നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായി ഈ സംരക്ഷണ പ്രാര്‍ത്ഥന ചൊല്ലൂ
ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)
കുഞ്ഞുങ്ങള്‍ക്കായി വളരെ കരുതലുള്ളവരാണ് നമ്മള്‍ മാതാപിതാക്കള്‍. കുഞ്ഞുങ്ങള്‍ പുറത്തേക്കു പോകുമ്പോഴും സ്‌കൂളില്‍ പോകുമ്പോഴും യാത്രയ്ക്കു പോകുമ്പോഴുമെല്ലാം പല മാതാപിതാക്കളും അവരെയോര്‍ത്ത് ടെന്‍ഷന്‍ ആകുന്നവരാണ്.
എന്നാല്‍ നാം നമ്മുടെ കുഞ്ഞുങ്ങളെ ദൈവതൃക്കരങ്ങളില്‍ ഭരമേല്‍പിക്കുകയാണെങ്കില്‍ അവര്‍ സുരക്ഷിതരായിരിക്കും എന്ന് ഉറപ്പാക്കാവുന്നതാണ്. നമ്മുക്ക് അവരെ സംരക്ഷിക്കാന്‍ എപ്പോഴും ഒപ്പമുണ്ടാകാന്‍ സാധിച്ചെന്ന് വരുകയില്ല. എന്നാല്‍ ദൈവം അവരെ കരുതുമ്പോള്‍ നമുക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല.
സംഖ്യയുടെ പുസ്തകത്തില്‍ നിന്ന് മനോഹരമായ ഒരു പ്രാര്‍ത്ഥന ഇവിടെ കൊടുക്കുന്നു. കത്തോലിക്കാ വൈദികര്‍ പരമ്പരാഗതമായി ഉപയോഗിച്ചു പോരുന്ന അനുഗ്രഹപൂര്‍ണമായ പ്രാര്‍ത്ഥനയാണത്. താങ്കള്‍ ഒരു പിതാവോ മാതാവോ ആണെങ്കില്‍ നിങ്ങളുടെ കുഞ്ഞുങ്ങളുടെ തലയില്‍ കൈ വച്ച് ഈ പ്രാര്‍ത്ഥന ചൊല്ലുക:
കര്‍ത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ
അവിടുന്ന് നിന്നില്‍ പ്രസാദിക്കുകയും നിന്നോട് കരുണ കാണിക്കുകയും ചെയ്യട്ടെ.
കര്‍ത്താവ് കരുണയോടെ കടാക്ഷിച്ച് നിനക്ക് സമാധാനം നല്‍കട്ടെ. (സംഖ്യ 6. 24 – 26)
ഇത്രയും പ്രാര്‍ത്ഥിച്ചിട്ട് കുഞ്ഞുങ്ങളുടെ നെറ്റിയില്‍ കുരിശ് വരച്ചിട്ട് ചൊല്ലുക: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ആമ്മേന്‍.