പേരെന്റിങ് എന്ന സ്നേഹകാവ്യം

മനുഷ്യമനസ്സ് ഏതു പ്രായത്തിലും സ്നേഹം കൊതിക്കുന്നു. എന്നാൽ, സ്നേഹം ഒരു കുഞ്ഞിന്റെ മൗലിക പോഷകമാണ്, മുലപ്പാൽ പോലെ. ആദ്യത്തെ അഞ്ചുവയസ്സ് വരെ ഓരോ കുട്ടിയും ചുറ്റുപാടിൽ നിന്നും എല്ലാം പഠിക്കുന്നു. കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും അവന്റെ മനസ്സിന്റെ ഫോക്കസ്സിൽ പതിയുന്നു. ഇനി അങ്ങോട്ടുള്ള അവന്റെ സ്വഭാവചേഷ്ടകളെല്ലാം അതിന്റെ ബഹിർസ്ഫുരണങ്ങളാണ്. കുഞ്ഞിന്റെ മനസ്സ് എന്ത് സ്വീകരിക്കണമെന്നത് നമുക്ക് തീരുമാനിക്കാവുന്നതാണ്. ആ അടിസ്ഥാനം ശാശ്വതമായിരിക്കുമെന്നത് വളരെ ഗൗരവമുള്ള സംഗതിയാണ്. ആഴമായ സ്നേഹത്തിലും കരുതലിലും വളരുന്ന കുഞ്ഞിന്റെ ആത്മവിശ്വാസവും മനഃശക്തിയും അതുല്യമാണ്.

പാരമ്പര്യവും സാഹചര്യവുമാണ് `ഊടും പാവും` പോലെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത്. അപ്പൂപ്പന്റെ നടത്തം, അപ്പന്റെ മുൻദേഷ്യം, അമ്മയുടെ യുക്തി, ചലനങ്ങൾ, അമ്മൂമ്മയുടെ ശൈലികൾ എന്നിവയുണ്ടെങ്കിൽ മാറ്റാൻ അല്പം ബുദ്ധിമുട്ടായിരിക്കും. എന്നാൽ സാഹചര്യമെന്നത് കുഞ്ഞിന്റെ ജീവിതാന്തരീക്ഷമാണ്. അതിൽ നമ്മൾ ശ്രദ്ധിക്കണം. മാതാപിതാക്കളും മറ്റുള്ളവരും കുഞ്ഞിന് നൽകുന്ന അനുഭവങ്ങളിൽ നിന്നും കുഞ്ഞു രൂപപ്പെടുന്നു. കുഞ്ഞിലേ നേരിടുന്ന തിക്തഫലങ്ങൾ അവനെ പരുക്കനാക്കിയെന്നുവരാം. വേദനിപ്പിക്കുന്ന അനുഭവങ്ങൾ അന്തരീകമുറിവുകളായി ഭവിക്കുന്നു. ഇത് മാനസീകാസ്വാസ്ഥ്യങ്ങളിലേക്കും നിരാശയിലേക്കും രോഗങ്ങളിലേക്കു തന്നെയും വഴിയൊരുക്കാം. കുട്ടിക്ക് ലഭിക്കുന്ന അതിരില്ലാത്ത സ്നേഹം ഇവയെല്ലാം മറികടക്കുന്ന മറുമരുന്നാണ്.

