അസിയാ ബീബി പാക്കിസ്ഥാന്‍ വിട്ട് കാനഡയിലേക്ക്
ദൈവദൂഷണക്കുറ്റം ചുമത്തി പാക്കിസ്ഥാന്‍ ആദ്യം അറസ്റ്റ് ചെയ്യുകയും പിന്നീട് നിയമപോരാട്ടത്തിലൂടെ പാക്കിസ്ഥാന്‍ സുപ്രീം കോടതി വെറുതെ വിടുകയും ചെയ്ത കത്തോലിക്കാ വനിത അസിയാ ബീബി പാക്കിസ്ഥാന്‍ വിട്ടതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. കാനഡയിലുള്ള അവരുടെ മക്കളുടെ അടുത്തേക്കാണ് അവര്‍ പോയതെന്ന് ബീബിയുടെ അഭിഭാഷകന്‍ സയ്ഫ് ഉള്‍ മലൂക്ക് അറിയിച്ചു.
2009 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അത് ഒരു കൊടും ചൂടുള്ള ദിവസമായിരുന്നു. ഷെയ്ക്കുപുര എന്ന സ്ഥലത്ത് സഹപ്രവര്‍ത്തകരോടൊപ്പം വെള്ളം കുടിക്കാനെത്തിയതായിരുന്നു ബീബി. എന്നാല്‍ ഒരേ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചു എന്നാരോപിച്ച് മുസ്ലീം സ്ത്രീകള്‍ അസിയാ ബീബിയോട് കയര്‍ത്തു. അസിയ മുസ്ലീം മതം സ്വീകരിക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അസിയ അതിന് തയ്യാറാകാതിരുന്നത് അവരെ പ്രകോപിപ്പിച്ചു. അഞ്ചു ദിവസത്തിന് ശേഷം അസിയാ ബീബിയെ ദൈവദൂഷണക്കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു.