായിരുന്ന സീസറുപോലും അതിനെ ” Cruel and Most Horrible Terror” എന്ന് വിശേഷിപ്പിച്ചത്. അൽപ്പം കൂടി വ്യക്തമായ ചിത്രം ക്ലവുസ്‌നറുടേതാണ്. ” Crucifixion is the most terrible and cruel death which man has ever devised for taking vengreance on his fellow men ” ശരീരത്തിൽ നിന്നും ജീവൻ വേർപെടുത്തുന്നതിനു മുൻപ് ഒരു മനുഷ്യനെ എന്തുമാത്രം പീഡിപ്പിക്കാൻ കഴിയും? അതിന്റെ ഉത്തരമായിരുന്നു കുരിശ്ശ്.

ക്രൂശിതന്റെ വേദന വാക്കുകൾക്ക് അതീതമാണ്. പലദിവസങ്ങളോളം ക്രൂശിതൻ ജീവനോടെ കഴുമരത്തിൽ കിടന്നു പിടയും. വിശപ്പും ദാഹവും കലശലായി അനുഭവപ്പെടും. ശ്വാസം മുട്ടൽ മൂലം മരണവെപ്രാളം കാണിച്ച അവൻ അലമുറിയിടും. അങ്ങനെ പിടയുന്ന വേളയിൽ കൈകൾ ആണിപ്പഴുതുകളിൽ അമരുന്നതുകൊണ്ടുണ്ടാകുന്ന വേദന അവർണ്ണനീയമായിരിക്കും. രക്തം വാർന്നുകൊണ്ടേയിരിക്കും.

അടിച്ച് അവശനാക്കപ്പെട്ട ആ വികൃത രൂപം വെയിലേറ്റു വാടുകയും തണുപ്പിൽ വിറച്ചു തുളളുകയും ചെയ്യും. ഇതിനെല്ലാമുപരിയാണ് ക്ഷുദ്രജീവികളുടെ ആക്രമണം. ഈച്ചയും കൊതുകും മറ്റും അരിച്ചുകയറും. കാക്കകളും കഴുകന്മാരും ആ നഗ്ന ശരീരം കൊത്തിപ്പറിച്ചുതിന്നും. അവിടെയൊക്കെ നിസ്സാഹായനായി നിലവിളിക്കാനേ ആ ബന്ധനസ്ഥന് കഴിയൂ.

എന്തിനാണ് ദൈവപുത്രനായ യേശു ഇത്ര വലിയ സഹന ദാസനായി മാറിയത് ? മനുഷ്യരക്ഷ സാധിക്കുവാൻ അതിലൊരംശം മാത്രം ധാരാളം മതിയാകുമായിരുന്നില്ലേ? ഏറ്റവും മൃഗീയമായ മർദ്ദനമുറ അതിന്റെ പരകോടിയിൽ അവിടുന്ന് ഏറ്റുവാങ്ങുകയായിരുന്നു. സഹനത്തിന്റെ കാര്യത്തിൽ പോലും തന്റെ മുൻപിൽ ഒരു ജഡവും അഹങ്കരിക്കരുതെന്ന് അവിടുന്ന് അഭിലക്ഷിച്ചിട്ടുണ്ടാവണം. അതോടൊപ്പം വേദനയുടെ വിലയും മൂല്യവും കൂടി അവിടുന്ന് വെക്തമാക്കുകയായിരുന്നു.

“ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാവരെയും എന്നിലാകർഷിക്കും” (ജോൺ 12 : 33 ).
മനുഷ്യന്റെ വേദനയുടെയും സഹനത്തിന്റെയും അർഥവും അനിവാര്യതയും ഇത്രയേറെ വ്യക്തമാക്കുവാൻ വേറൊരു സിദ്ധാന്തത്തിനും തത്ത്വ സംഹിതയ്ക്കും സാധ്യമല്ല. എല്ലാവരാലും അപമാനിതനാകാൻ വേണ്ടിയാണ് നഗ്നനായ ക്രൂശിതൻ ഉയർത്തപ്പെട്ടിരുന്നതെങ്കിൽ എല്ലാവരുടെയും അപമാനം മാറ്റുവാൻ യേശു അത് സ്വീകരിച്ചത്. വിരൂപനായ ക്രൂശിതനെ കണ്ടു ഭയന്ന് എല്ലാവരും തെറ്റുകളിൽ നിന്ന് ഒഴിവായിക്കൊള്ളണമെന്നായിരുന്നുവെങ്കിൽ, യേശു ആകട്ടെ എല്ലാവരുടെയും തെറ്റുകൾക്ക് പരിഹാരമാവുകയായിരുന്നു. എല്ലാവരും കാണുവാൻ വേണ്ടിയാണ് കുറ്റവാളികൾ ഉയർത്തപ്പെട്ടിരുന്നതെകിൽ, എല്ലാവരെയും കാണുവാൻ വേണ്ടിയാണ് യേശു ഉയർത്തപ്പെട്ടത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles