സുവിശേഷത്തിന്റെ കൊടുങ്കാറ്റ്

ഒരു മാളിക മുറിയിലാണ് ആ സമ്മേളന ഹാള്‍. ബലഹീനതകളും കുറവുകളും വീഴ്ചകളുമുള്ള സാധാരണക്കാരായ 120ഓളം പേര്‍ ആണ് അവിടെ സമ്മേളിച്ചിരിക്കുന്നത്. ലോകത്തിന്റെ ചരിത്രത്തെ തന്നെ മാറ്റിമറിക്കാന്‍ പോന്ന ആ വലിയ സംഭവം നടന്നത് അവിടെ തന്നെയാണ്. വലിയൊരു കൊടുങ്കാറ്റ് ആ സമ്മേളന ഹാളിലേക്ക് ആഞ്ഞടിക്കുകയാണ്. പടുവൃക്ഷങ്ങളും വലിയ കെട്ടിടങ്ങളും തകര്‍ത്തെറിയുന്നതാണീ കൊടുങ്കാറ്റ്. എന്നാല്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതിനു പകരം വലിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പാണ് അവിടെ സംഭവിക്കുന്നത്. കാരണം ഈ കൊടുങ്കാറ്റ് പുറപ്പെട്ടിരിക്കുന്ന്ത് സ്വര്‍ഗ്ഗത്തില്‍ നിന്നാണ്.

പിന്നീട് അവിടെ സംഭവിച്ചത് അത്ഭുതങ്ങളാണ്. ആരുടെയെല്ലാം മേല്‍ കൊടുങ്കാറ്റ് ആഞ്ഞുവീശിയോ അവരെല്ലാം സുവിശേഷത്തിന്റെ കൊടുങ്കാറ്റായി മാറി. പാപത്തിന്റെ പടുവൃക്ഷങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ട് ആ കാറ്റ് ഭൂഖണ്ഡങ്ങളിലേക്ക് ആഞ്ഞടിച്ചു. വ്യക്തികള്‍, കുടുംബങ്ങള്‍, രാജ്യങ്ങള്‍ എന്നിവ സുവിശേഷത്തിന്റെ അഗ്നിയാല്‍ കത്തിജ്വലിക്കാന്‍ തുടങ്ങി. ബലഹീനരായ മനുഷ്യര്‍ ബലമുള്ളവരായി. കുറവുകളുള്ളവര്‍ കൃപകളുള്ളവരായി. വീണു കിടക്കുന്നവരെല്ലാം ഉണര്‍ന്നെഴുന്നേറ്റു. ആരുടെയെല്ലാം മേല്‍ കാറ്റു വീശിയോ അവരെല്ലാം പ്രേഷിതരായി മാറി.

ദൈവസന്നിധിയില്‍ സ്വസ്ഥമായി ഇരിക്കുന്നവര്‍ക്ക് ഇന്നും ആ കൊടുങ്കാറ്റിന്റെ ആരവം കേള്‍ക്കാന്‍ സാധിക്കും. സുവിശേഷം ഏതെങ്കിലും യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ സംഭാവനയല്ല്. ആരുടെയെങ്കിലും ബുദ്ധിയില്‍ ഉരുത്തിരിഞ്ഞ ആശയമല്ല. അത് പരിശുദ്ധാത്മാവിനാല്‍ രൂപപ്പെട്ടതാണ്. ആദിമ സഭയുടെ ഉണര്‍വ്വിനും അഭിഷേകത്തിനും കാരണമായി മാറിയത് പെന്തക്കുസ്തയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റാണെങ്കില്‍ ഈ കാലഘട്ടത്തിലുള്ളവരെല്ലാം സുവിശേഷത്തിന്റെ ഒരു കൊടുങ്കാറ്റായി മാറണം. (യോഹന്നാന്‍ 3:8)

എന്റെ വ്യക്തിപരമായ ജീവിതത്തില്‍ ആത്മാവ് എന്നെ വഴിനടത്തിയത് അതുഭ്തകരമായ വിധത്തിലാണ്.
കര്‍ത്താവിന്റെ വിളി ലഭിക്കുമ്പോള്‍ ഞാന്‍ ഒരു ബാലനായിരുന്നു. അന്നുതൊട്ടിന്നോളം ഞാന്‍ ഒരു സുവിശേഷകനാണ്. സ്വര്‍ഗരാജ്യം നിറയ്ക്കണം. ആത്മാക്കളെ നേടണം. ദൈവവചനം ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ എത്തിക്കണം. ഇതൊക്കെയായിരുന്നു എന്റെ സ്വപ്‌നങ്ങള്‍. ഞാന്‍ എന്റേ സ്വപ്‌നങ്ങള്‍ സാധ്യമാക്കാന്‍ തീക്ഷ്ണതയോടെ ഓടിനടക്കുന്ന കാലം. എകദേശം എനിക്ക് ഇരുപത് വയസുള്ളപ്പോള്‍ ഒരു പ്രഭാതത്തില്‍ ഒരിക്കല്‍ പരിശുദ്ധാത്മാഭിഷേകത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. ആ സമയം ദൈവസാന്നിദ്ധ്യം ഒരു പുതപ്പുപോലെ പൊതിയുന്നതായി എനിക്ക് അനുഭവപ്പെട്ടു. ആ സമയം എന്റെ മനസ്സില്‍ വര്‍ണ്ണിക്കാനാവാത്ത ആനന്ദം ഉണ്ടായി. ആ ദിവ്യാനുഭൂതിയില്‍ ഞാന്‍ ലയിച്ചിരിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. നശിച്ചു കൊണ്ടിരിക്കുന്ന ആത്മാക്കളെ പ്രതിയുള്ള ഒരാത്മഭാരം എന്റെ ഉള്ളില്‍ നിറഞ്ഞു. ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാന്‍ ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ അനുഭവിച്ച ദൈവികാനുഭവത്തെ വര്‍ണിക്കാന്‍ വാക്കുകള്‍ പോരാ. ആ സമയം കഴിയരുതെ എന്നുമാത്രമായിരുന്നു എന്റെ പ്രാര്‍ത്ഥന. ആ ദിവ്യാനുഭൂതിയില്‍ ഞാന്‍ ലയിച്ചുകൊണ്ടിരിക്കുമ്പോള്‍ കര്‍ത്താവ് എനിക്കൊരു ദൈവികദര്‍ശനം നല്‍കി. നൂറുകണക്കിന് വൈദികരുടെയും സന്യസ്തരുടെയും മുന്നില്‍ നിന്നുകൊണ്ട് ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നതായിട്ട്. ആ സമയം കര്‍ത്താവ് എന്നോടു സംസാരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. മുറിവേറ്റൊരു കുഞ്ഞാടിനെ യേശു എന്റെ കൈയ്യില്‍ തന്നിട്ടു പറഞ്ഞു. തകര്‍ന്നു കൊണ്ടിരിക്കുന്ന സുവിശേഷ വേലക്കാരുടെ അടുത്തേക്ക് ഞാന്‍ നിന്നെ അയക്കും. അപ്പോള്‍ ഞാനറിയാതെ പറഞ്ഞു. ‘ഇതാ കര്‍ത്താവേ നിന്റെ ദാസനിതാ, എന്നെ അയച്ചാലും.’ ഇന്നു ഞാന്‍ എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ പതിനായരിക്കണക്കിന് സന്യസ്തരേയും സുവിശേഷകരെയും ഫയര്‍കോണ്‍ഫറന്‍സുകളിലൂടെ ആത്മാഭിഷേകത്തിന്റെ പുത്തന്‍ ഉണര്‍വ്വിലേക്കും അഭിഷേകത്തിലേക്കും നയിക്കാന്‍ ദൈവം എന്നെ പ്രയോജനപ്പെടുത്തി. ധ്യാനത്തില്‍ പങ്കെടുത്ത അനേകര്‍ പരിശുദ്ധാത്മാവിനെ ആഴത്തില്‍ അനുഭവിച്ചു. അനേകം സുവിശേഷകര്‍ സുവിശേഷ വേലയില്‍ ശോഭിക്കാന്‍ തുടങ്ങി. അനേകര്‍ക്ക് സുവിശേഷത്തിനായി പുതിയ വാതിലുകള്‍ ദൈവം തുറന്നുകൊടുത്തു. ചിലരൊക്കെ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ അത്ഭുതകങ്ങളിലൂടെയും അടയാളങ്ങളിലൂടെയും വചനം സ്ഥിരീകരിക്കാന്‍ തുടങ്ങി. എന്റെ ജീവിതത്തില്‍ പരിശുദ്ധാത്മാവ് ചെയ്യുന്ന വന്‍കാര്യങ്ങള്‍ ധ്യാനം കൂടുന്നവരുടെ ജീവിതത്തിലും പകര്‍ത്തപ്പെടുന്നതായിട്ട് എനിക്ക് അനുഭവപ്പെട്ടു.
വാക്കാലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ബലത്താലും പരിശുദ്ധാത്മാവിന്റെ ശക്തിയാലും ഞാന്‍ വഴി ക്രിസ്തു പ്രവര്‍ത്തിച്ചവയൊഴികെ ഒന്നിനെക്കുറിച്ചും സംസാരിക്കാന്‍ ഞാന്‍ തുനിയുകയില്ല. തന്നിമിത്തം, ഞാന്‍ ജെറുസലേം തുടങ്ങി ഇല്ലിറിക്കോണ്‍ വരെ ചുറ്റി സഞ്ചരിച്ച് ക്രിസ്തുവിന്റെ സുവിശേഷം പൂര്‍ത്തിയാക്കി. (റോമ 15:18-20).

നാം എത്ര നന്നായി പ്രസംഗിക്കുന്നവരായാലും എത്ര ജനപ്രീതിയുള്ളവരായാലും ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരായാലും ദൈവം ഏറ്റെടുക്കുമ്പോഴാണ് വിജയം ഉണ്ടാകുന്നത്. സ്വന്തം കഴിവുകളും കഴിഞ്ഞ കാലത്തെ അനുഭവങ്ങളും അറിവുകളും പരിചയവും കൊണ്ട് വിജയകരമായ ആത്മീയശുശ്രൂഷ ചെയ്യുവാന്‍ സാധ്യമല്ല. അവയ്ക്ക് മീതെ ദൈവസാന്നിധ്യത്തിന്റെ പ്രത്യേകമായ സ്പര്‍ശനം കൂടി വേണം. നമ്മുടെ സ്വന്തമായ പരിശ്രമം കൊണ്ട് സ്വര്‍ഗ്ഗീയാഗ്നിയില്‍ നിന്ന് ഒരു മെഴുകുതിരി ജ്വാലപോലും കത്തിച്ചെടുക്കുവാന്‍ നമുക്ക് സാധിക്കുകയില്ല.

~ ഷാജന്‍ അറക്കല്‍ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles