‘നിത്യ ജീവൻ അവകാശമാക്കാൻ ദൈവവചനം സ്വന്തമാക്കണം’: ഫാ. സേവ്യർ ഖാൻ വട്ടായിൽ.

സൗത്താംപ്ടൺ കൺവെൻഷൻ പുത്തൻ അഭിഷേകമായി

 

ബോൺമൗത്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന രണ്ടാമത് അഭിഷേകാഗ്നി ഏകദിന ബൈബിൾ കൺവെൻഷന്റെ അഞ്ചാം ദിനം സൗത്താംപ്ടൺ റീജിയനിൽ നടന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, സെഹിയോൻ മിനിസ്ട്രിസ് ഡയറക്ടർ റെവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ എന്നിവർ മുഖ്യകാർമ്മികരായ തിരുക്കർമ്മങ്ങളിൽ, റീജിയണിലെ വൈദികരും സന്യാസിനികളും നിരവധി വിശ്വാസികളും പങ്കുചേർന്നു. ബോൺമൗത് ലൈഫ് സെന്ററിൽ നടന്ന കൺവെൻഷന്റെ ക്രമീകരണങ്ങൾ കൺവീനർ റെവ. ഫാ. ടോമി ചിറക്കൽമണവാളൻ, റെവ. ഫാ. ചാക്കോ പനത്തറ, കൺവെൻഷൻ കമ്മറ്റി അംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു.

വി. കുർബാന സ്വീകരിക്കുന്നതിലല്ല, വി. കുർബാനയിൽ ആയിരിക്കുന്നവൻ ആരാണന്നറിഞ്ഞു സ്വീകരിക്കുന്നതിലാണ് പ്രാധാന്യമെന്നു ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകിയ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. നിത്യജീവന്റെ നിയോഗം ലഭിച്ചവർ മാത്രമേ വി. കുർബാനയിൽ ആയിരിക്കുന്നവനെ അറിയൂ. തായ്ത്തണ്ടിനോട് ചേർന്നുനിൽക്കുന്ന ശാഖയ്ക്കു മാത്രമേ ഫലം നൽകാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിത്യജീവൻ സ്വന്തമാക്കാൻ ദൈവവചനം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന പ്രധാന പ്രഭാഷണം നടത്തിയ ഫാ. സേവ്യർ ഖാൻ വട്ടായിൽ പറഞ്ഞു. നിത്യജീവന്റെ അപ്പം വി. കുര്ബാനയാണ്. യോഗ്യതയോടെയും വേണ്ടത്ര ഒരുക്കത്തോടെയും വി. കുർബാന സ്വീകരിക്കുന്നതാണ് രക്ഷയ്ക്ക് കാരണമായി മാറുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. തുടർന്ന് വചന പ്രഘോഷണം നടത്തിയ രൂപത ഇവാഞ്ചെലൈസേഷൻ ഡയറക്ടർ റെവ. ഫാ. സോജി ഓലിക്കൽ എല്ലാ ക്രിസ്ത്യാനികൾക്കുമുള്ള വചന പ്രഘോഷണ ദൗത്യത്തെക്കുറിച്ചു ഓർമ്മിപ്പിച്ചു. കുട്ടികൾക്കായി നടന്ന പ്രേത്യേക ശുശ്രുഷയിൽ സെക്രട്ടറി റെവ. ഫാ. ഫാൻസുവ പത്തിൽ, സീറോ മലബാർ വി. കുർബാന ഇംഗ്ലീഷ് ഭാഷയിൽ അർപ്പിച്ചത് കുട്ടികൾക്ക് പുത്തൻ അനുഭവമായി.

അഭിഷേകാഗ്നി ഏകദിന കൺവെൻഷന്റെ ആറാം ദിനം ഇന്ന് ബ്രിസ്റ്റോൾ കാർഡിഫ് റീജിയനിൽ നടക്കും. ചെൽട്ടൻഹാം റേസ് കോഴ്സിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ശുശ്രുഷകൾ. വി. കുർബാന, വചനപ്രഘോഷണം, ആരാധനാ സ്തുതിഗീതങ്ങൾ, കുമ്പസാരം, ദിവ്യകാരുണ്യആരാധന തുടങ്ങിയ തിരുക്കർമങ്ങൾ പരിശുദ്ധാതമാവിന്റെ അഭിഷേകം വിശ്വാസികളിൽ നിറയ്ക്കും. മാർ ജോസഫ് സ്രാമ്പിക്കൽ, ഫാ. സേവ്യർ ഖാൻ വട്ടായിൽ. തുടങ്ങിയവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. റെവ. ഫാ. പോൾ വെട്ടിക്കാട്ട് കൺവീനറായുള്ള കമ്മറ്റിയാണ് ഒരുക്കങ്ങൾക്കു നേതൃത്വം നൽകുന്നത്. സ്വർഗീയദാനങ്ങളുടെ ഈ അനുഗ്രഹ നിമിഷത്തേക്ക് എല്ലാവരെയും പ്രാർത്ഥനയോടെ സ്വാഗതം ചെയ്യുന്നു.

 

ഫാ. ബിജു കുന്നക്കാട്ട്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles