കോവിഡിനോട് പോരാടിയ ആതുരസേവകരെ പ്രശംസിച്ച് ഫ്രാന്സിസ് പാപ്പാ

കോവിഡ് 19 മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ആതുരസേവകർ സാമീപ്യത്തിൻറെയും ആർദ്രതയുടെയും സംസ്കൃതിയുടെ നിശബ്ദ ശിൽപ്പികളായി ഭവിച്ചുവെന്ന് മാർപ്പാപ്പാ. ഇറ്റലിയിൽ കൊറോണവൈറസിൻറെ ശക്തമായ ആക്രമണത്തിന് ഏറ്റവും കൂടുതൽ ഇരയായ ലൊംബാർദിയ പ്രദേശത്തിൻറെ പ്രസിഡൻറ്, ആ പ്രദേശത്തെയും രൂപതകളുടെയും പാദൊവയുടെയും മെത്രാന്മാർ കോവിദ് 19 മഹാമാരിക്കെതിരെ പോരാടിയ ഭിഷഗ്വരന്മാരും നഴ്സുമാരുമുൾപ്പടെയുള്ള ആതുരസേവകർ എന്നിവരടങ്ങിയ അറുപതോളം പേരടങ്ങിയ ഒരു സംഘത്തെ ശനിയാഴ്ച (20/06/20) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
മഹാമാരിയുടെ വേളയിൽ ആരോഗ്യരംഗത്തെ അടിയന്തരാവസ്ഥയെ നേരിടുന്നതിൽ ഇറ്റലിയിലെ സമൂഹത്തിൻറെ വിവിധ മേഖലകളിൽ പ്രകടമായ ഉദാരതയും അദ്ധ്വാനവും പാപ്പാ അനുസ്മരിക്കുകയും വേദനിക്കുന്നവരോടുള്ള ദൈവത്തിൻറെ സാമീപ്യം ആതുരസേവകർ സാക്ഷ്യപ്പെടുത്തിയെന്ന് പ്രസ്താവിക്കുകയും ചെയ്തു.
ഹൃദയത്തിന് ഊഷ്മളതയേകുന്ന മാനവികതയുടെ ദൃശ്യ അടയാളമായിത്തീർന്നു ആതുരസേവകരെന്ന് പാപ്പാ പ്രശംസിച്ചു. ആതുരശുശ്രൂഷയ്ക്കിടെ അവരിൽ അനേകർക്ക് കോവിദ് 19 രോഗം പടിപെടുകയും ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തതും പാപ്പാ അനുസ്മരിച്ചു.
തൊഴിൽവൈദഗ്ദ്ധ്യവും സ്നേഹത്തിൻറെ സമൂർത്താവിഷ്ക്കാരമായ പരിചരണശ്രദ്ധയും സമന്വയിപ്പിക്കാൻ ആരോഗ്യപ്രവർത്തകർക്കു സാധിച്ചുവെന്നു പാപ്പാ കൂട്ടിച്ചേർത്തു.
മഹാമാരിക്കാലാനന്തര നാളയെ കെട്ടിപ്പടുക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ അതിന് സകലരുടെയും കഠിനാദ്ധ്വാനവും ഊർജ്ജവും അർപ്പണബോധവും ആവശ്യമാണെന്ന് ഓർമ്മിപ്പിച്ചു.
വിശ്വാസികളുടെ കടമയെക്കുറിച്ച് പരാമർശിച്ച പാപ്പാ, ദൈവം നമ്മെ ഒരിക്കലും കൈവിടില്ല എന്നതിന് സാക്ഷ്യമേകുകയെന്ന ദൗത്യം വിശ്വാസികളിൽ നിക്ഷിപ്തമാണെന്ന് ഉദ്ബോധിപ്പിച്ചു.
കൂട്ടായ്മയിലും സാഹോദര്യത്തിലും ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യൻ അവനവനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രമിക്കുന്നത് ഒരു വ്യാമോഹം മാത്രമാണെന്ന് മഹാമാരിയുടെ വേളയിൽ പൂർവ്വോപരി വ്യക്തമായെന്ന് പാപ്പാ പറഞ്ഞു.
എന്നാൽ മഹാമാരി അവസാനിച്ചുകഴിഞ്ഞാൽ ഇത്തരം വ്യാമോഹത്തിൽ വീണ്ടും നിപതിക്കുകയും നമുക്ക് മറ്റുള്ളവരെ ആവശ്യമുണ്ട് അപരൻറെ സഹായം ആവശ്യമുണ്ട് എന്നത് പെട്ടെന്ന് മറക്കുകയും, നമുക്കു നേരെ കൈനിട്ടിത്തരുന്ന ഒരു പിതാവിനെ നമുക്ക് ആവശ്യമുണ്ട് എന്നത് വിസ്മരിക്കുകയും ചെയ്യുന്ന അപകടമുണ്ടെന്ന് പാപ്പാ മുന്നറിയിപ്പു നല്കുകയും ചെയ്തു.
ദൈവത്തെ വിളിച്ചപേക്ഷിക്കുക, പ്രാർത്ഥിക്കുക, ഈ പ്രാർത്ഥനയാണ് പ്രത്യാശയുടെ ആത്മാവ്, പാപ്പാ കൂട്ടിച്ചേർത്തു.
ഈ മാഹാമരിക്കാലത്ത് സ്വന്തം ജനത്തിൻറെ ചാരെ അപ്പസ്തോലിക തീക്ഷണതയോടുകൂടി ആയിരിക്കാൻ ശ്രമിച്ച എല്ലാ വൈദികരെയും പാപ്പാ അനുസ്മരിക്കുകയും അവർ ദൈവത്തിൻറെ സാന്ത്വനദായക സാന്നിധ്യത്തിൻറെ അടയാളമായി ഭവിച്ചുവെന്ന് പ്രസ്താവിക്കുകയും ചെയ്തു