സാവിയോ ഫെസ്റ്റ് അവസ്മരണീയമായി
ഡബ്ലിൻ: അൾത്താര ശുശ്രൂഷികളുടെ വസ്ത്രം ധരിച്ച 250 ലേറെ കുട്ടികൾ മാലാഖമാരേപ്പോലെ പാട്ടുപാടിയും പ്രാർഥിച്ചും സ്തുതിച്ചും ഒത്തുചേർന്ന അനുഗ്രഹീത നിമിഷങ്ങൾ…മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികനായ വിശുദ്ധ കുർബാന… കുട്ടികളേയും അധ്യാപകരേയും മാതാപിതാക്കളേയുംകൊണ്ട് നിറഞ്ഞ ദേവാലയം. ഇതെല്ലാം ഡബ്ലിൻ സീറോ മലബാർ സഭയുടെ പ്രഥമ സാവിയോ ഫെസ്റ്റിനെ അവിസ്മരണീയമാക്കി.
ഡബ്ലിൻ സീറോ മലബാർ സഭയുടെ അഭിമാനമായ്, മാസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിൽ ഭാഷയുടെ വേലിക്കെട്ടുകൾ മറികടന്ന് 9 കുർബാന സെന്‍ററുകളിലായി മുന്നോറോളം കുട്ടികൾ അൾത്താരശുശ്രൂഷകരായി സേവനം ആരംഭിച്ചുകഴിഞ്ഞു.
ദേവാലയ ശുശ്രൂഷകരുടെ മാതൃകയും പ്രചോദനവുമായ വിശുദ്ധ ഡൊമിനിക് സാവിയോയുടെ തിരുനാൾ ദിനമായ മേയ് 6 നു ബ്ലാഞ്ചർഡ്സ്ടൗണിലെ ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിൽ നടന്ന അൾത്താര ബാലകരുടെ സംഗമം യുറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഡൊമിനിക് സാവിയോ, വിശുദ്ധ ജോൺ ബെർക്കുമാൻസ്, വിശുദ്ധ മരിയ ഗൊരേത്തി തുടങ്ങിയ വിശുദ്ധരുടെ വ്യക്തിത്വം നിങ്ങളെ ആകർഷിക്കുകയും അത് യേശുവിലേയ്ക്ക് വളരാൻ പ്രചോദനമാകണമെന്നും മാർ ചിറപ്പണത്ത് പറഞ്ഞു. നമ്മുടെ യുവ വൈദീകരുടെ തീഷ്ണതനിറഞ്ഞ പ്രവർത്തനം കുട്ടികളിൽ ദൈവവിളികൾ ഉണർത്തുവാൻ കാരണമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
അൾത്താര ശുശ്രൂഷകരെ പ്രത്യേകം സമർപ്പിച്ച് പ്രാർഥിച്ചു. കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ അവതരിക്കപ്പെട്ടു. കുട്ടികളേയും അവരെ പരിശീലിപ്പിച്ച അധ്യാപകരേയും സമ്മാനങ്ങൾ നൽകി ആദരിച്ചു.
ശ്രീലങ്കയിൽ ഭീകരാക്രമണത്തിൽ മരിച്ചവർക്കായി പ്രത്യേക പ്രാർഥനയും അനുസ്മരണവും നടന്നു. ഉച്ചഭക്ഷണത്തോടെ സാവിയോ ഫെസ്റ്റ് സമാപിച്ചു.
ചാപ്ലിന്മാരായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടകാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഡബ്ലിൻ സോണൽ കമ്മറ്റിയും ബ്ലാഞ്ചർഡ്സ്ടൗൺ കമ്മറ്റിയും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.