രക്തസാക്ഷിത്വം വരിച്ച സെമിനാരിക്കാര്‍ വൈദികര്‍ക്ക് മാതൃക: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ഞായറാഴ്ച മാര്‍ച്ച് 10 ാം തീയതി ഫ്രാന്‍സിസ് പാപ്പാ രക്തസാക്ഷിത്വം വരിച്ച, സ്‌പെയിന്‍കാരായ ഒന്‍പത് സെമിനാരിവിദ്യാര്‍ത്ഥികളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി. ബ്രഹ്മചര്യത്തില്‍ വിശ്വസ്തതയോടെ നിലനില്‍ക്കുകയും ഉദാരമതികളായി വ്യാപരിക്കുകയും ചെയ്ത ആ വൈദികവിദ്യാര്‍ത്ഥികള്‍ എല്ലാ വൈദകര്‍ക്കും മെത്രാന്‍മാര്‍ക്കും മാതൃകയാണെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
1930 കളിലെ സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്താണ് വാഴത്തപ്പെട്ട എഞ്ചല്‍ ക്വാര്‍ത്തസും സഹപാഠികളായ വൈദികവിദ്യാര്‍ത്ഥികളും രക്തസാക്ഷിത്വം വഹിച്ചത്. ‘റെഡ് ടെറര്‍’ അഥവാ ചുവപ്പ് ഭീകരത എന്നറിയപ്പെടുന്ന ആ നരനായാട്ടില്‍ 6800 ലേറെ വൈദികരും സന്ന്യസ്തരും കൊല്ലപ്പെട്ടു എന്നാണ് കണക്ക്.
‘പുരോഹിതപട്ടം അതിയായ ആഗ്രഹിച്ചിരുന്ന ആ സെമിനാരി വിദ്യാര്‍ത്ഥികള്‍ കര്‍ത്താവിനെ അത്യധികം സ്‌നേഹിച്ചിരുന്നു. അവിടുത്തെ അനുകരിച്ച് തങ്ങളുടെ കുരിശു വഹിച്ച് മരണം വരിക്കുവോളം അവര്‍ ക്രിസ്തുവിനെ സ്‌നേഹിച്ചു. അവരുടെ വീരോചിതമായ ജീവിതസാക്ഷ്യം സകല വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കും അനുകരിക്കാവുന്ന ധീരമാതൃകയാണ്’ മാര്‍പാപ്പ പറഞ്ഞു.