“തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണം”: സീറോ മലബാര്‍ മീഡിയ കമ്മിഷന്‍

കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കിയ മാര്‍പാപ്പായുടെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് സീറോമലബാര്‍ മീഡിയ കമ്മിഷന്‍. വത്തിക്കാനില്‍ നിന്നു വന്ന തീരുമാനങ്ങള്‍ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുടെ സത്യാവസ്ഥ അറിയിക്കുന്നതിനാണ് ഈ കുറിപ്പ്.

ഒന്നാമതായി, മേജര്‍ ആര്‍ച്ചുബിഷപ്പ് അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് വത്തിക്കാന്‍ തീരുമാനം നടപ്പിലാക്കുന്നതിന് എറണാകുളം മേജര്‍ ആര്‍ച്ചുബിഷപ്സ് ഹൗസില്‍ ചെന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. മാര്‍പാപ്പായുടെ തീരുമാനങ്ങള്‍ വത്തിക്കാന്‍ പ്രതിനിധി വഴി മുന്‍കൂട്ടി അറിയാമായിരുന്ന മാര്‍ ആലഞ്ചേരി പിതാവ്, അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ക്രമീകരണത്തിനുശേഷം, തിരക്കുപിടിച്ച ഒരു ദിവസത്തിന്റെ അവസാനത്തില്‍ ജൂണ്‍ 26-ാം തിയതി വൈകുന്നേരം എട്ടു മണിയോടെയാണ് എറണാകുളം മേജര്‍ ആര്‍ച്ചുബിഷപ്സ് ഹൗസില്‍ എത്തുന്നത്. ആദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നത് സഭയുടെ ആസ്ഥാനകാര്യാലയത്തിലെ രണ്ട് വൈദികരും സെക്രട്ടറിയായ വൈദികവിദ്യാര്‍ത്ഥിയുമായിരുന്നു. മേജര്‍ ആര്‍ച്ചുബിഷപ്സ് ഹൗസിലെത്തിയ      പിതാവ് ഭക്ഷണമുറിയിലായിരുന്ന അഭിവന്ദ്യ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിനെ കാണുകയും, പിതാവിനോടും മറ്റ് വൈദികരോടുമൊപ്പം അത്താഴം കഴിക്കുകയും ചെയ്തു. പിന്നീട് മാര്‍ എടയന്ത്രത്ത് പിതാവുമായി വത്തിക്കാന്റെ തീരുമാനങ്ങളെ സംബന്ധിച്ച് വ്യക്തിപരമായ സംഭാഷണം നടത്തിയ ശേഷമാണ് പിതാവ് ഉറങ്ങാന്‍ പോയത്. 27-ാം തിയതി രാവിലെ മാര്‍ ആലഞ്ചേരി  പിതാവ് കൂരിയായിലുള്ള മറ്റുള്ളവരെ കാണുകയും ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. ചുണങ്ങംവേലി നിവേദിതയിലായിരുന്ന സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലുമായി സംസാരിച്ച് കാര്യങ്ങള്‍ ക്രമപ്പെടുത്തുയുണ്ടായി. ഒരു കാര്യം ഇവിടെ വ്യക്തമാക്കപ്പെടേണ്ടതുണ്ട്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തു നിന്ന് ഒരിക്കലും മാറ്റിനിര്‍ത്തപ്പെട്ടിട്ടില്ല. പിതാവിന്റെയും സ്ഥിരം സിനഡിന്റെയും ആശയപ്രകാരവും അംഗീകാരത്തോടെയുമാണ് മാര്‍ ജേക്കബ് മനത്തോടത്ത് പിതാവിനെ അഡ്മിനിസ്ട്രേറ്റര്‍ (സേദേ പ്ലേന) ആയി നിയമിച്ചത്. അതിനു ശേഷവും  അതിരൂപതയുടെ മെത്രാപ്പോലീത്തയായി ആലഞ്ചേരി പിതാവു തുടരുകയായിരുന്നു. ഇതാണ് (സേദേ പ്ലേന) എന്ന ലത്തീന്‍ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. ആ നിലയില്‍ എറണാകുളം മേജര്‍ ആര്‍ച്ചുബിഷപ്സ് ഹൗസിലുള്ള തന്റെ മുറിയില്‍ നിയമപ്രകാരം താമസം തുടരാമായിരുന്നു എന്നിരിക്കെ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിലേയ്ക്ക് അദ്ദേഹം താമസം മാറ്റിയത് അഡ്മിനിസ്ട്രേറ്റര്‍ക്ക് തന്റെ ഉത്തരവാദിത്വം സ്വതന്ത്രമായി നിര്‍വഹിക്കുവാന്‍ അവസരം നല്‍കുന്നതിനു വേണ്ടിയായിരുന്നു. അഡ്മിനിസ്ട്രേറ്ററിന്റെ സേവനം പരിശുദ്ധ പിതാവ് അവസാനിപ്പിച്ചപ്പോള്‍ സ്വാഭാവികമായും അതിരൂപതയുടെ ഭരണച്ചുമതല കര്‍ദ്ദിനാളില്‍ നിക്ഷിപ്തമായി. അഡ്മിനിസ്ട്രേറ്റര്‍ ഉണ്ടായിരുന്ന സമയത്തും അതിരൂപതയുടെ മെത്രാപ്പോലീത്ത താനായിരുന്നതുകൊണ്ട് റോമില്‍ നിന്നു വന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകിച്ച് ചുമതലയേല്‍ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അതേസമയം, മാര്‍പാപ്പ നല്‍കിയ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഹായമെത്രാന്മാരുമായി സംസാരിക്കേണ്ടതുണ്ടായിരുന്നു. വത്തിക്കാന്റെ തീരുമാനം അഡ്മിനിസ്‌ട്രേറ്ററെയും സഹായമെത്രാന്മാരെയും വത്തിക്കാന്‍ പ്രതിനിധി മുന്‍കൂട്ടി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, എറണാകുളം-അങ്കമാലി മെത്രാപ്പോലീത്തയെന്ന നിലയിലുള്ള തന്റെ സ്വന്തം വസതിയിലേയ്ക്ക് മേജര്‍ ആര്‍ച്ചുബിഷപ്പ് 26-ാം തിയതി വൈകുന്നേരം എത്തിച്ചേര്‍ന്നത്. മറിച്ച്,  പോലീസിന്റെ സാന്നിദ്ധ്യത്തില്‍ രാത്രിയില്‍ അരമനയില്‍ എത്തി ചാര്‍ജ് എടുത്തെന്ന പ്രചരണം വസ്തുതാപരമല്ല.

രണ്ടാമതായി, സഹായമെത്രാന്മാരുടെ കാര്യത്തില്‍ വത്തിക്കാന്‍ തീരുമാനം നടപ്പിലാക്കിയ രീതിയെക്കുറിച്ചാണ്. ഒരു വര്‍ഷത്തിനു മുന്‍പ് മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിക്കപ്പെട്ടപ്പോള്‍ സഹായമെത്രാന്മാരെ അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന അധികാരത്തില്‍ നിന്നാണ് മാറ്റി നിര്‍ത്തിയിരുന്നത്. (”… the powers granted to the Auxiliary Bishops of the Archeparchy of Ernakulam-Angamaly are also suspended.’ – Letter from the Congregation for the Oriental Chruches, Prot. No. 157/2018, June 22, 2018). എന്നാല്‍, ഇത്തവണ മാര്‍പാപ്പായുടെ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതി  നല്‍കിയിരിക്കുന്ന കത്തില്‍ പറഞ്ഞിരിക്കുന്നത് ഈ മെത്രാന്മാരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നു എന്നാണ്. (”His Lordship Bishop Sebastian Adayanthrath and His Lordship Bishop Jose Puthenveettil are to be suspended from  their Offices as Auxiliary Bishops of the Archeparchy of Ernakulam-Angamaly.’ – N. 2847/19, dated 24 June 2019) സീറോമലബാര്‍ സഭയുടെ സിനഡ് ഈ രണ്ടു പിതാക്കന്മാരുടെയും പുതിയ അജപാലന ശുശ്രൂഷയെ സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും വത്തിക്കാന്‍ പ്രതിനിധിയുടെ കത്തില്‍ പറയുന്നുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തുനിന്ന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിനെയും മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പിതാവിനെയും  മാറ്റി നിര്‍ത്തിയ സാഹചര്യത്തില്‍, പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തില്‍ നിന്ന് നല്‍കപ്പെട്ട കത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, മേജര്‍ ആര്‍ച്ചുബിഷപ്പുമായി ആലോചിച്ചാണ് സഹായമെത്രാന്മാര്‍ അവരുടെ പുതിയ താമസസ്ഥലം തീരുമാനിച്ചിരിക്കുന്നത്. (”The Auxiliary Bishops shall choose their residences in consultation with Your Beatitude, awaiting the discernment of the Synod of Bishops regarding their future role’. – Letter from the Prefect of the Oriental Congregation.’ – (Prot. N. 157/2018, dated 26 June, 2019). അതിന്‍പ്രകാരം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് കാഞ്ഞൂരുള്ള ഐശ്വര്യഗ്രാമിലും, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പിതാവ് ചുണങ്ങംവേലിയിലുള്ള നിവേദിതയിലും താമസമാക്കിയിരിക്കുന്നു.

മൂന്നാമതായി, മാര്‍പാപ്പാ നല്‍കിയ തീരുമാനങ്ങളും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രിഗേഷന്‍ പഠിച്ചതിനു ശേഷം മാര്‍പാപ്പായ്ക്കു നല്‍കിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് പരിശുദ്ധ പിതാവ് തീരുമാനങ്ങള്‍ എടുത്തത് എന്ന് പൗരസ്ത്യ തിരുസംഘത്തില്‍ നിന്നുള്ള കത്തിന്റെ ആമുഖത്തില്‍ വ്യക്തമായി പറയുന്നുണ്ട്. (”These decisions of the Roman Pontiff were taken after this Congregation had studied the report presented by the Apostolic Administrator and submitted some proposals, in preparation for the August Session of the Synod of Bishops of the Syro-Malabar Church, for the approval of the Holy Father’. – Prot. N. 157/2018, dated June 26, 2019). മാത്രവുമല്ല, പരിശുദ്ധ പിതാവിന്റെ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് വത്തിക്കാന്‍ പ്രതിനിധി എഴുതിയ കത്തില്‍ മൂന്നാമതായി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ നിന്നും കോണ്‍ഗ്രിഗേഷന്റെ കത്തില്‍ അതിരൂപതയുടെ സാമ്പത്തിക ഭരണം സംബന്ധിച്ച് മേജര്‍ ആര്‍ച്ചുബിഷപ്പിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളില്‍ നിന്നും വ്യക്തമാകുന്നത്, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പൗരസ്ത്യ തിരുസംഘത്തിന് നല്‍കിയ റിപ്പോര്‍ട്ടും കൂടി പരിഗണിച്ചാണ് തീരുമാനം വന്നിരിക്കുന്നത് എന്നാണ്. ഇതില്‍ നിന്നു വ്യത്യസ്തമായി മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് അഭിപ്രായം പറഞ്ഞിരിക്കുന്നുവെന്ന രീതിയിലുള്ള മാധ്യമ വാര്‍ത്തകള്‍ ശരിയല്ല. അദ്ദേഹം മാധ്യമങ്ങളോട് സൂചിപ്പിച്ചതുപോലെ, അഡ്മിനിസ്‌ട്രേറ്ററുടെ സേവനം സമാപിപ്പിച്ചതും സഹായ മെത്രാന്മാരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയതുമായ തീരുമാനങ്ങള്‍ മാര്‍പാപ്പ എടുത്തിരിക്കുന്നത് വിവിധ തലങ്ങളില്‍, വിവിധ സ്രോതസ്സുകളിലൂടെ ലഭിച്ച വാര്‍ത്തകളുടെയും റിപ്പോര്‍ട്ടുകളുടെയും വത്തിക്കാന്റെ സ്വന്തമായ അന്വേഷണ മാര്‍ഗ്ഗങ്ങളിലൂടെ ലഭിച്ച റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ്. പരിശുദ്ധ പിതാവിന്റെയും പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘത്തിന്റെയും തീരുമാനങ്ങളെ അംഗീകരിക്കാതെ അവയ്‌ക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കുകയും അത്   മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന നടപടി ആരുടെ ഭാഗത്തുനിന്ന്് ഉണ്ടായാലും തികഞ്ഞ അച്ചടക്ക ലംഘനമാണ്. സഭാ സംവിധാനത്തില്‍ അംഗീകരിക്കാനാവാത്ത നിലപാടാണിത്. അതിനാല്‍, ദൈവമഹത്വത്തിനും സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കും വേണ്ടി സഭാധികാരികളിലൂടെ ദൈവം ഭരമേല്പിച്ചിട്ടുള്ള ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കാന്‍ എല്ലാവരും പരിശ്രമിക്കേണ്ടതാണ്.

ബിഷപ്പ് ജോസഫ് പാംപ്ലാനി
ചെയര്‍മാന്‍,
സീറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles