കുട്ടികളെ ദുരുപയോഗിക്കുന്നത് നരബലിക്ക് തുല്യമെന്ന് മാര്പാപ്പാ

വത്തിക്കാൻ സിറ്റി: കുട്ടികളെ ദുരുപയോഗിക്കുന്ന എല്ലാത്തരം പ്രവർത്തനങ്ങളും നരബലിക്കു തുല്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. സഭാസിനഡിന്റെ സമാപനവേളയിൽ വിശുദ്ധകുർബാനമധ്യേയുള്ള പ്രസംഗത്തിലാണ് മാർപാപ്പ ആഗോളതലത്തിൽ കുട്ടികൾ പീഡിപ്പിക്കപ്പെടുന്നതിനെ അപലപിച്ചുകൊണ്ട് സംസാരിച്ചത്. വിവിധ മേഖലകളിൽ കുട്ടികൾ ദുരുപയോഗിക്കപ്പെടുന്നുണ്ട്. ഇതിനെതിരേ ശക്തമായ നിലപാടാണ് കത്തോലിക്കാ സഭയ്ക്കുള്ളത്.
ചൂഷണം ചെയ്യപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികൾ എവിടെയാണെങ്കിലും അവരുടെ വിഷമങ്ങൾ കേൾക്കാനും അവർക്ക് സംരക്ഷണം നൽകാനും സഭ പ്രതിജ്ഞാബദ്ധമാണ്. ചരിത്രാതീതകാലം മുതൽ കുട്ടികൾക്കെതിരേയുള്ള ചൂഷണവും പീഡനവും സംഭവിച്ചിരുന്നു. ഈ ആധുനിക യുഗത്തിലും ചൂഷണത്തിന്റെ ആഴം വ്യക്തമായി അറിയാൻ കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം. പലപ്പോഴും അത് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം.
ലഭ്യമായ കണക്കു പ്രകാരം കുട്ടികൾക്കെതിരേയുള്ള പീഡനങ്ങളിൽ ഭൂരിഭാഗവും കുടുംബങ്ങളിലാണ് സംഭവിച്ചിട്ടുള്ളത്. മാനസിക, ശാരീരിക, ലൈംഗീക പീഡനങ്ങൾ പ്രാഥമികമായി ബന്ധുക്കൾ, ശൈശവ വിവാഹം നടത്തിയിട്ടുള്ള പുരുഷന്മാർ, കായിക പരിശീലകർ, അധ്യാപകർ തുടങ്ങിയവരുടെ ഭാഗത്തുനിന്നാണ് സംഭവിച്ചിട്ടുള്ളത്. കുട്ടിപ്പട്ടാളം, കുട്ടികളായ ലൈഗികത്തൊഴിലാളികൾ, യുദ്ധത്തിൽപ്പെട്ടു ദുരിതം പേറുന്ന കുരുന്നുകൾ, അഭയാർഥികളായ കുട്ടികൾ, ഗർഭഛിദ്രം ചെയ്യപ്പെട്ട കുരുന്നുകൾ തുടങ്ങിയവരുൾപ്പെടെ ആഗോളതലത്തിൽ നേരിടുന്ന വലിയൊരു വിപത്താണിത്.
ആത്മീയമായി നയിക്കാൻ നിയോഗിക്കപ്പെടുന്ന വൈദികരിൽ ചിലരും കുട്ടികളെ ചൂഷണം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബഹുഭൂരിപക്ഷം വൈദികരും നിസ്വാർഥ സേവനത്തിലൂടെയും സമർപ്പണത്തിലൂടെയും സമൂഹത്തെ കൈപിടിച്ചുയർത്തുമ്പോൾ പീഡനത്തിന് കാരണക്കാരാവുന്ന ചില വൈദികർ അവരുടെ യഥാർഥ ദൗത്യം മറക്കുകയാണ് ചെയ്യുന്നത്.