പകല്‍ പോലൊരു വീട്‌

പ്രായമായ അച്ഛനെയും അമ്മയെയും ഒക്കെ നടതള്ളി കൊണ്ടിരിക്കുന്ന ഒരു കാലത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നത്. സഹ ജീവികളോടുള്ള കരുണ നഷ്ടമായി കൊണ്ടിരിക്കുന്നു. ജനിച്ചു വീഴുന്ന നാള്‍ മുതല്‍ ബുദ്ധിമുട്ടുകള്‍ അറിയിക്കാതെ വളര്‍ത്തി വലുതാക്കുന്ന അപ്പനെയും അമ്മയെയും സ്വന്തം കാലില്‍ നില്‍ക്കുന്ന ഒരു സമയത്ത് വൃദ്ധ സദനങ്ങളില്‍ കൊണ്ട് പോയി നട തള്ളുന്ന കാഴ്ച്ചകള്‍ കൂടി വരുന്നു. മരണം വരെ ഉള്ള എല്ലാ ചിലവുകളും ഏല്‍പ്പിച്ചു വര്‍ഷത്തില്‍ ഒരിക്കല്‍ വന്നു ഒരു ഫോട്ടോ എടുത്തു മടങ്ങുന്നതിന്റെ അത്രയും തരം താഴ്ന്നു പോകുന്നുണ്ട് മക്കള്‍ മഹാത്മ്യം.

ഈ അടുത്ത് മാധ്യമങ്ങളില്‍ നിറഞ്ഞ ഒരു വാര്‍ത്തയുണ്ട്. സ്വന്തം മകന്‍ വര്‍ഷങ്ങളുടെ നീണ്ട ഇടവേളക്കു ശേഷം അമ്മയെ കാണാന്‍ നാട്ടില്‍ എത്തുന്നു. മകന്‍ കാണുന്നത് അമ്മയുടെ അസ്ഥികൂടം. അതിന്റെ സമീപത്തു നിന്നും ഒരു കുറിപ്പും കിട്ടി. ഏകാന്ത വാസം മടുത്തു എന്നും വര്‍ഷങ്ങളായി ഈ ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് താമസിക്കുന്നുവെന്നും ഒക്കെ ഉള്ള ഏകാന്തതയുടെ ഭീകരത എടുത്തു കാണിക്കുന്ന ഒരു കുറിപ്പ്. കണ്ണ് നനയാതെ ഇരിക്കില്ല ഉള്ളില്‍ കനിവ് ഉള്ളവന്റെ. വീട്ടില്‍ പ്രായമായവരുടെ സാന്നിധ്യം അപ്രിയമായി തോന്നുന്നത് ബന്ധങ്ങളുടെ വില അറിയാത്തതു കൊണ്ടാണ്. നഷ്ടപ്പെട്ടു കഴിയുമ്പോള്‍ നിലവിളിക്കാന്‍ കാട്ടുന്ന മന സിന്റെ ഒരു അംശം മതി ജീവിച്ചിരിക്കുമ്പോള്‍ അവരുടെ സാന്നിധ്യം വിലപ്പെട്ടതെന്ന അവരെ അറിയിക്കുന്നത്. അത്തരം ഒരു ബോധ്യം അവര്‍ക്കും നല്‍കുന്നത്. നമ്മുടെ നാട്ടില്‍ വൃദ്ധ സദനങ്ങള്‍ കൂടി വരുന്നു എന്ന ക്ലീഷേ പ്രയോഗത്തെക്കാള്‍ മഹത്തരം എന്റെ അപ്പച്ചനും അമ്മച്ചിയും എന്റെ ഒപ്പം തന്നെയുണ്ട് എന്ന് പറയുന്നതാണ്.

മക്കള്‍ എല്ലാം ജോലിക്ക് പോകുമ്പോള്‍ വീട്ടില്‍ മുതിര്‍ന്നവര്‍ ഒറ്റയ്ക്ക് ആകാം. വൈകുന്നേരം വരെ ചിലപ്പോള്‍ ഒന്നും ചെയ്യാനില്ലാതെ വീട്ടിലെ ഏകാന്തത അവരെ മടുപ്പിക്കാം. ചിലപ്പോള്‍ അകാരണമായ വിഷാദത്തിലേക്ക് തള്ളി വിട്ടേക്കാം. ആലുവയി ലെ എസ് ഡി കോണ്‍ഗ്രിഗേഷന്‍ നടത്തി വരുന്ന പകല്‍ വീട്’ എന്ന സംരംഭം മേല്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം ആണ്.

2009 ല്‍ ആണ് ഇത്തരം ഒരു ആശയം ജനിക്കുന്നത്. പകല്‍ വീടിന്റെ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന സി. സജീവ പറഞ്ഞു. ഏകദേശം അമ്പത്തി അഞ്ച് വയസിനു മുകളില്‍ പ്രായം വരുന്നവര്‍ക്കാണ് പകല്‍ വീടിനുള്ളില്‍ ഇടം. ഹെല്‍പ് ഏജ് ഇന്ത്യയുടെ പ്രോഗ്രാമിന്റെ ഭാഗമായി ഈ ആശയം പ്രാവര്‍ത്തികമാക്കുമ്പോള്‍ ഒരു വലംകൈ ആയി കൂടെ നിന്നത് റോട്ടറി ക്ലബ് ആണ്.

പകല്‍ വീട്ടിലെ ഒരു ദിവസം
പകല്‍ വീട്ടിലെ ഒരു ദിവസം ആരംഭിക്കുന്നത് രാവിലെ പത്തു മണിക്കാണ്. ചെറിയ ഒരു പ്രാര്‍ഥനയോടെ തങ്ങളുടെ ദിവസം അവര്‍ ആരംഭിക്കുന്നു. പിന്നെ സ്വന്തം വീട് വൃത്തിയാക്കുന്ന അതെ ഉത്സാഹത്തോടെ പകല്‍ വീടിനകം എല്ലാവരും ഒരുമിച്ചു ചേര്‍ന്ന് വൃത്തിയാക്കുന്നു. റോട്ടറി ക്ലബിന്റെ സഹായത്തോടെ ഉള്ള യോഗ ക്ലാസ്സ് ആദ്യം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ച എന്ന വിധം ഇപ്പോ ഴും അത് പരിശീലിക്കുന്നു. ശേഷം പ്രഗല്‍ഭനായ ഏതെങ്കിലും ഒരു വ്യക്തിയുടെ ഒരു ക്ലാസ്സ് ചില ദിവസങ്ങളില്‍ ഉണ്ടാകും. പിന്നെ ഒരുമിച്ചു ഇരുന്നുള്ള പത്ര വായനകളും ചര്‍ച്ചകളും ഒക്കെ കഴിഞ്ഞാല്‍ പന്ത്രണ്ടു മണിയോടെ പ്രാര്‍ത്ഥനയും പിന്നെ ഉച്ച ഭക്ഷണവും. പകല്‍ വീട്ടിലെ അമ്മമാര്‍ക്കും അപ്പന്മാര്‍ക്കും വേണ്ടി സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച കമ്പ്യുട്ടറുകള്‍ അവര്‍ പരിശീലിക്കുന്നു. വൈകുന്നേരം ഏകദേശം മൂന്നു മണിയൊക്കെ ആകുമ്പോള്‍ പകല്‍ വീട് ഒഴിഞ്ഞു തുടങ്ങുന്നു.

പകല്‍ വീട്ടിലെ ആഘോഷങ്ങള്‍
ജന്മദിനങ്ങള്‍ ഉള്‍പ്പെടെ എല്ലാം ആഘോഷിക്കാറുണ്ട് പകല്‍ വീട്ടില്‍. ഇത്തവണ ഉള്ള ഓണാഘോഷവും ഗംഭീരമായി നടന്നു. എല്ലാ വര്‍ഷവും ഒരു ഔട്ടിങ്ങും നടത്തി വരുന്നു. രാജഗിരി ഹോസ്പ്പിറ്റലിന്റെ നേതൃത്വത്തില്‍ എല്ലാ മാസവും മെഡിക്കല്‍ ചെക്ക് അപ്പ് നടത്തി വരുന്നു. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും ഈ വീട്ടില്‍ അംഗങ്ങളാണ്. വീട്ടില്‍ നിന്നും ഭക്ഷണത്തിന്റെ പങ്കുകൊണ്ടു വന്നും അത് പങ്കുവച്ചും പകല്‍വീട്ടില്‍ വെളിച്ചം നിറ യുന്നു. വാഹന സൗകര്യം കുറവായത് കൊണ്ട് കൂടുതല്‍ ആളുകള്‍ പകല്‍ വീട്ടില്‍ ഇല്ല. എങ്കിലും ഇപ്പോള്‍ ഏകദേശം മുപ്പതോളം പേര്‍ ഉണ്ട്. ഒരേ പ്രായക്കാരായത് കൊണ്ട് അവര്‍ ഇപ്പോഴും സന്തോഷത്തോടെ ആണ് ഇരിക്കാറുള്ളതെന്നും സി. സജീവ പറയുന്നു. അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ തമ്മില്‍ പങ്കു വച്ച് ഒരു വീട്ടിലെ പോലെ പകല്‍ വീട്ടില്‍ അവര്‍ ഒരു പകല്‍ ഒന്നിച്ചു ജീവിക്കുന്നു.

കരുണ ഉള്ളവരായിരിക്കുവിന്‍’എന്ന ക്രി സ്തു വാക്യം നമുക്ക് കടമെടുക്കാം. സഹ ജീവികളോടു കരുണ കാണിക്കാം. പകല്‍ വീടുകള്‍ പോലെ ആവട്ടെ നമ്മുടെ വീടുകളും. കൂട്ടത്തിലെ മുതിര്‍ന്നവരെ സ്‌നേഹിക്കാം. കരുതല്‍ കൊണ്ട് ബഹുമാനിക്കാം. ഈ പകല്‍ വീട് പോലെ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles