രോഗീശുശ്രൂഷ ചെയ്യുന്നവരോട് ഉദാരമതികളാകാന്‍ പാപ്പായുടെ ആഹ്വാനം

വത്തിക്കാന്‍: സേവനത്തില്‍ ഉദാരമതികളാകാന്‍ രോഗികളെ ശുശ്രൂഷിക്കുന്നവരോട് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. ലോക രോഗീദിനത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു, പാപ്പാ. സൗജന്യമായി നിങ്ങള്‍ക്ക് ലഭിച്ചു, സൗജന്യമായി നല്‍കുവിന്‍ (മത്താ 10: 8) എന്ന തിരുവചനം അദ്ദേഹം ഓര്‍മിപ്പിച്ചു.
ജീവന്‍ ദൈവത്തിന്റെ ദാനമാണ്. അത് വ്യക്തിപരമായ സ്വത്തായി ചുരുക്കരുത്. ആര്‍ദ്രതയും ആത്മാര്‍ത്ഥതയും നേര്‍ബുദ്ധിയും എല്ലാം രോഗികളെ ശുശ്രൂഷിക്കുമ്പോള്‍ ആവശ്യമാണ്. സ്‌നേഹിക്കപ്പെടുന്നു എന്ന അനുഭവം അവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ സാധിക്കണം, പാപ്പാ പറഞ്ഞു.
ഇന്നത്തെ നിസംഗതയുടെയും പാഴാക്കലിന്റെയും സംസ്‌കാരത്തിനിടയില്‍ സമ്മാനം എന്ന ആശയം വളരെ പ്രസക്തമാണ്. കേവലം വസ്തുക്കള്‍ നല്‍കല്‍ മാത്രമല്ല, സ്വയം നല്‍കല്‍ കൂടിയാണ് സമ്മാനം. തന്റെ ഏകജാതനെ നമുക്ക് സമ്മാനമായി നല്‍കുകയാണ് പിതാവായ ദൈവം ചെയ്തത്, പാപ്പാ വിശദീകരിച്ചു.