സോറി പറയുന്നതോ നൽകുന്നതോ എളുപ്പം..!!

അന്നയാൾ ജോലി സ്ഥലത്തു നിന്നും വീട്ടിലെത്തിയപ്പോൾ പരാതിയുമായ്
വന്നത് ഇളയ മകനാണ്.
“പപ്പാ… ചേച്ചി എന്നെ തല്ലി.”
”നീ ആദ്യം ചേച്ചിയെ തല്ലിയോ?”
”ഇല്ല പപ്പ, ഞാനൊന്നും ചെയ്തില്ല.”
“നീ ഒന്നും ചെയ്യാതെ ചേച്ചി
നിന്നെ തല്ലാൻ സാധ്യതയില്ലല്ലോ?”
അപ്പോൾ അവൻ പറഞ്ഞു:
”ചേച്ചി ടി.വി.യിൽ ക്ലാസ് അറ്റൻഡ് ചെയ്യുമ്പോൾ, ഞാൻ പുറത്ത്
കളിക്കാൻവേണ്ടി വിളിച്ചു.
ചേച്ചി വരാത്തതിനാൽ പെട്ടന്ന്
എനിക്ക് ദേഷ്യം വന്നു.
അപ്പോൾ ഞാൻ ചെന്ന് ടി.വി.ഓഫാക്കി.
ഉടൻ തന്നെ ചേച്ചി എന്നെ
പൊതിരെ തല്ലുകയായിരുന്നു.”
അതു കേട്ട പപ്പ അവനോടു പറഞ്ഞു:
”നീ ചെന്ന് ചേച്ചിയോട് ക്ഷമ പറയണം.”
”എന്തിനാണ് പപ്പ ഞാൻ ക്ഷമ പറയുന്നത്….. ഞാൻ ചേച്ചിയെ തല്ലിയില്ലല്ലോ?”
“നീ ടി.വി.ഓഫാക്കിയതിനാലല്ലെ
അവൾ നിന്നെ തല്ലിയത്?”
മനസില്ലാ മനസ്സോടെയാണെങ്കിലും
അവൻ ചേച്ചിയോട് സോറി പറഞ്ഞു.
അവനെ തല്ലിയതിന് ചേച്ചിയും മാപ്പു പറഞ്ഞു. രണ്ടു പേരും ചിരിച്ചുകൊണ്ട്
പപ്പയ്ക്കരികിൽ വന്നപ്പോൾ അദ്ദേഹം
ഇങ്ങനെ പറഞ്ഞു:
“മക്കളെ,
വളർന്നു വരുന്ന ഈ പ്രായത്തിൽ
വഴക്കുകൾ സാധാരണമാണ്.
എന്നാൽ തെറ്റ് മനസിലാക്കിയാൽ
ക്ഷമ ചോദിക്കാനുള്ള മനസും
ക്ഷമ ചോദിക്കുമ്പോൾ അത്
നൽകുവാനുള്ള ഹൃദയവും ഉണ്ടാകണം.
ആ പാഠമാണ് നിങ്ങൾ ഇന്ന് പഠിച്ചത്.
നിങ്ങൾ ഇന്നു ചെയ്ത
ഈ പ്രവൃത്തികളെക്കുറിച്ച്
പപ്പ അഭിമാനിക്കുന്നു.”
ഇത്രയും പറഞ്ഞ് അയാൾ രണ്ടു മക്കളെയും സ്നേഹത്തോടെ ആലിംഗനം ചെയ്തു.
”മറ്റുള്ളവര് നിങ്ങളോട്‌ എങ്ങനെ പെരുമാറണമെന്ന്‌ നിങ്ങള് ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ
നിങ്ങള് അവരോടും പെരുമാറുവിന്
(ലൂക്കാ 6 : 31) എന്ന ക്രിസ്തുവിൻ്റെ വാക്കുകൾ പ്രവൃത്തിയിലൂടെ പഠിപ്പിച്ച ആ അപ്പൻ
എത്ര നല്ല മാതൃകയാണ്
മക്കൾക്ക് നൽകിയത്.
നമ്മുടെ സമൂഹത്തിലും കുടുംബത്തിലും
ജോലി ചെയ്യുന്ന ഇടങ്ങളിലുമെല്ലാം
കലഹങ്ങൾ ഉണ്ടാകുക സാധാരണമാണ്.
എന്നാൽ അതിൻ്റെ മൂലകാരണം കണ്ടെത്തി ക്ഷമ ചോദിക്കാനും ക്ഷമ നൽകാനുമാണ്
നാം ശ്രമിക്കേണ്ടത്.
ഒരു പക്ഷെ,
അത് ഏറ്റവും പ്രയാസകരമായിരിക്കാം.
ക്ഷമ ചോദിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിരിക്കും ക്ഷമ നൽകുക.
എന്നാൽ ക്രിസ്തുവിനെ പ്രതി
ആ സഹനം ഏറ്റെടുക്കുമ്പോൾ നമുക്ക് ലഭിക്കുന്ന ആനന്ദം എത്ര വലുതായിരിക്കും?
~ ഫാദർ ജെൻസൺ ലാസലെറ്റ് ~

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles