യുവാക്കൾ സന്തോഷം പകരേണ്ടവർ: മാർപാപ്പ

പാനമ സിറ്റി: പസഫിക് മഹാസമുദ്രം അതിരിട്ട പാനമയുടെ സിന്റെ കോസ്റ്റേറ ബീച്ചിൽ അലയടിച്ചെത്തിയ തിരമാലകളുടെ ശബ്ദത്തിനുമപ്പുറത്താണു ലോകയുവതയുടെ ചടുലമായ ആരവം. സംഗീതം കുളിർമഴയായി പെയ്തിറങ്ങുന്ന തീരത്ത് യുവാക്കൾ ആടിപ്പാടിത്തിമിർക്കുകയാണ്. ആട്ടവും പാട്ടും നൃത്തവുമായി തങ്ങളുടെ രാജ്യത്തിന്റെ തനതു സംസ്കാരം ലോക യുവജനസമ്മേളത്തിനെത്തിയവർ അവിടെ പുനരാവിഷ്കരിക്കുകയാണ്. ഏറെപ്പേരും പരന്പരാഗത വേഷമണിഞ്ഞാണ് എത്തിയത്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ബീച്ചിൽ ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളുടെയും പതാകകൾ പാറിക്കളിക്കുന്നുണ്ട്.
ചാഞ്ഞുവീണ സൂര്യകിരണങ്ങൾക്കിടയിലൂടെ അങ്ങുദൂരെ പോപ്പ് മൊബീൽ ദൃശ്യമായതോടെ യുവാക്കളുടെ ആവേശം ഇരട്ടിയായി. തങ്ങൾ ഒരുനോക്ക് കാണാനും കേൾക്കാനുമായി കാത്തിരുന്ന ഫ്രാൻസിസ് മാർപാപ്പ വരുകയാണ്. പ്രാർഥനാ ഗീതങ്ങൾക്ക് പിന്നണിയായി ഉയർന്ന വാദ്യമേളങ്ങളുടെ ശബ്ദം ഉച്ചസ്ഥായിയിലായി.
മാർപാപ്പയേയും വഹിച്ചുകൊണ്ടുള്ള പോപ്പ്മൊബീൽ യുവജനങ്ങൾക്കിടയിലൂടെ പ്രധാന വേദിയിലേക്ക് വളരെ സാവധാനം കടന്നു വന്നു. കൈയടിച്ചും തങ്ങളുടെ രാജ്യത്തിന്റെ പതാക വീശിയും അവർ മാർപാപ്പയെ വരവേറ്റു. അഞ്ചു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് അഞ്ചു യുവാക്കൾ മാർപാപ്പയെ വേദിയിലേക്ക് ആനയിച്ചു. തനതു രീതിയിൽ മുത്തുവച്ച് മനോഹരമായി നെയ്തെടുത്ത വേഷ്ടി പാനമയിൽ നിന്നുള്ള യുവാക്കൾ മാർപാപ്പയ്ക്കു സമ്മാനിച്ചു.
സുവിശേഷത്തിന്റെ സന്തോഷം മറ്റുള്ളവർക്കു പകർന്നുകൊടുക്കേണ്ടവരാണ് യുവാക്കളെന്ന് മാർപാപ്പ യുവജനങ്ങളെ ഓർമിപ്പിച്ചു. അതുവഴി ദൈവത്തിന്റെ സ്നേഹം ആരെയും ഒഴിവാക്കാതെ എല്ലാവരിലും എത്തിക്കുകയും വേണം. യുവജനസമ്മേളനങ്ങൾ എപ്പോഴും സഭയ്ക്കു പുത്തൻ ഉണർവ് പകർന്നു നൽകാനുള്ള അവസരങ്ങളാണ് സമ്മാനിക്കുന്നത്. അത് സഭയുടെ യുവത്വത്തെ നിലനിറുത്തുകയും ചെയ്യുമെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു. ക്രൈസ്തവികത എന്നത് ക്രിസ്തു തന്നെയാണ്. അവന്റെ നിസ്വാർഥമായ സ്നേഹമാണ് എല്ലാം. അവൻ സ്നേഹിച്ചതുപോലുള്ള സ്നേഹം മറ്റുള്ളവർക്ക് നൽകാൻ കടപ്പെട്ടവരാണ് നമ്മളെന്നും മാർപാപ്പ ഓർമിപ്പിച്ചു.
യുവജനങ്ങൾക്കൊപ്പമുള്ള കുരിശിന്റെ വഴിയിലും രാത്രി മുഴുവൻ ദീർഘിക്കുന്ന ജാഗരണ പ്രാർഥനയ്ക്കും ശേഷം മാർപാപ്പ നാളെ രാവിലെ തുറന്ന വേദിയിൽ അർപ്പിക്കുന്ന ദിവ്യബലിയോടെ യുവജന സമ്മേളത്തിനു സമാപനമാകും.