കുട്ടികളിൽ നന്മ വളരണമെങ്കിൽ അവർ നന്മ അനുഭവിക്കണം. ക്ഷമ ലഭിച്ചാലേ ക്ഷമ പഠിക്കൂ. കുഞ്ഞ് ആവശ്യപ്പെടുന്നത് ചെയ്തുകൊടുത്തു ആശ്വസിപ്പിക്കണം. അപ്പോഴേ നമ്മൾ പറയുന്നത് കുഞ്ഞും ചെയ്യൂ. അങ്ങനെ അനുസരണം പരിശീലിപ്പിക്കാം. കുഞ്ഞിനോട് കോപിക്കരുത്. കുഞ്ഞ് കോപിക്കാൻ പഠിക്കും. നമ്മളിൽനിന്നു തന്നെയാണ് കുഞ്ഞ് എല്ലാ ശീലങ്ങളും കണ്ടുപഠിക്കുന്നത്. ചിലപ്പോൾ, കുഞ്ഞിന് ദേഷ്യം അടക്കാനാവാതെ കയ്യിലിരിക്കുന്നത് വലിച്ചെറിഞ്ഞു നിലത്തുകിടന്നുരുളും. കോപം കുറച്ചു ശമിച്ചുകഴിയുമ്പോൾ സാന്ത്വനപ്പെടുത്തി ആവശ്യം സാധിച്ചു കൊടുക്കണം. അല്ലെങ്കിൽ കുഞ്ഞിന് നമ്മിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടും. നമ്മുടെ വിവേകവും കാര്യക്ഷമതയും കുഞ്ഞിന് അറിയാറാനായിട്ടില്ലല്ലോ. മാതാപിതാക്കളുടെ സ്നേഹക്കുറവ് കുഞ്ഞുങ്ങളിൽ വലിയ അരക്ഷിതത്വം ഉണ്ടാക്കുന്നു. എന്നാൽ, സ്നേഹനിറവ് അവരെ പൂർണ്ണരാക്കുന്നു.

സ്നേഹം ലഭിക്കാതെ വളരുന്ന കുട്ടികളിൽ പ്രായമാകുമ്പോൾ കുറ്റവാസന കണ്ടുവരുന്നു. സ്നേഹരാഹിത്യത്തിൽ വളരുന്നവരാണ് മുതിരുമ്പോൾ വഴിവിട്ടു സഞ്ചരിക്കുന്നത്; മദ്യം, മയക്കുമരുന്നുകൾ, തെറ്റായ കൂട്ടുകെട്ടുകൾ തുടങ്ങിയ വിഷക്കനികൾ തേടി സംതൃപ്തിക്കായി അലയുന്നത്. സ്നേഹദാരിദ്ര്യം കൊടുംക്രൂരസ്വഭാവത്തിലേക്കും മക്കളെ വ്യതിചലിപ്പിക്കുന്നു. ശുഷ്കമായ മനസ്സുമായി ഒന്നിലും തൃപ്തമാകാതെ അന്യതയുടെ മണലാരണ്യത്തിൽ അലഞ്ഞു തിരിഞ്ഞു ജീവിതം നിരർത്ഥകമാക്കുന്നു. ബന്ധങ്ങൾ ഇവർക്ക് ബന്ധനങ്ങൾ മാത്രം. സ്വാർത്ഥത മൂടിയ മനസുമായി ബന്ധപെടുന്നവരെയെല്ലാം നിന്ദിച്ചും ചതിച്ചും സാഹചര്യങ്ങൾ തനിക്കനുകൂലമാക്കുന്ന കേമന്മാരാകും. സ്നേഹം നുകരാത്ത ബാല്യങ്ങൾ മർക്കടമുഷ്ടിക്കാരും സാമൂഹ്യദ്രോഹികളുമായി കാലാന്തരേ മാറുന്നതിന്റെ ചിത്രമാണിത്. ലഭിക്കാത്ത സ്നേഹം നൽകാനറിയാതെ അവർ സ്വന്തം ദാമ്പത്യബന്ധത്തിൽ പരാജയപ്പെടുന്നു. സാധാരണ സംഭവിക്കാവുന്ന സംഗതികളാണിവ. തെരുവിലെറിയപ്പെടുന്ന കുഞ്ഞുങ്ങളും പിടിച്ചുകൊണ്ടുപോകുന്ന കുട്ടികളും, ഒളിച്ചോടുന്ന കുട്ടികളും അനുഭവിക്കേണ്ടി വരുന്നവ ഇതിൽ നിന്നും വിഭിന്നമല്ല.

എന്നാൽ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താൽ സ്നേഹത്തിന്റെ അമൃതബിന്ദു നുകരാൻ ഭാഗ്യം കിട്ടിയിട്ടുള്ളവർ ആ കൃപയുടെ പ്രകാശരശ്മിയിൽ ഉത്തമവ്യക്തികളായി മാറുന്നു. അതാണ് സ്നേഹമെന്ന സഞ്ജീവനി. കുട്ടികളെ സ്നേഹം നൽകി ദൈവോന്മുഖരായി വളർത്തിയാൽ ഏതു സാഹചര്യത്തിലും ശക്തിയുള്ള ഈശ്വരകരം തന്നെ നയിക്കാനുണ്ടെന്ന പ്രതീക്ഷയിൽ നന്മയിൽ ഉറച്ചു ജീവിക്കും.

അഞ്ചുവയസു വരെ കുഞ്ഞുങ്ങളെ ദൈവതുല്യം കാണണം. പിന്നീട് ശരിയായ ശിക്ഷണത്തിൽ വളർത്തണം. അംഗീകാരം കുഞ്ഞുവാവയും ആഗ്രഹിക്കുന്നു, അഭിമാനിയുമാണ്. സ്നേഹം ആവോളം നൽകി വളർത്തിയാലേ അത് തിരിച്ചു പ്രതീക്ഷിക്കേണ്ടതുള്ളൂ. നമ്മുടെ മക്കൾ വലുതായാൽ അവരുടെ വ്യക്തിത്വത്തെ നമ്മൾ മാനിക്കണം. അപ്പോഴും ബന്ധങ്ങളുടെ നിലയും വിലയും നിലനിർത്തണം. ഏതു പ്രായത്തിലും സാന്ത്വനമേകണം. സ്നേഹം നൽകിയാൽ അത് തിരിച്ചും നൽകും. മറിച്ചാണനുഭവമെങ്കിലും സ്നേഹിക്കാനേ നമുക്ക് കഴിയൂ.

സ്നേഹം നൽകുകയെന്നാൽ നമ്മെത്തന്നെ നൽകുകയെന്നാണ്. സ്നേഹം കൊടുത്തും എടുത്തും ഒരു മഹാസ്നേഹപ്രവാഹമാകുന്നതാണ് കുടുംബം. പരസ്പരസ്നേഹം നിറഞ്ഞ ഒരു കുടുംബത്തിൽ വളർന്ന ഒരു വ്യക്തി തനിക്കു ചുറ്റും ഒരു സ്നേഹസ്വർഗം സൃഷ്ടിക്കുന്നു. വ്യക്തികളുടെ മനസ്സിന്റെ ശുദ്ധീകരണത്തിന് സ്നേഹമാണ് ഒറ്റമൂലി.

കുഞ്ഞുങ്ങളെ അധികം സ്നേഹിച്ചാൽ, സ്നേഹം പ്രകടിപ്പിച്ചാൽ അവർ വഴിതെറ്റി പോകുമെന്നൊരു ധാരണ ചിലർക്കുണ്ട്. സ്നേഹം ഒളിച്ചുവെക്കാനുള്ളതല്ല. സ്നേഹം ഈശ്വരസാന്നിധ്യമാണ്. കരുണയും ക്ഷമയും നന്മയുമാണ്. ത്യാഗമാണ്, സഹനമാണ്, പ്രതീക്ഷയാണ്. പരസ്പരം വളർത്തുന്ന സ്നേഹം അനശ്വരമാണ്. ദൈവം നമ്മളിൽ വിതച്ചു വളർത്തുന്ന ദൈവസ്നേഹം ദാനമായി ലഭിച്ച മക്കൾക്ക് ആവോളം നൽകി ഈ ഭൂമിയെ സ്വർഗ്ഗമാക്കാം.

കുഞ്ഞുങ്ങളെ വളർത്തുന്ന കാലയളവിൽ എന്തെല്ലാം രസകരമായ അനുഭവങ്ങളാണ് ഉണ്ടാകുക! ഒരിക്കൽ അഞ്ചുമക്കളുമൊത്തിരിക്കുമ്പോൾ അതിലൊരാൾ ചോദിച്ചു, ഞങ്ങളിലാരോടാണ് ഏറ്റവും ഇഷ്ടം? പെട്ടെന്നെനിക്കു സങ്കടമായി. അതിലൊരാളുടെ പേര് പറഞ്ഞാൽ മറ്റു നാലുപേർക്കും വിഷമമാകും. ഏതായാലും അന്നത്തെ കുഞ്ഞുവാവ “എന്നോടാണ്” എന്ന് ചാടിപ്പറഞ്ഞു. ഞാൻ ശരിയും വച്ചു. വാവേടെ നേരെ മൂത്തയാള് “എന്നോടല്ലേ?” എന്ന് ചോദിച്ചതിനും ഞാൻ തലയാട്ടി. അപ്പോൾ അടുത്തയാൾ അടുത്തുവന്നു രഹസ്യമായി പറഞ്ഞു: “അമ്മച്ചിക്ക് മോനെയാണ് ഏറ്റവുമിഷ്ടമെന്നു മോനറിയാം. അവര് വഴക്കിടും. അതാണ് മോൻ പറയാത്തത്.” അതേ ഉറപ്പ് മൂത്ത രണ്ടുപേർക്കും ഉണ്ട്. അവർ പറഞ്ഞില്ലെന്നു മാത്രം. അതാണ് അമ്മയുടെ വിജയവും. എല്ലാവരും നമുക്ക് ഒന്നേയുള്ളൂ. അതായത്, കുഞ്ഞുവാവ ഒന്നേയുള്ളു. മൂത്തയാളും ഒന്നേയുള്ളു. ഒരു കുഞ്ഞിനെപ്പോലെയല്ല മറ്റൊന്ന്. വ്യത്യസ്തമായ വ്യക്തിത്വങ്ങൾ ! ഈശ്വരന്റെ വിവിധ മുഖരൂപങ്ങൾ. ഓരോരുത്തരെയും മുഴുവനായും പൂർണ്ണമായും നാം സ്നേഹിക്കുന്നു. അവർക്കതു അനുഭവപ്പെടുകയും വേണം. അതാണല്ലോ കുട്ടികളെ വിജയിപ്പിക്കുന്ന ശക്തി. ദൈവസ്നേഹം മക്കളിലൂടെ ലോകത്തിനു നൽകുന്നു. സ്നേഹത്തിന്റെ വിളനിലമായ കുടുംബത്തിൽ മക്കളിലൂടെ ഫലമണിയുന്ന നന്മകൾ ഭൂമിയെ പറുദീസയാക്കുന്നു.

സ്നേഹം സ്പർശനം വഴി പ്രകടിപ്പിക്കണം. സ്നേഹസ്പർശം ഒരു കുഞ്ഞിന്റെ വളർച്ചക്ക് ഏറ്റവും ആവശ്യമാണ്. വാത്സല്യം നിറഞ്ഞ സ്പർശം കുഞ്ഞിന് മാനസികമായും ശാരീരികമായും ഉണർവ്വും ഉന്മേഷവും നൽകും. പരുക്കൻ സ്പർശം കുഞ്ഞിനെ മുരടിപ്പിക്കുകയും പരുക്കനാക്കുകയും ചെയ്യുന്നു. കുഞ്ഞിനെ ചൂഷണം ചെയ്യുന്ന തെറ്ററായ സ്പർശനങ്ങൾ, പ്രവണതകൾ മനസിലാക്കാനും ഒഴിഞ്ഞുമാറാനും പ്രതികരിക്കാനും ഈ കാലയളവിൽ പ്രാപ്തരാക്കേണ്ടതുണ്ട്. സമയവും സാമീപ്യവും നൽകി സ്നേഹം വ്യയം ചെയ്യേണ്ടതുണ്ട്. ഏതു പ്രായത്തിലും കുഞ്ഞുങ്ങളെ കേൾക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ന്യായമായ ആവശ്യം സാധിച്ചുകൊടുക്കേണ്ടതുമാണ്. എന്നാൽ ഇടയ്ക്ക് “ഇല്ല” എന്ന വാക്കിനർത്ഥവും അവരെ മനസിലാക്കണം.  അനുസരണയും കൃത്യനിഷ്ഠയും ദാനശീലവും കുഞ്ഞിലേ പഠിപ്പിക്കണം.

ഒരു കാര്യം മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ചെയ്യുന്ന കുറ്റത്തിന് തക്ക ശിക്ഷയേ നൽകാവൂ. ചെറിയൊരു തെറ്റിന് അടിയും ശകാരവർഷവുമായി മനസ്സിനെ വേണ്ടതിലും കൂടുതൽ വിഷമിപ്പിക്കരുത്. കുറ്റം ചെയ്ത വ്യക്തി തന്റെ കുഞ്ഞാണെന്ന് മറക്കരുത്. കുഞ്ഞിന്റെ പ്രായത്തിലേക്കും അവസ്ഥയിലേക്കും താഴേണ്ടതുണ്ട്. നാം ശിക്ഷിക്കുന്നത് നമ്മുടെ കലിതീർക്കാനോ നഷ്ടം ഓർമ്മപ്പെടുത്താനോ ആകരുത്. തെറ്റ് മനസ്സിലാക്കി കൊടുക്കാനും ഒരു താക്കീതു എന്ന നിലയിലുമായിരിക്കണം. എപ്പോഴും തുടർമഴ പോലെ പിണങ്ങികൊണ്ടിരിക്കരുത്. “എങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കോ, പോയ് ചത്തൂടെ, എനിക്ക് കാണണ്ട” – ഇത്തരം വാക്കുകൾ താങ്ങാൻ കുട്ടിക്കാവില്ല. സ്നേഹം ലഭിക്കാതെ, ശൂന്യമായ മനസ്സിന്റെ നിരാശ കൊണ്ട് വല്ല അബദ്ധവും ചെയ്താൽ, കുഞ്ഞുങ്ങളുടെ മനസ്സ് പക്വത ആവാത്തതാണെന്നു ഓർക്കണം.

ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചു വളർത്തരുത്. ഒരു കുടുംബത്തിലെ കുട്ടികൾക്ക് ഉള്ളതെല്ലാം ഒരു പോലെ അവകാശപ്പെട്ടതാണ്.  വേർതിരിവ് അവർ തമ്മിൽ നിത്യ ശത്രുതക്ക് വഴിയുണ്ടാക്കും. അവരെ ഒന്നായി സ്നേഹത്തിൽ ഐക്യപ്പെടുത്തി വളർത്തുകയെന്നത് മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്തമാണ്. അവർ തമ്മിൽ ശണ്ഠയായാൽ അവരെ ഒരുമിപ്പിക്കേണ്ട കടമയും അവർക്കു ഉണ്ട്. അപ്പനും അമ്മയും ഒരുമയിൽ ജീവിച്ചാലേ മക്കൾ ഒത്തൊരുമയിൽ കഴിയൂ. മക്കളുടെ മുന്നിൽ വച്ച് അപ്പനുമമ്മയും കുറ്റങ്ങളുടെ കെട്ടഴിച്ചു പരസ്പരം നിന്ദിക്കരുത്. രഹസ്യമായും മക്കളോട് കുറ്റാരോപണം നടത്തരുത്. ഇത്തരം വിമർശനങ്ങൾ വളരെ ദോഷമേ ചെയ്യൂ. മക്കൾ മാതാപിതാക്കളെ അവിശ്വസിക്കുകയും ക്രമേണ അവഗണിക്കുകയും ചെയ്യും. ഈശ്വരതുല്യരായി കാണേണ്ട അവരിൽ നിന്നും മനസ്സ് അകന്നു പോകും.

മാതാപിതാക്കൾ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നതുപോലെ പരസ്പരവും ഗാഢമായി സ്നേഹിക്കണം. കലഹിക്കുന്ന മാതാപിതാക്കളുടെ കൂടെ കഴിയുന്ന കുഞ്ഞുങ്ങൾ അസ്വസ്ഥരും ബലഹീനരും ആത്മവിശ്വാസമില്ലാത്തവരും രോഗികളുമായി വളരുന്നു. വിവാഹബന്ധം വേർപ്പെടുത്തിയവരോടൊത്തു ജീവിക്കുന്ന കുട്ടികൾ അന്തർമുഖരായി കാണപ്പെടാറുണ്ട്. അവർ ചെയ്യാത്ത കുറ്റത്തിന്റെ ശിക്ഷ ഏൽക്കുന്നു. ഇത്തരം കുട്ടികൾ സമൂഹത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവം കാണിക്കുന്നു. മാതാപിതാക്കളിൽ ഒരാൾ കുടുംബവും മക്കളെയും ഉപേക്ഷിച്ചു മറ്റു ബന്ധങ്ങളിൽപെട്ട് ജീവിച്ചാൽ കുട്ടികൾ സ്വയം വെറുത്തു വികലമായ വ്യക്തിത്വം മൂലം ജീവിതം മുഴുവൻ ഉഴറിയെന്നു വരാം. അവരിൽ ചിലർ ആരെയും വിശ്വസിക്കില്ല, സ്നേഹിക്കില്ല, ആത്മഹത്യാചിന്തയിൽ വിഷമിക്കും. ചിലർ സകലതിനെയും സകലരെയും വെറുക്കുന്ന പ്രതികാരബുദ്ധികളായിമാറും. നേരെമറിച്ച്,  മാതാപിതാക്കളിലാരെങ്കിലും മരണം മൂലം അകന്നു പോയതാണെങ്കിൽ, കുട്ടികൾക്ക് ദുഃഖമുണ്ടെങ്കിലും കർമ്മനിരതരായി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകുന്നതായി കാണാം.

കുഞ്ഞിന് മാനസികമായി പോരായ്മകൾ കാണുന്നെങ്കിൽ യഥാസമയം ഒരു മാനസികഡോക്ടറെ കാണിക്കണം. ഒപ്പം സ്നേഹവും സാന്ത്വനവും ആവോളം നൽകണം. പ്രായമാനുസരിച്ചുള്ള ഭക്ഷണം ശരീരത്തിനും, വിദ്യാഭ്യാസം മനസിനും, ദൈവജ്ഞാനം ആത്മാവിനും, നല്ല പെരുമാറ്റ അഭ്യസനം ജീവിതചര്യക്കും ലഭിക്കുക കുഞ്ഞിന്റെ അവകാശമാണ്. ഏതൊരു കുഞ്ഞിനേയും അതിജീവനത്തിനു ശക്തമാക്കുകയാണ് രക്ഷിതാക്കളുടെ കടമ. അവർക്കായി സ്വത്തുവകകൾ സ്വരൂപിക്കാനായി വളർച്ചയുടെ ദിനങ്ങൾ മുരടിപ്പിക്കരുത്. പെൺകുട്ടിയെ കെട്ടിച്ചയക്കാനും, ആൺകുട്ടിക്ക് പെണ്ണ് കിട്ടാനും, വീടും ഉണ്ടാക്കുന്നതിനും അധ്വാനിക്കുന്നതിനിടയിൽ അവരുടെ ബാല്യവും പഠിത്തവും ഇരുൾ മൂടരുത്.

ജൻഡർ സംബന്ധമായ വ്യത്യാസങ്ങളോടെയോ വ്യതിരിക്ത കഴിവുകളോടെയോ ഒരു കുഞ്ഞു ജനിച്ചാൽ, അത് ദൈവത്തിന്റെ കുഞ്ഞാണെന്ന സത്യം മറക്കരുത്. കുഞ്ഞിനേയും വിധിയെയും പഴിച്ചു നിരാശരാകാതെ ക്ഷമയും കരുതലും ത്യാഗവും പരിശ്രമവും കൊണ്ട് അവരെ ശക്തിപ്പെടുത്താൻ കഴിയണം. ഒരു കുറ്റവും ചെയ്യാത്ത ആ നിസ്സഹായ ജീവിതത്തെ രക്ഷപെടുത്താൻ നോക്കണം. ദത്തെടുക്കുന്ന കുഞ്ഞിനും നൂറുശതമാനം സ്നേഹം നൽകണം. അപ്പോൾ കുഞ്ഞ് സ്വന്തമായിക്കഴിഞ്ഞു. പെറ്റതുകൊണ്ടല്ലല്ലോ, സ്നേഹിച്ചതുകൊണ്ടാണ് ഒരുവൾ അമ്മയാകുന്നത്.

ബാല്യം ജീവിതത്തിന്റെ അടിസ്ഥാന കാലഘട്ടമാണല്ലോ. വ്യക്തിയെ രൂപപ്പെടുത്തുന്ന അനുഭവങ്ങൾ അരങ്ങേറുന്ന ഈ സമയത്ത് ഏറ്റവും മഹനീയമായ ദൗത്യം ചെയ്യുന്ന മാതാപിതാക്കൾ ദൈവത്തിനു വേണ്ടിയാണു വർത്തിക്കുന്നത്. നല്ല ഒരു മാനവകുലം ദൈവസങ്കല്പമാണ്. തങ്ങളുടെ മക്കളെ രാപ്പകൽ പാടുപെട്ടു വളർത്തി വലുതാക്കുന്ന പേരെന്റ്സ് മക്കളെ നല്ലവരാക്കുമ്പോൾ ഏറ്റവും നല്ല ദൈവവേലയാകുമത്. ദൈവാനുഗ്രഹത്താൽ പരസ്നേഹമെന്ന ആയുധമുപയോഗിച്ചു ആ കടമ നിസ്വാർത്ഥമായി നിറവേറ്റാം. ഓരോ കുഞ്ഞിന്റെയും ചുറ്റും ഒരു സ്വർഗം പൂത്തുലയട്ടെ.

മഹാത്മജി, എബ്രഹാം ലിങ്കൺ, മദർ തെരേസ, നെൽസൺ മണ്ടേല തുടങ്ങിയവരെല്ലാം തന്നെ ഓരോ കുടുംബത്തിൽ നിന്നും അമ്മമാർ വളർത്തി ലോകത്തിനു നൽകിയ അനർഘ നിധികളല്ലേ. കുടുംബത്തിലെ നന്മനിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് നന്മനിറഞ്ഞ വ്യക്തികളിലൂടെ രൂപപ്പെടുന്ന മനസ്സുകൾക്കേ വേദനിക്കുന്നവരെ മോചിക്കാൻ വേണ്ടി ജീവാർപ്പണം ചെയ്യാനാവൂ. മാതൃത്വം മനുഷ്യസ്നേഹത്തിനു മാതൃകയാകുന്നു. “അമ്മ നിന്നെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല” എന്നല്ലേ വചനം. “അമ്മ നിന്നെ മറക്കുകയില്ലെന്നു” ദൈവം പോലും അതിശയോക്തി പറയുന്നു. അമ്മയെ അഥവാ മാതൃവികാരത്തെ ദൈവം എല്ലാ ജീവികൾക്കും ഉദാരമായി നൽകിയിരിക്കുന്നു. സഹജീവികളെ ഹിംസിക്കുന്ന വന്യജീവികളായ സിംഹം, ചെന്നായ തുടങ്ങിയവ തന്റെ ശ്രേണിയിലുള്ള ജീവികളെ ഹിംസിച്ചാലും സ്വന്തം കുഞ്ഞുങ്ങളെ ഒരു പ്രായം വരെ സ്നേഹിക്കുന്നു. ഭക്ഷണം തേടാറാകുമ്പോൾ സ്നേഹം പിൻവലിച്ചുകൊണ്ടും അവരെ ശക്തരാക്കുന്നു. ജീവന്റെ നിലനില്പിനാണിത്. പ്രകൃതിയുടെ ഓരോ പ്രതിഭാസങ്ങളിലും ദൈവമഹത്വം നിറഞ്ഞിരിക്കുന്നു.

എല്ലാ മതവും നന്മയിലൂടെ ഈശ്വരനെ കണ്ടെത്താൻ പഠിപ്പിക്കുന്നു, പരിശീലിപ്പിക്കുന്നു. എല്ലാ മതങ്ങളും പ്രതീകങ്ങളിലൂടെ സ്നേഹത്തെ ഉയർത്തിക്കാട്ടുന്നു. നിഷ്കളങ്കമായ സ്നേഹത്തിൽ മറ്റെല്ലാ ഗുണങ്ങളും ഇഴചേർന്നിരിക്കുന്നു. സ്നേഹം സ്വയം നൽകലാണ്. അത് ത്യാഗം തന്നെ. സ്വാർത്ഥനായ മനുഷ്യന്റെ ജന്മം പാഴ്ജന്മമാണ്. അത് ആത്മാവിനെ നരകത്തിലാക്കുന്നു. അവൻ ജനിക്കാതിരുന്നെങ്കിൽ അവനു നന്നായിരുന്നു! നല്ലവരായി ജീവിക്കുവാൻ എല്ലാ മത നിയമ സംഹിതകളും നിർദ്ദേശിക്കുന്നു. കുഞ്ഞുങ്ങളെ അവ ശീലിപ്പിക്കുവാനുള്ള ദീർഘവീക്ഷണം നമുക്ക് വേണം. അത് നാമെല്ലാം പാലിച്ചിരുന്നെങ്കിൽ ഈ ഭൂമുഖം എത്ര സുന്ദരമാകുമായിരുന്നു!

~ റജീന മൈക്കൾ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles