മനുഷ്യക്കടത്തു തടയാൻ നടപടി വേണം: മാർപാപ്പ

വത്തിക്കാൻസിറ്റി: മനുഷ്യക്കടത്തു തടയാൻ മുന്നിട്ടിറങ്ങാൻ ഭരണകൂടങ്ങളെ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. സ്ത്രീകളും കുട്ടികളും പുരുഷന്മാരും മനുഷ്യക്കടത്തുകാരുടെ ചൂഷണത്തിനിരയാവുകയാണ്. ഇന്നിത് പ്രതിവർഷം 15000കോടി ഡോളറിന്റെ ബിസിനസായി വളർന്നുകഴിഞ്ഞു.
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപ പ്രാർഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് മനുഷ്യക്കടത്തിന്റെ ഭയാനകത മാർപാപ്പ എടുത്തുപറഞ്ഞത്. ആധുനിക അടിമത്തത്തിലേക്ക് ലക്ഷക്കണക്കിനാളുകളെ തള്ളിവിടുന്ന ഈ വിപത്തിനെതിരേ നിർണായക നടപടിക്ക് ലോകരാജ്യങ്ങളും അവിടങ്ങളിലെ ഭരണകൂടങ്ങളും തയാറാവണം.
മനുഷ്യാവകാശ ഗ്രൂപ്പുകൾ നടത്തിയ ആഗോള സർവേ പ്രകാരം 2016ൽ ഏതെങ്കിലും തരത്തിലുള്ള അടിമത്ത സമാനമായ സാഹചര്യത്തിൽ കഴിയുന്നവരുടെ എണ്ണം 458ലക്ഷമാണ്. കുടിയേറ്റക്കാരും അഭയാർഥികളും ഇടനിലക്കാരായ മനുഷ്യക്കടത്തുകാരുടെ ചൂഷണത്തിനിരയാവുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യക്കടത്തുകാരുടെ ഇരകളെ സംരക്ഷിക്കണം. ചൂഷണത്തിന്റെ മൂലകാരണം കണ്ടെത്തി പരിഹാര നടപടികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരായി സർക്കാരുകൾ പ്രവർത്തിക്കണമെന്നും മാർപാപ്പ നിർദേശിച്ചു.