ദേവാലയസംഗീതം സ്വര്‍ഗീയസൗന്ദര്യത്തിന്റെ പ്രതിഫലനമാണെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍; ദേവാലയ സംഗീതത്തിന് സുവിശേഷവത്ക്കരണത്തിന്റെ ശക്തമായ ഉപകരണമാകാന്‍ കഴിവുണ്ടെന്നും ആ ദിവ്യ സംഗീതം കേള്‍ക്കുന്നവര്‍ സ്വര്‍ഗത്തിന്റെ ഭംഗിയുടെ മുന്‍രുചി അനുഭവിക്കുകയാണെന്നും ഫ്രാന്‍സിസ് പാപ്പാ. ദേവാലയ സംഗീതജ്ഞരുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു, പാപ്പാ.
‘നിങ്ങളുടെ സംഗീതം സുവിശേഷവല്ക്കരണത്തിന്റെ യഥാര്‍ത്ഥ ഉപകരണമാണ്. മനുഷ്യഹൃദയങ്ങളെ സ്പര്‍ശിക്കുന്ന ദൈവവചനത്തിനാണ് നിങ്ങള്‍ സംഗീതത്തിലൂടെ സാക്ഷ്യം വഹിക്കുന്നത്’ പാപ്പാ പറഞ്ഞു.
‘സംഗീതത്തിനോടുള്ള ഈ സമര്‍പ്പണം ഒരിക്കലും നിറുത്തരുത്. ഇത് വലിയൊരു സമര്‍പ്പണമാണ്. സന്തോഷത്തിന്റെയും സന്താപത്തിന്റെയും നിമിഷങ്ങളില്‍ ജനത്തോടൊപ്പം നില്‍ക്കാനും അവര്‍ക്ക് വിശ്വാസത്തിന്റെ കൂട്ട് പകര്‍ന്നു കൊടുക്കാനും നിങ്ങള്‍ വഴിയാണ് സാധിക്കുന്നത്.’ പാപ്പ വിശദീകരിച്ചു.
‘ജനങ്ങളുടെ ജീവിതത്തില്‍ ആഴമായ സ്വാധീനം ചെലുത്താന്‍ സംഗീതത്തിന് കഴിവുണ്ട്’ പാപ്പാ കൂട്ടിച്ചേര്‍ത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 8000 ലേറെ സംഗീതജ്ഞരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.