സുവിശേഷ ഭാഗ്യങ്ങള്‍ യഥാര്‍ത്ഥ ക്രൈസ്തവജീവിതമാണെന്ന് മാര്‍പാപ്പാ
വത്തിക്കാന്‍: യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം ജീവിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്ന സുകൃതങ്ങളാണ് യേശുവിന്റെ അഷ്ട സൗഭാഗ്യങ്ങള്‍ എന്ന് ഫ്രാന്‍സ്സിസ് പാപ്പാ.
സുവിശേഷത്തിലെ പുതിയ വീഞ്ഞ് എന്നു പറയുന്നത് പുതിയ ജീവിതരീതിയെ സൂചിപ്പിക്കുന്നു, ക്രിസ്തീയ ജീവിതരീതിയെ. ഈ ജീവിതരീതിയെയാണ് അഷ്ട സൗഭാഗ്യങ്ങള്‍ അഥവാ സുവിശേഷ ഭാഗ്യങ്ങള്‍ എന്ന് യേശു പറയുന്നത്. ഇതിനെയാണ് പുതിയ തോല്‍ക്കുടങ്ങളില്‍ പുതിയ വീഞ്ഞ് എന്നതു കൊണ്ട് യേശു അര്‍ത്ഥമാക്കുന്നത്.
ക്രിസ്തീയ ജീവിതരീതിക്ക് ചേരാത്ത എല്ലാം നാം ജീവിതത്തില്‍ നിന്ന് നീക്കം ചെയ്യണം. മറ്റുള്ളവരെ നിന്ദിക്കുക, നീതി ചെയ്യാതെ നീതിയുടെ സംരക്ഷകരായി അഭിനയിക്കുക എന്നിങ്ങനെയുള്ള രീതികള്‍ മാറണം. ഇത് പിശാചിന്റെ രീതിയാണ്. മറ്റുള്ളവരെ കുറ്റം വിധിക്കുന്നവനാണ് പിശാച്.
ലൗകികതയും സ്വാര്‍ത്ഥതയും നിസംഗതയും എല്ലാം സുവിശേഷ രീതിക്ക് എതിരാണ്. തനിക്ക് താന്‍ തന്നെ മതി എന്ന ചിന്തയാണ് യഥാര്‍ത്ഥ ലൗകികത. അഹന്തയിലേക്ക് അത് നയിക്കുന്നു.
സ്വയം നല്ല കത്തോലിക്കരെന്ന് കരുതുകയും എന്നാല്‍ മറ്റുള്ളവരുടെ പ്രയാസങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുകയും ചെയ്യുന്നതാണ് സ്വാര്‍ത്ഥതയും നിസ്സംഗതയും. ഈ കാപട്യത്തെ യേശു ശകാരിക്കുന്നുണ്ട്, പാപ്പാ വിശദമാക്കി.
ഇതൊന്നുമല്ല ക്രിസ്തീയ ശൈലി. സൗമ്യത, എളിമ, ക്ഷമാശീലം, നീതിയോടുള്ള സ്‌നേഹം, സഹനശീലം എന്നിവയെല്ലാമാണ്് സുവിശേഷഭാഗ്യങ്ങള്‍ വച്ചു നീട്ടുന്ന ക്രിസ്തീയ മൂല്യങ്ങള്‍, പാപ്പാ വ്യക്തമാക്കി.