വിശ്വാസം എന്നാൽ ജീവിതമാണ്‌

ഏക ദൈവത്തിലുള്ള വിശ്വാസം വാക്കിലല്ല, പ്രവൃത്തിയില്‍, സഹോദരസ്നേഹമായി യാഥാര്‍ത്ഥ്യമാക്കണമെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. നാം ദൈവത്തെ മറന്നു ജീവിക്കാറുണ്ട്. സഹോദരങ്ങളെയും മറന്നു മുന്നോട്ടു പോവുകയും, തല്‍സ്ഥാനത്ത് സ്വാര്‍ത്ഥതാല്പര്യങ്ങളുടെ ബിംബങ്ങള്‍ കെട്ടിപ്പടുക്കാറുമുണ്ട്. അങ്ങനെ മെല്ലെ നാം ദൈവത്തെ മറന്ന് മാനുഷികമായ വ്യര്‍ത്ഥമോഹങ്ങളില്‍ മുഴുകുന്നു. ദൈവരാജ്യത്തിലേയ്ക്കുള്ള വഴിയില്‍ സ്വാര്‍ത്ഥമോഹത്തിന്‍റെ കുഴിച്ചിട്ട നിധികള്‍ കൈക്കലാക്കാനുള്ള വ്യഗ്രതയില്‍ നാം തപ്പിത്തടഞ്ഞ്, വഴിതെറ്റിപ്പോകുന്നു. അതിനാല്‍ ദൈവരാജ്യത്തിന്‍റെ പാതയില്‍ ചരിക്കണമെങ്കില്‍, നാം അണിഞ്ഞിട്ടുള്ള സ്വാര്‍ത്ഥവിഗ്രഹങ്ങളുടെ മുഖംമൂടി എടുത്തുമാറ്റേണ്ടിയിരിക്കുന്നു.

ദൈവികപാത സഹോദര സ്നേഹത്തിന്‍റേതാണ്. അത് വിശ്വസ്തതയുടെ വഴിയും, ത്യാഗസമര്‍പ്പണത്തിന്‍റെ വഴിയുമാണ്, സ്വയാര്‍പ്പണത്തിന്‍റേതാണ്. വ്യക്തികള്‍ കുടുംബത്തിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും ജീവിതാദര്‍ശനങ്ങള്‍ക്കുവേണ്ടിയും സ്വയാര്‍പ്പണം ചെയ്യുന്ന സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും കുരിശിന്‍റെ വഴിയാണിത്. അതില്‍ സ്നേഹമുണ്ട്, ജീവനുണ്ട്, അവസാനം ക്രിസ്തുവിന്‍റേതുപോലെ വിജയമുണ്ട്.

വിശ്വാസം പ്രബോധനമല്ല, ജീവിതമാണ്! ജീവിതത്തിലും ജീവിതസാഹചര്യങ്ങളിലുമാണ് വിശ്വാസം വളരുന്നതും ഫലമണിയുന്നതും. വിശ്വാസം തത്വസംഹിതകളെ മാത്രം സംബന്ധിക്കുന്നതാകുമ്പോള്‍ അത് ബൗദ്ധികമായി മാറുന്നു. അങ്ങനെ ഹൃദയത്തെ സ്പര്‍ശിക്കാതെയും പോകുന്നു. വിശ്വാസം കുറെ പ്രവര്‍ത്തനങ്ങള്‍ മാത്രമായാലും അത്, വെറും സദാചാരപരമായ സാമൂഹ്യസേവനമായി പരിണമിക്കും. വിശ്വാസം ജീവിതമാണ് – അത് നമ്മുടെ ജീവിതങ്ങളെ പരിവര്‍ത്തനം ചെയ്തു രൂപാന്തരപ്പെടുത്തിയ ദൈവസ്നേഹം ജീവിക്കുന്നതാണ്. അതിനാല്‍ പ്രമാണത്തിനും കര്‍മ്മോന്മുഖതയ്ക്കും തമ്മില്‍ താരതമ്യമില്ല.

ദൈവത്തിന്‍റെ പദ്ധതികള്‍ അവിടുത്തോടു ചേര്‍ന്നുനിന്നുകൊണ്ടും, പരസ്പരം തുണച്ച് കൂട്ടായ്മയില്‍ ജീവിച്ചുകൊണ്ടും, സഹോദരങ്ങളുടെകൂടെ നടന്നുകൊണ്ടും ദൈവികമായി നിവര്‍ത്തിതമാക്കാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവമക്കള്‍. അതിനാല്‍ വിശ്വാസപ്രഘോഷണത്തിന്‍റെ കാതലായ രഹസ്യമാണ് സഹോദര സ്നേഹമെന്നതില്‍ സംശയമില്ല.

അയല്‍ക്കാരനെ സ്നേഹിക്കുക എന്നു പറയുന്നത് നമ്മുടെ സഹോദരങ്ങളുടെ ജീവിതത്തില്‍ ദൈവിക സാന്നിദ്ധ്യത്തിന്‍റെ നവീനത അനുഭവവേദ്യമാക്കുക എന്നാണ്.ക്രൈസ്തവരായ നാം സഹോദരങ്ങള്‍ക്ക് അയല്‍ക്കാരാകുന്നുണ്ടോ എന്നു നാം ഇന്നാളില്‍ സ്വയം ചോദിക്കേണ്ടതാണ്. അതിന് നാം നമ്മുടെ ചുറ്റുവട്ടങ്ങള്‍ വിട്ടിറങ്ങുകയും, ദൈവം ആര്‍ദ്രമായി നമ്മെ അന്വേഷിച്ചിറങ്ങുന്നതുപോലെ നമ്മില്‍പ്പെടാത്ത ഒരുവനെയും ഒരുവളെയും, എളിയവരെയും പാവങ്ങളെയും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും പരിത്യക്തരെയും ആശ്ലേഷിക്കേണ്ടിയിരിക്കുന്നു, ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. പലപ്പോഴും നമുക്കുണ്ടാകുന്ന പ്രലോഭനം സ്വാഭാവികമാണ്, അതായത് കൈയ്യൊഴിയുക അല്ലെങ്കില്‍ ഊരിപ്പോവുക! തടിതപ്പുക!! ആബേലിനോടു കായേനും,യേശുവിനോടു പീലാത്തോസും ചെയ്തത് ഇതുതന്നെയാണ്. അവര്‍ കൈകഴുകി, കൈയ്യൊഴിഞ്ഞു. എന്നാല്‍ മറിച്ചാണു നാം ചെയ്യേണ്ടത് സഹോദരങ്ങള്‍ക്കുവേണ്ടി കൈ അഴുക്കാക്കാനും, ത്യാഗത്തില്‍ ജീവിതങ്ങള്‍ സമര്‍പ്പിക്കാനും സന്നദ്ധരാവണം.

ദൈവം നമ്മോട് ആവശ്യപ്പെടുന്നത് സമ്പൂര്‍ണ്ണസമര്‍പ്പണമാണ്. നാം സൃഷ്ടിക്കപ്പെട്ടത് ആത്മീയ സന്തോഷത്തിന്‍റെ ജീവിതവഴി, ക്രിസ്തു കാട്ടിത്തന്ന സഹോദര സ്നേഹത്തിന്‍റെ വഴി തിരഞ്ഞെടുക്കാനാണ്. അങ്ങനെ ക്രൈസ്തവജീവിതം നമ്മെ വെല്ലുവിളിക്കുന്നു. വിശുദ്ധിയ്ക്കായുള്ള സമ്പൂര്‍ണ്ണ പാതയിലേയ്ക്കാണ് ആ വെല്ലുവിളി. കുറെ ഇതും, പിന്നെ അതും എന്നല്ല. വിനയവും, കരുണയും, എളിമയും വിശുദ്ധിയുമുള്ള ദൈവം തന്നെയായ ക്രിസ്തുവിനെയാണ് നാം തിര‍ഞ്ഞെടുത്തത്. അതിനാല്‍ ഭൂമിയെക്കാള്‍ സ്വര്‍ഗ്ഗത്തെ നാം ആര്‍ദ്രമായി സ്നേഹിക്കുന്നു. പിന്നെ ആ സ്നേഹം സഹോദര സ്നേഹമായി അനുദിന ജീവിതത്തില്‍ നാം പകര്‍ത്തേണ്ടിയിരിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles