ദ ഗോസ്പല്‍ അക്കോഡിംഗ് ടു സെന്റ് മാത്യു
പിയെര്‍ പാവ്‌ളോ പസോളിനി ചലച്ചിത്ര ലോകത്തിലെ ഒരു പ്രതിഭാസമായിരുന്നു. നിരീശ്വരവാദിയും കമ്യൂണിസ്റ്റുമൊക്കെയായിരുന്ന പസോളിനി പക്ഷേ, അതീവ ലാവണ്യമാര്‍ന്ന ഒരു സുവിശേഷചിത്രമെടുത്ത് ലോകത്തെ അമ്പരിപ്പിച്ചു. വി. മത്തായിയുടെ സുവിശേഷത്തെ ആധാരമാക്കി നിര്‍മ്മിച്ച ആ ചിത്രം പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ പ്രശംസയ്ക്കു വരെ പാത്രമായി. സുവിശേഷത്തിലെ വചനങ്ങളല്ലാതെ ഒരു വാക്കുപോലും ചിത്രത്തില്‍ സംഭാഷണമായി ചേര്‍ത്തിട്ടില്ല. സംഭാഷണമില്ലാത്ത ഇടവേളകള്‍, മൊസാര്‍ട്ട്, സെബാസ്റ്റിന്‍ ബാക്ക് തുടങ്ങിയ സംഗീതത്തിന്റെ രാജശില്‍പികളുടെ സംഗീതശില്‍പങ്ങളാല്‍ ചാരുത ചാര്‍ത്തിയിരിക്കുന്നു. അഭിനയിച്ചിരിക്കുന്നവരെല്ലാം തന്നെ പരിസരവാസികളായ പുതുമുഖങ്ങള്‍. ഇറ്റാലിയന്‍ നിയോ റിയലിസ്റ്റിക്ക് ശൈലിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം ബൈബിള്‍ സിനിമാചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരൊറ്റമരമായി നില്‍ക്കുന്നു. മാനുഷികതയുടെ സമൃദ്ധിയും സ്വാഭാവികതയുമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഹോളിവുഡ് ചിത്രങ്ങളില്‍ പതിവായി കാണുന്ന കൃത്രിമത്വത്തിന്റെ നിഴല്‍ പോലും ഇതില്‍ വീശുന്നില്ല. ലാളിത്യവും വികാരതീവ്രതയും സംഗീതസാന്ദ്രതയും കൊണ്ട് ‘ഗോസ്‌പെല്‍ അക്കോഡിംഗ് ടു സെന്റ് മാത്യു’ തികച്ചും വേറിട്ടൊരു സിനിമാനുഭവമാണ്.
വിശ്വാസത്തിന്റെ ഗൃഹാതുരത്വം സൂക്ഷിച്ച നിരീശ്വരവാദി
1922 മാര്‍ച്ച് അഞ്ചിന് ഇറ്റലിയിലെ ബൊളോഞ്ഞയില്‍ ജനിച്ച പസോളിനി വിവാദങ്ങളുടെയും അപവാദങ്ങളുടെയും സഹയാത്രികനായിരുന്നു. പ്രസിദ്ധിയും കുപ്രസിദ്ധിയും കൈ കോര്‍ത്തു പിടിച്ച് പസോളിനിയുടെ വഴിത്താരയില്‍ വന്നു. ആദ്യചിത്രമായി 1961-ല്‍ പുറത്തിറങ്ങിയ ‘അക്കാറ്റോണ്‍’ ഒരു പിമ്പിന്റെ കഥയാണ് പറഞ്ഞത്. 1962-ല്‍ ‘റോ.ഗോ.പാ.ജി’ എ ന്ന ദൈവദൂഷണപരമായ ചിത്രമെടുത്തതിന് പസോളിനി അറസ്റ്റ് ചെയ്യപ്പെട്ടു. അതുകൊണ്ടുതന്നെ അദ്ദേഹം എടുക്കാനിരിക്കുന്ന പുതിയ സുവിശേഷചിത്രം വിവാദപരവും വിചിത്രവുമാകുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാല്‍ എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് 1964-ല്‍ ‘ഗോസ്‌പെല്‍’ പുറത്തുവന്നപ്പോള്‍ അത് ക്രിസ് തുവിന്റെ മാനുഷികവ്യക്തിത്വത്തിന്റെ ഏറ്റവും സത്യസന്ധമായ ചലച്ചിത്ര വ്യാഖ്യാനങ്ങളില്‍ ഒന്നായിരുന്നു. വിശ്വാസത്തിന്റെ ഗൃഹാതുരത്വങ്ങള്‍ സൂക്ഷിച്ച നിരീശ്വരവാദിയായിരുന്നു അദ്ദേഹം. പസോളിനി ഒരിക്കല്‍ പറഞ്ഞു: നിങ്ങളെന്നെ ഒരു അവിശ്വാസിയായിട്ടാണ് അറിയുന്നതെങ്കില്‍, എന്നേക്കാള്‍ നന്നായി നിങ്ങള്‍ എന്നെ അറിയുന്നു. ഞാന്‍ ഒരു അവിശ്വാസിയായിരിക്കാം. പക്ഷേ വിശ്വാസം ഗൃഹാതുരത്വമായി കൊണ്ടു നടക്കുന്ന ഒരു അവിശ്വാസിയാണ് ഞാന്‍.”
‘അറേബ്യന്‍ നൈറ്റ്‌സ്’, ‘ഈഡിപോ റേ’, ‘ഡെക്കാമെറോണ്‍’, ‘റാക്കോണ്‍സി ഡി കാന്റര്‍ ബറി’ തുടങ്ങിയവയാണ് പ്രശസ്തമായ മറ്റു പസോളിനി ചിത്രങ്ങള്‍.
സുവിശേഷത്തിന്റെ ഹരിതാഭകള്‍
പസോളിനി സുവിശേഷ വ്യാഖ്യാനം നിര്‍വഹിച്ചത് ബ്ലാക്ക് ആന്റ് വൈറ്റിലാണ്. പക്ഷേ യാഥാര്‍ത്ഥ്യത്തിന്റെ പച്ചനിറമാണ് ചിത്രത്തിലെങ്ങും നിറഞ്ഞു നില്‍ക്കുന്നത്. മാനുഷികത സ്പന്ദിക്കുന്ന കഥാപാത്രങ്ങള്‍. കൃത്രിമത്വം തൊട്ടുതീണ്ടാത്ത ജീവിതചിത്രീകരണം. അതിനുവേണ്ടി തന്നെയാവണം സാധാരണക്കാരും പുതുമുഖങ്ങളുമായ നടീനടന്മാരെ പസോളിനി തിരഞ്ഞെടുത്തത്.
എന്റിക് ഇറാസോക്വി എന്ന ഒരു പത്തൊന്‍പതുകാരന്‍ വിദ്യാര്‍ത്ഥിയെയാണ് ക്രിസ്തുവിനെ അവതരിപ്പിക്കാന്‍ പസോളിനി തിരഞ്ഞെടുത്തത്. നിശ്ചലനും നിശബ്ദനുമായ ക്രിസ്തുവല്ല പസോളിനിയുടേത്. വൈകാരികമായ മാനുഷിക ഭാവങ്ങളിലൂടെ പച്ച മനുഷ്യനായി ക്രിസ്തു കടന്നുപോകുന്നുണ്ട്. തിന്മകള്‍ക്കും കാപട്യങ്ങള്‍ക്കുമെതിരെ ധാര്‍മികരോഷത്തിന്റെ ജ്വാലയായി ക്രിസ്തു ജ്വലിക്കുന്നുണ്ട്. സുദീര്‍ഘവും തീക്ഷ്ണവുമായ ക്രിസ്തുവിന്റെ പ്രഭാഷണം കഴിയുമ്പോള്‍ ഒരു പേമാരി പെയ്തുതീര്‍ന്ന പ്രതീതിയാണുളവാകുന്നത്. പസോളിനിയുടെ അമ്മയായ സൂസന്നയാണ് പരിശുദ്ധ മറിയത്തിന്റെ വാര്‍ദ്ധക്യകാലം അവതരിപ്പിച്ചിരിക്കുന്നത്. ഭക്തയും ഗാഢവിശ്വാസിയുമായിരുന്ന അമ്മയുടെ സ്വാധീനമാകാം ഇത്തരമൊരു വിശുദ്ധ ചിത്രമെടുക്കാന്‍ പസോളിനിക്ക് പ്രേരണയായതെന്ന് സൂചനകളുണ്ട്.
രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ചിത്രം നിശബ്ദമായാണ് ആരംഭിക്കുന്നത്. ഗര്‍ഭിണിയായ മറിയത്തെ ജോസഫ് സന്ദേഹങ്ങളോടെ അഭിമുഖീകരിക്കുന്നതാണ് ആദ്യരംഗം. സുവിശേഷത്തില്‍ സംഭാഷണം വരുന്ന സന്ദര്‍ഭത്തില്‍ മാത്രമാണ് ചിത്രത്തിലും സംഭാഷണം ഉപയോഗിച്ചിരിക്കുന്നത്. മാലാഖയുടെ വിശദീകരണം വഴി ജോസഫിന്റെ സന്ദേഹം ദൂരീകരിക്കപ്പെടുന്നതും യേശുവിന്റെ ജനനവും ജ്ഞാനികളുടെ സന്ദര്‍ശനവും നവജാതശിശുക്കളുടെ വധവുമെല്ലാം മത്തായിയുടെ സുവിശേഷത്തിന് അനുസൃതമായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നു. സ്‌നാപകയോഹന്നാന്റെ ജ്ഞാനസ്‌നാനത്തിനുശേഷം യേശു മരുഭൂമിയില്‍ പരീക്ഷിക്കപ്പെടുന്നത് മനുഷ്യരൂപത്തില്‍ എത്തുന്ന പ്രലോഭകനില്‍ നിന്നാണ്.
പൂര്‍ണമായും സുവിശേഷാധിഷ്ഠിതമായ കഥാഗതി അവലംബിച്ചിരിക്കുന്ന ചിത്രം അവസാനിക്കുന്നത് മരിച്ച് ഉത്ഥാനം ചെയ്ത യേശു, ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കാന്‍ ശിഷ്യന്മാരെ ആഹ്വാനം ചെയ്യുന്നിടത്താണ്.
അനുപമമായ അനുഭവം
മറ്റെല്ലാ ബൈബിള്‍ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരനുഭവമാണ് ഈ സിനിമ. വിശ്വവിഖ്യാത സിനിമാനിരൂപകര്‍ ‘മാസ്റ്റര്‍പീസ്’ എന്നു വാഴ്ത്തിയ ഈ ചിത്രം പക്ഷേ, പതിവു ജനപ്രിയ സിനിമകളില്‍ നിന്ന് വ്യത്യസ്തമാണ്. ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ച ലൂയി എന്റിക്വസ് ബാക്കലോവ് പാശ്ചാത്യസംഗീതപാരമ്പര്യം സമൃദ്ധമായുപയോഗിച്ചിട്ടുണ്ട്. യോഹന്‍ സെബാസ്റ്റിന്‍ ബാക്ക്, മൊസാര്‍ട്ട്, വെബോണ്‍ തുടങ്ങിയ സംഗീതചക്രവര്‍ത്തിമാരുടെ സംഗീതശില്‍പങ്ങളും ഒഡേറ്റ ആലപിച്ച ആഫ്രിക്കന്‍-അമേരിക്കന്‍ ആത്മീയഗീതമായ Sometimes I feel like a Motherless Child തുടങ്ങിയവയും ചിത്രത്തിന്റെ പശ്ചാത്തലസംഗീതമാകുന്നു.
ക്രിസ്തുമതത്തിന്റെ മഹത്തായ കലാപാരമ്പര്യങ്ങള്‍ സമൃദ്ധമായി പ്രയോഗിക്കുവാന്‍ പസോളിനി ഈ ചിത്രത്തെ അവസരമാക്കുകയും ചെയ്തിട്ടുണ്ട്. യേശുവിന്റെ കാലത്ത് പടയാളികള്‍ ധരിക്കുന്നതായി അവതരിപ്പിച്ചിരിക്കുന്ന സൈനികവസ്ത്രങ്ങള്‍ നവോത്ഥാന കാലഘട്ടത്തിലെ പെയിന്റിംഗുകളെയാണ് മാതൃകയാക്കിയിരിക്കുന്നത്. ചരിത്രവും കലയും വിശ്വാസവും ലാവണ്യപൂര്‍ണമാകുന്ന ഈ അനുഭവം പസോളിനിയുടെ പ്രതിഭയുടെ പ്രഘോഷണം കൂടിയാകുന്നു.
സമര്‍പ്പണം മാര്‍പാപ്പയ്ക്ക്
ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയ്ക്കാണ് പസോളിനി ഈ ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലേക്ക് കത്തോലിക്കാ സഭയെ മാര്‍പാപ്പ നയിച്ചുകൊണ്ടുവന്ന രീതി (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍) പസോളിനിയെ ഗാഢമായി ആകര്‍ഷിച്ചിരുന്നു. ”ജോണ്‍ ഇരുപത്തിമൂന്നാമന്റെ സ്‌നേഹപൂര്‍ണവും ആനന്ദകരവും സുപരിചിതവുമായ പാവനസ്മരണയ്ക്കാണ്” ചിത്രത്തിന്റെ സമര്‍ പ്പണം. പസോളിനി തന്നെ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ എന്റിക് ഇറാസോക്വിയെയും സൂസന്ന പസോളിനിയെയും കൂടാതെ മര്‍ഗരീത്താ കരൂസോ, മാരിയോ സോക്രാറ്റ്, മാര്‍സെലോ മൊറാന്‍തോ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം ടോണി നോ ഡെല്ലി കോളി. കലാസംവിധാനം, വസ് ത്രാലങ്കാരം (ബ്ലാക്ക് ആന്റ് വൈറ്റ്), സംഗീതം എന്നിവയ്ക്ക് ഓസ്‌കര്‍ നോമിനേഷന്‍ നേടിയ ചിത്രം ബാഫ്റ്റ അവാര്‍ഡ്, ഇറ്റാലിയന്‍ നാഷനല്‍ സിന്റിക്കേറ്റ് ഓഫ് ഫിലിം ജേര്‍ണലിസ്റ്റിന്റെ സില്‍വര്‍ റിബണ്‍, വെനീസ് ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നിവയും നേടി. ഇറ്റാലിയന്‍ ഭാഷയിലുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ടു മണിക്കൂര്‍ 13 മിനിറ്റാണ്.