വി. മറിയം ത്രേസ്യ: ദേശീയതല ആഘോഷവും കൃതജ്ഞതാബലിയും 16ന്

മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്കുയർത്തിയതിന്റെ ദേശീയതല ആഘോഷവും കൃതജ്ഞതാബലിയും 16നു നടക്കും. വിശുദ്ധയുടെ കബറിടമുള്ള തൃശൂർ കുഴിക്കാട്ടുശേരിയിലെ മറിയം ത്രേസ്യ തീർഥാടനകേന്ദ്രത്തിലാണ് ആഘോഷപരിപാടികൾ നടക്കുകയെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ, സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ സിസ്റ്റർ ഉദയ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

16ന് ഉച്ചകഴിഞ്ഞു രണ്ടിന് ആരംഭിക്കുന്ന കൃതജ്ഞതാബലിയിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നൽകും. ഭാരതസഭയിലെ നൂറോളം മെത്രാന്മാരും നിരവധി വൈദികരും സഹകാർമികരാകും.

വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും. അപ്പസ്തോലിക് നുണ്ഷ്യോ ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ അനുഗ്രഹപ്രഭാഷണം നടത്തും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ദേശീയ ആഘോഷങ്ങളുടെ ഭാഗമായി ഹോളി ഫാമിലി സന്യാസിനി സമൂഹം നടപ്പാക്കുന്ന അഞ്ചു കോടി രൂപയുടെ കാരുണ്യപദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപതയും വിശുദ്ധ മറിയം ത്രേസ്യയുടെ തറവാടായ മങ്കിടിയാൻ കുടുംബവും നേതൃത്വം നൽകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.

കേന്ദ്രമന്ത്രി വി. മുരളീധരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽ കുമാർ, എ.സി. മൊയ്തീൻ,എംപിമാരായ ബെന്നി ബഹനാൻ, ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ, എംഎൽഎ മാരായ വി.ആർ. സുനിൽകുമാർ, ബി.ഡി. ദേവസി, പ്രഫ. കെ.യു. അരുണൻ, ടൈസൻ മാസ്റ്റർ,റോജി എം. ജോണ്, വി.ഡി. സതീശൻ, മറ്റു ജനപ്രതിനിധികൾ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, മെത്രാന്മാർ, സാംസ്കാരിക നായകർ എന്നിവരും യോഗത്തിൽ പങ്കെടുക്കും. 150ഓളം കലാകാരന്മാർ അണിനിരക്കുന്ന ‘സ്നേഹത്തൂവൽ’എന്ന കലാവിരുന്ന് ഉണ്ടാകും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഇറ്റലി, ജർമനി,അമേരിക്ക, കാനഡ, ആഫ്രിക്കൻ രാജ്യങ്ങളായ ഘാന, കെനിയ, സൗത്ത് സുഡാൻ,ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോർ എന്നിവിടങ്ങളിൽനിന്നും ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ പ്രതിനിധികളും വിവിധ രൂപതകളിൽനിന്നു വിശ്വാസികളും ഉൾപ്പെടെ മുപ്പതിനായിരത്തോളം പേർ ദേശീയ ആഘോഷത്തിൽ പങ്കെടുക്കാനെത്തും. ആഘോഷപരിപാടികളുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും മാർ കണ്ണൂക്കാടൻ അറിയിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles