കര്‍മല മാതാവിനെ പറ്റി കൂടുതല്‍ അറിയാം

കത്തോലിക്കാ സഭയില്‍ പ്രബലമായൊരു മരിയഭക്തിയാണ് കര്‍മെല മാതാവിനോടുള്ള ഭക്തി. കര്‍മെല മാതാവിനോടുള്ള ഭക്തി ആദ്യമായി സ്ഥാപിച്ചത് 14 ാം നൂറ്റാണ്ടിലാണ്. കര്‍മലീത്ത സഭയുമായി ബന്ധപ്പെട്ടതാണ് ഈ മരിയഭക്തി. ക്രിസ്തുവിനു മുമ്പേ ഏലിയാ പ്രവാചകന്റെ പിന്തുടര്‍ച്ചക്കാരായ ഒരു കൂട്ടം സന്ന്യാസികള്‍ കര്‍മെല മലയില്‍ വസിച്ചിരുന്നുവെന്നാണ് കര്‍മലീത്താ സഭക്കാരുടെ വിശ്വാസം. 12 ാം നൂറ്റാണ്ടില്‍ കര്‍മലീത്താ സഭ ഈ മലയില്‍ സ്ഥാപിതമായി. 1263 ല്‍ ഇവിടെ നിര്‍മിക്കപ്പെട്ട ഒരു ആശ്രമവും പള്ളിയും കര്‍മെല മാതാവിന് സമര്‍പ്പിക്കപ്പെട്ടു.

യൂറോപ്പിലേക്ക്
ഫ്രാന്‍സിലെ രാജാവായ വി. ലൂയി 1254 ല്‍ കര്‍മെല മല സന്ദര്‍ശിച്ചതായി രേഖകളുണ്ട്. തിരികെ പോരുമ്പോള്‍ ആറ് ഫ്രഞ്ച് സന്ന്യാസികളെ അദ്ദേഹം ഒപ്പം കൂട്ടി. പാരീസിനു സമീപം പുതിയ ആശ്രമം സ്ഥാപിച്ച് അവര്‍ ജീവിക്കാന്‍ ആരംഭിച്ചു.

1291 ല്‍ ഇസ്ലാം മതക്കാരുടെ ആക്രമണത്തില്‍ അനേകം സന്ന്യാസികള്‍ കൊല്ലപ്പെടുകയും ആശ്രമം അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. വി. സൈമണ്‍ സ്റ്റോക്ക് എന്ന സന്യാസിയുടെ പ്രവര്‍ത്തന ഫലമായാണ് കര്‍മലീത്താ ചൈതന്യം യൂറോപ്പിലെമ്പാടും വ്യാപിച്ചത്. 1274 കൗണ്‍സില്‍ ഓഫ് ലിയോണ്‍ ഈ സന്ന്യാസ സഭയക്ക് അംഗീകാരം നല്‍കി.

മറിയം ധ്യാനത്തിന്റെ മാതൃക
എന്തു കൊണ്ടാണ് കര്‍മല മാതാവ് കര്‍മലീത്താക്കാരുടെ മധ്യസ്ഥയും മാതൃകയും ആയി എന്നതിന്റെ ഉത്തരം മാതാവിന്റെ ധ്യാനജീവിതമാണ്. സുവിശേഷങ്ങളില്‍ നിശബ്ദയും ധ്യാനനിരതയുമായി നാം മറിയത്തെ കാണുന്നു. കര്‍മലീത്താ സന്യാസിമാരുടെ ജീവിതരീതിയും ധ്യാനകേന്ദ്രീകൃതമാണ്. അക്കാര്യത്തില്‍ മറിയമാണ് അവര്‍ക്ക് മാതൃക.

കര്‍മലോത്തരീയം
1251 ജൂലൈ 16 ഒരു ഓര്‍മദിനമാണ്. അന്നാണ് സൈമണന്‍ സ്‌റ്റോക്കിന് പ്രത്യക്ഷയായ കര്‍മലമാതാവ് കര്‍മലോത്തരീയം സമ്മാനിച്ചത്. അക്കാലത്ത് സൈമണന്‍ സ്‌റ്റോക്ക് കര്‍മലീത്താ സഭയുടെ ജനറലായിരുന്നു. തന്റെ സഭ നേരിടുന്നു വെല്ലുവിളികളെ കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടിരിക്കുകയായിരുന്ന സൈമണന്‍ സ്‌റ്റോക്കിനെ മാതാവ് ആശ്വസിപ്പിച്ചു.
‘ഈ തിരുവസ്ത്രം സ്വീകരിക്കൂ, പ്രിയ മകനേ. ഈ വസ്ത്രം അണിഞ്ഞ് മരിക്കുന്നവര്‍ ഒരുനാളും നിത്യാഗ്‌നിയില്‍ വീഴുകയില്ല… ഇത് രക്ഷയുടെ അടയാളവും ആപത്തില്‍ സംരക്ഷണവും സമാധാനത്തിന്റെ പ്രതിജ്ഞയും ആയിരിക്കും’ എന്ന് മാതാവ് അരുള്‍ചെയ്തു.

മാര്‍പ്പാപ്പയ്ക്കുണ്ടായ ദര്‍ശനം
ജോണ്‍ ഇരുപത്തിരണ്ടാമന്‍ മാര്‍പ്പാപ്പയ്ക്കും മാതാവിന്റെ ദര്‍ശനം ഉണ്ടായതായി അദ്ദേഹം തന്നെ ഔദ്യോഗിക സന്ദേശത്തില്‍ പറയുന്നു. തവിട്ടു നിറമുള്ള ഉത്തരീയം ധരിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് മാതാവ് നല്‍കിയത്: ‘കൃപയുടെ മാതാവായ ഞാന്‍ എല്ലാ ശനിയാഴ്ചകളിലും മരണമടഞ്ഞ് ശുദ്ധീകരണത്തില്‍ ആയിരിക്കുന്നവരുടെ പക്കല്‍ ഇറങ്ങിച്ചെല്ലുകയും ഉത്തരീയം ധരിച്ചു മരിച്ചവരെ സ്വതന്ത്രരാക്കുകയും നിത്യജീവന്റെ പര്‍വതത്തിലേക്ക് അവരെ ആനയിക്കുകയും ചെയ്യും’

ഉത്തരീയത്തിന്റെ പ്രാധാന്യം
ഉത്തരീയത്തിന്റെ ഇംഗ്ലീഷ് വാക്ക് സ്‌കാപ്പുലര്‍ (ടരമുൗഹമൃ) എന്നാണ്. ലത്തീന്‍ പദമായ സ്‌കാപ്പുല എന്ന വാക്കില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. തോളില്‍ ധരിക്കുന്ന വീതി കുറഞ്ഞ വസ്ത്രം എന്ന നിലയിലാണ് സ്‌കാപ്പുല വസ്ത്രധാരണ രീതി ആദ്യകാലങ്ങളില്‍ ഉടലെടുത്തത്. സന്ന്യാസ വസ്ത്രത്തില്‍ അഴുക്ക് പറ്റാതിരിക്കാന്‍ ഒരു സംരക്ഷണം എന്ന രീതിയിലാണ് ആദ്യം ഇത് ഉപയോഗിച്ചിരുന്നതെങ്കിലും സൈമണ്‍ സ്‌റ്റോക്കിനുണ്ടായ ദര്‍ശനത്തോടെ ഇതിന് പുതിയ ഒരു അര്‍ത്ഥവും പ്രാധാന്യവും കൈവന്നു.

‘ഒരിക്കല്‍ ജപമാലയും ഉത്തരീയവും കൊണ്ട് മറിയം ലോകത്തെ രക്ഷിക്കും’ എന്ന വി. ഡോമിനിക്കിന്റെ വാക്കുകള്‍ ഈയവസരത്തില്‍ ഓര്‍മിക്കാം. കര്‍മലോത്തരീയത്തിന്റെ പ്രാധാന്യവും സന്ദേശവും താഴെ കൊടുക്കുന്നു.

ഏറ്റവും പരിപൂര്‍ണയായ ക്രിസ്തുശിഷ്യയായ മറിയത്തെ പോലെ സമര്‍പ്പണത്തോടെ ക്രിസ്തുവിനെ അനുഗമിക്കാനുള്ള സന്ദേശം ഉത്തരീയം നല്‍കുന്നു.

കര്‍മലീത്താ സമൂഹത്തിന്റെ ഭാഗമാകാന്‍ സകല വിശ്വാസികളെയും ഉത്തരീയം ക്ഷണിക്കുന്നു.

ഉത്തരീയം ധരിക്കുന്നവരെല്ലാം മറിയത്തിന്റെ സഹായത്താല്‍ നിത്യജീവിതത്തില്‍ ദൈവത്തെ മുഖാമുഖം കാണുമെന്ന് ഉത്തരീയം ഉറപ്പു തരുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles