കർത്താവ് ഫൗസ്റ്റീനയ്ക്ക് ധ്യാനവിഷയങ്ങൾ നേരിട്ടു പറഞ്ഞു കൊടുക്കുന്നു!

പരിശുദ്ധ കുർബ്ബാനയുടെ മുമ്പിൽ സാഷ്ടാംഗം വീണ് ആരാധിച്ചിരുന്നപ്പോഴാണ് ഏറ്റവും കൂടുതൽ വെളിച്ചം ലഭിച്ചിരുന്നതെന്നു നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടു. കർത്താവ് ഫൗസ്റ്റീനയ്ക്ക് ധ്യാനവിഷയങ്ങൾ നേരിട്ടു പറഞ്ഞു കൊടുക്കുന്നതിനെ കുറിച്ചാണ് നാം ഈ ലക്കത്തിൽ വായിക്കന്നത്. തുടര്‍ന്ന് വായിക്കുക.

ഖണ്ഡിക – 149
കർത്താവ് ഒരാത്മാവിന്റെ അടുത്തായിരിക്കാനും അതിനെ നയിക്കാനും ആഗ്രഹിക്കുമ്പോൾ ബാഹ്യമായിട്ടുള്ളതെല്ലാം അവിടുന്ന് മാറ്റിക്കളയും. എനിക്കു രോഗം പിടിപെടുകയും ആശുപ്രതിയിലേക്കു മാറ്റപ്പെടുകയും ചെയ്തപ്പോൾ, ഇതുമൂലം വളരെ സഹിക്കേണ്ടിവന്നു. ഞങ്ങൾ രണ്ടുപേർ രോഗികളായി ആശുപത്രിയിലു
ണ്ടായിരുന്നു. സിസ്റ്റേഴ്സ് സിസ്റ്റർ N നെ സന്ദർശിക്കാൻ വന്നിരുന്നു, എന്നാൽ, ആരും എന്നെ സന്ദർശിക്കാൻ വന്നില്ല. രോഗികൾക്കായുള്ള ഒരു വലിയ മുറിയിലായിരുന്നു ഞങ്ങളെങ്കിലും ഓരോരുത്തർക്കും വേർതിരിക്കപ്പെട്ട ചെറിയ മുറി അതിലുണ്ടായിരുന്നു. മഞ്ഞുകാലത്തിലെ രാത്രികൾ ദൈർഘ്യമുള്ളതായിരുന്നു. സിസ്റ്റർ N ന് ലൈറ്റും റേഡിയോ ഹെഡ്ഫോണും ഉണ്ടായിരുന്നു. എന്നാൽ, എനിക്കാകട്ടെ വെളിച്ചക്കുറവുമൂലം ധ്യാനത്തിന് ഒരുങ്ങാൻപോലും സാധിച്ചിരുന്നില്ല.

ഇപ്രകാരം ഏകദേശം രണ്ടാഴ്ച കടന്നുപോയി. ഒരുദിവസം വൈകിട്ട് എന്റെ സഹനത്തെപ്പറ്റിയും ധ്യാനത്തിന് ഒരുങ്ങാൻ പോലും വെളിച്ചം ലഭിക്കാത്തതിനെപ്പറ്റിയും ഞാൻ കർത്താവിനോടു പരാതിപ്പെട്ടു. എല്ലാദിവസവും വൈകിട്ടു വന്ന് അടുത്ത ദിവസത്തെ ധ്യാനത്തിന്റെ വിഷയങ്ങൾ കർത്താവു പറഞ്ഞുതരാമെന്നേറ്റു. ഈ വിഷയങ്ങളെല്ലാം അവിടുത്തെ ദാരുണമായ പീഡാസഹനത്തെ സംബന്ധിക്കുന്നവയായിരുന്നു. അവിടുന്നു പറഞ്ഞു, പീലാത്തോസിന്റെ മുമ്പിലുള്ള എന്റെ സഹനത്തെപ്പറ്റി ഓർക്കുക.

അപ്രകാരം അവിടുത്തെ ദാരുണമായ പീഡാസഹനത്തെക്കുറിച്ച് പടിപടിയായി ഒരാഴ്ച ഞാൻ ധ്യാനിച്ചു. ആ സമയം മുതൽ വലിയ ആനന്ദം അനുഭവപ്പെട്ടു. പിന്നീട് എനിക്ക് സന്ദർശകരെക്കുറിച്ചോ വെളിച്ചത്തെക്കുറിച്ചോ ഒരു പരാതിയും ഉണ്ടായില്ല. എല്ലാറ്റിനും പകരമായി ഈശോ എനിക്കു മതിയായവനായിരുന്നു. മഠാധികാരികൾ രോഗികളെക്കുറിച്ചു വളരെ ശ്രദ്ധാലുക്കളായിരുന്നു. എന്നാൽ, ഞാൻ ഉപേക്ഷിക്കപ്പെട്ടവളായി തോന്നാൻ കർത്താവ് അനുവദിച്ചു. അവിടത്തേക്കു പ്രവർത്തിക്കാൻ നല്ല ഗുരുവായ അവിടുന്ന് എല്ലാ സൃഷ്ടികളെയും പിൻവലിച്ചു. പലപ്പോഴും ഞാൻ വളരെ സഹനങ്ങളും പീഡനങ്ങളും അനുഭവിച്ചു. മദർ M (മദർ മാർഗരറ്റ് ആയിരിക്കാം) എന്നോടു പറഞ്ഞു: “സിസ്റ്റർ, നിന്റെ മാർഗ്ഗത്തിൽ സഹനങ്ങൾ പെട്ടെന്ന് മുളപൊട്ടിവരുന്നു. നീ ക്രൂശിക്കപ്പെട്ടിരിക്കുന്നതായി ഞാൻ കരുതുന്നു. ഈശോയ്ക്ക് ഇതിൽ ഒരു കൈയുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. കർത്താവിനോടു വിശ്വസ്തത പുലർത്തുക.”

ഖണ്ഡിക – 150
ഉണ്ണിയീശോയുടെ വി. ത്രേസ്യയെപ്പറ്റി ഒരു സ്വപ്നമുണ്ടായത് എഴുതാൻ ആഗ്രഹിക്കുന്നു. ഞാൻ അപ്പോൾ നോവിഷ്യറ്റിലായിരുന്നു. എങ്ങനെ തരണം ചെയ്യുമെന്നു കരുതിയ ചില സഹനങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. ബാഹ്യമായവയുമായി ബന്ധപ്പെട്ട ആന്തരിക പ്രയാസങ്ങളായിരുന്നു അവ. പല വിശുദ്ധരോടും ഞാൻ നൊവേന നടത്തി. എന്നാൽ, സഹനങ്ങൾ കൂടിവരുകയാണു ചെയ്തത്. ജീവിക്കാൻ തന്നെ ബുദ്ധിമുട്ടായി. പെട്ടെന്ന് ഉണ്ണിയീശോയുടെ വി. ത്രേസ്യയോടു പ്രാർത്ഥിക്കണമെന്ന് ഒരു പ്രേരണ ലഭിച്ചു. ഈ പുണ്യവതിയുടെ പേരിൽ ഒരു നൊവേന ഞാൻ ആരംഭിച്ചു. മഠത്തിൽ ചേരുന്നതിനുമുമ്പ് ഈ പുണ്യവതിയോട് എനിക്കു വലിയ ഭക്തിയുണ്ടായിരുന്നു. ഇപ്പോൾ, ആ ഭക്തിയിൽ ഞാൻ ഉപേക്ഷ വരുത്തിയിരുന്നു. എന്നാൽ, ഈ ആവശ്യത്തിനായി ഞാൻ വളരെ തീക്ഷ്ണതയോടെ പ്രാർത്ഥിച്ചുതുടങ്ങി.

നൊവേനയുടെ അഞ്ചാം ദിവസം ഞാൻ വി. ത്രേസ്യായെ സ്വപ്നംകണ്ടു. ഭൂമിയിൽ ജീവിച്ചിരിക്കുന്നപോലെയാണു കണ്ടത്. ഒരു വിശുദ്ധയാണെന്നു വെളിപ്പെടുത്താതെ ഇപ്രകാരം പറഞ്ഞുകൊണ്ട് എന്നെ ആശ്വസിപ്പിച്ചു: “ഇക്കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടേണ്ടാ; ദൈവത്തിൽ കൂടുതൽ ആശ്രയിക്കുക. ഞാനും വളരെ സഹിച്ചിട്ടുണ്ട്.” എന്നാൽ, ഞാനതു വിശ്വസിച്ചില്ല. ഞാൻ പറഞ്ഞു: “നീ ഒന്നും സഹിച്ചെന്ന് എനിക്കു തോന്നുന്നില്ല.” എന്നാൽ, അവൾ വളരെ സഹിച്ചെന്ന് എനിക്കു ബോദ്ധ്യമാകുന്നവിധത്തിൽ സംസാരിച്ചു. അവൾ എന്നോടു പറഞ്ഞു: “സിസ്റ്റർ, മൂന്നുദിവസത്തിനുള്ളിൽ ഈ പ്രയാസങ്ങളെല്ലാം സന്തോഷപ്രദമായി പര്യവസാനിക്കും.” എന്നാൽ ഞാൻ അവരെ വിശ്വസിക്കായ്കയാൽ അവൾ ഒരു വിശുദ്ധയാണെന്നു വെളിപ്പെടുത്തി. എന്റെ ആത്മാവ് ആനന്ദപൂരിതമായി. ഞാനവരോടു ചോദിച്ചു: “നീ ഒരു വിശുദ്ധയാണോ?” “അതെ” അവൾ മറുപടി പറഞ്ഞു, “ഞാൻ ഒരു വിശുദ്ധയാണ്. മൂന്നു ദിവസത്തിനുള്ളിൽ ഇക്കാര്യങ്ങൾക്കു തീരുമാനമാകും.” ഞാൻ പറഞ്ഞു: “ഏറ്റവും പ്രിയപ്പെട്ട ത്രേസ്യാ, ഞാൻ സ്വർഗ്ഗത്തിൽ പോകുമോ എന്ന് എന്നോടു പറയുമോ?” അവൾ മറുപടി പറഞ്ഞു: “ഉവ്, സഹോദരി സ്വർഗ്ഗത്തിൽ പോകും”. “ഞാനൊരുവിശുദ്ധയാകുമോ?” അതിന് ഇപ്രകാരം ഉത്തരമരുളി, “ഉവ്വ്, നീയൊരു വിശുദ്ധയാകും.” “എന്നാൽ കൊച്ചുത്രേസ്യാ, നിന്നെപ്പോലെ ഞാൻ അൾത്താരയിലേക്ക് ഉയർത്തപ്പെട്ട ഒരു വിശുദ്ധയാകുമോ?” അവൾ പറഞ്ഞു: “ഉവ്വ്, എന്നെപ്പോലെ നീയും ഒരു വിശുദ്ധയാകും. എന്നാൽ, നീ കർത്താവീശോയിൽ ആശ്രയിക്കണം.”

പിന്നീട്, എന്റെ അപ്പനും അമ്മയും സ്വർഗ്ഗത്തിൽ പോകുമോ എന്നു ഞാൻ ചോദിച്ചു. (പൂർത്തീകരിക്കാത്ത വാചകം),  അവർ പോകുമെന്ന് വിശുദ്ധ മറുപടി പറഞ്ഞു. ഞാൻ വീണ്ടും ചോദിച്ചു: “എന്റെ സഹോദരിമാരും സഹോദരൻമാരും സ്വർഗ്ഗത്തിൽ പോകുമോ?” അവർക്കുവേണ്ടി ശക്തമായി പ്രാർത്ഥിക്കാൻ അവൾ ആവശ്യപ്പെട്ടു, വ്യക്തമായ ഒരു മറുപടി തന്നില്ല. അവർക്കു വളരെ പ്രാർത്ഥന ആവശ്യമാണെന്ന് എനിക്കു മനസ്സിലായി. 

ഇതൊരു സ്വപ്നമായിരുന്നു. പഴഞ്ചൊല്ലിൽ പറയുന്നപോലെ സ്വപ്നങ്ങൾ മായാസൃഷ്ടികളാണ്; ദൈവം വിശ്വാസമാണ്. എന്തായാലും, അവർ പറഞ്ഞപോലെ മൂന്നുദിവസത്തിനുള്ളിൽ ആ പ്രയാസങ്ങൾക്കു വളരെ എളുപ്പത്തിൽ തീരുമാനമായി. അവർ പറഞ്ഞതുപോലെതന്നെ എല്ലാം സംഭവിച്ചു. അതൊരു സ്വപ്നമായിരുന്നെങ്കിലും, അതിന് അതിന്റേതായ പ്രാധാന്യം ഉണ്ടായിരുന്നു.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles