ആഫ്രിക്കയില്‍ നിന്നൊരു സഹനഗാഥ

ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടിയുള്ള മുറവിളി ഉയരുമ്പോഴും അങ്ങകലെ വിമതര്‍ കൊടികുത്തിവാഴുന്ന നൈജീരിയന്‍ കാടുകളില്‍ ജീവിതം ഹോമിച്ചുകൊണ്ട് വിശ്വാസം കാത്തുസൂക്ഷിക്കുന്ന അനേകരുണ്ട്. ഇവരുടെ പ്രതിനിധിയാണ് റെബേക്ക ബിട്ട്രസ്. പേപ്പല്‍ ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന ”എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്” എന്ന സംഘടനയുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. രണ്ടുവര്‍ഷക്കാലം ബോക്കോ ഹാരമില്‍ ഭീകരരുടെ പീഢനങ്ങള്‍ക്കിരയായ ഒരു സ്ത്രീ, കണ്‍മുന്നിലൂടെ നദിയിലേക്കെറിയപ്പെട്ട മൂന്നുവയസ്സുകാരന്റെ രോദനം ഹൃദയത്തിലടക്കിയ നിസ്സഹായയായ ഒരമ്മ, നിരന്തരമായി തന്നെ ലൈംഗീകചൂഷണത്തിന് വിധേയനാക്കിയവന്റെ കുഞ്ഞിനെ ദൈവസ്‌നേഹത്തെപ്രതി സ്വീകരിച്ചവള്‍. ഇത്രയും വിശേഷണങ്ങള്‍ മതിയാകും റെബേക്ക ബിട്ട്രസ് എന്ന ക്രൈസ്തവവിശ്വാസിയെ മനസ്സിലാക്കാന്‍.

2014 ആഗസ്തിലെ ഒരു സായാഹ്നം. ഭര്‍ത്താവിനോടും, മൂന്നും, അഞ്ചും പ്രായമുള്ള രണ്ടാണ്‍മക്കളോടുമൊപ്പം മൂന്നാമത്തെ കണ്‍മണിയുടെ വരവും കാത്തിരിക്കുകയായിരുന്നു ഗാഡാ നദിക്കരെയുള്ള മയിദുഗരിയിലെ ഭവനത്തില്‍ റെബേക്ക ബിട്ട്രസ്. പ്രശാന്തമായ കടല്‍തീരത്ത് കലിപൂണ്ട് തിരമാലകള്‍ ആര്‍ത്തലയ്ക്കുന്ന പോലെ അവരുടെ ഭവനം ആക്രമിക്കപ്പെട്ടു. പശ്ചിമ ആഫ്രിക്കയിലെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിശേഷിപ്പിക്കുന്ന ബോക്കോ ഹാരമിലെ വിമതര്‍ റബേക്കയേയും, കുഞ്ഞുങ്ങളെയും കാടിനുള്ളിലെ അവരുടെ ക്യാമ്പിലേക്ക് തട്ടിക്കൊണ്ടുപോയി. 2015ലെ ഗ്‌ളോബല്‍ ടെററിസം ഇന്‍ഡെക്‌സ് പ്രകാരം ലോകത്തിലെ അതിക്രൂര ഭീകരവാദി സംഘടനയാണ് ബോക്കോ ഹാരം. പതിനായിരകണക്കിനു ജനങ്ങളെ കൊന്നൊടുക്കുകയും, 2.3 ദശലക്ഷം ജനങ്ങളെ സ്ഥാനഭ്രഷ്ടരാക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ നൈജീരിയയെ സംഘടനയുടെ ആസ്ഥാനമാക്കി ചാഡ്, നൈഗര്‍, വടക്കന്‍ കാമറൂണ്‍ പ്രവിശ്യകളിലും അവര്‍ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു. 2002ല്‍ രൂപിതമായ ഈ തീവ്രവാദി സംഘടന 2015ല്‍ (ഐ എസ്)ഇസ്ലാമിക്ക് സ്റ്റേറ്റിനോടുള്ള കൂറ് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് കൊടുംക്രൂരതയുടെ പര്യായമായി മാറി.

കാടിനുള്ളിലെ ലേബര്‍ ക്യാപിലാണ് റബേക്കയും കുഞ്ഞുങ്ങളും എത്തിപ്പെട്ടത്. ലേബര്‍ ക്യാപിലെ കഠിനമായ ജോലികള്‍് മൂലം അവള്‍ക്ക് തന്റെ മൂന്നാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടു. മിറിയം എന്ന് പേര് മാറ്റി ഇസ്ലാംമതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെങ്കിലും കത്തോലിക്കാവിശ്വാസത്തില്‍ വളര്‍ന്ന റബേക്ക ഇതിനെ ശക്തിയുക്തം എതിര്‍ത്തു. തത്ഫലമായി വിമതര്‍ മൂന്നു വയസ്സുള്ള അവളുടെ കുഞ്ഞിനെ നദിയിലേക്ക് എറിഞ്ഞുകളഞ്ഞു. ശ്വാസത്തിനുവേണ്ടിയുള്ള അവന്റെ പിടച്ചില്‍ നോക്കി നിസ്സഹായയായി നില്‍ക്കാനെ റബേക്കയ്ക്ക് കഴിഞ്ഞുള്ളു. അവശേഷിച്ച ഒരേയൊരു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഇസ്ലാമതവിശ്വാസിയായെന്ന് വിമതരെ അവള്‍ തെറ്റിദ്ധരിപ്പിച്ചു. ഇസ്ലാംമതപ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ നിര്‍ബന്ധിതയാകുമ്പോള്‍ ജപമാല ചൊല്ലിക്കൊണ്ട് ശത്രുക്കളുടെ കൈയ്യില്‍ നി്ന്നും രക്ഷപ്പെടുത്തണെ എന്ന് അവള്‍ പ്രാര്‍ത്ഥിച്ചു.

സ്ത്രീകളായ മറ്റു സഹതടവുകാരെ പോലെ റബേക്കയും നിരന്തരമായ ലൈംഗീകപീഢനങ്ങള്‍ക്ക് വിധേയമായി. ഒരു വിമതന്റെ ഭാര്യ ആകേണ്ടിവന്നു. തുടര്‍ന്ന് ഗര്‍ഭിണിയായ അവള്‍ ക്രിസ്മസ് ദിനത്തില്‍ ഒരു കുഞ്ഞിനു ജന്മം നല്‍കി. ക്രിസ്തുവിനോടുള്ള സ്‌നേഹത്തിന്റെ സൂചകമായി ക്രിസ്റ്റഫര്‍ എന്ന പേരാണ് ആ കുഞ്ഞിനു നല്‍കിയത്. രണ്ടുവര്‍ഷത്തെ തടവിനുശേഷം റബേക്കയും, മക്കളും മോചിതരായി. നൈജീരിയന്‍ പട്ടാളം ക്യാമ്പിനു തൊട്ടടുത്തെത്തിയെന്നറിഞ്ഞ വിമതര്‍ ക്യാമ്പുപേക്ഷിച്ച് ചിതറിയോടി. കാട്ടിലേക്ക് ഭയന്നോടിയ തടവുകാര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു. കൊതുകുകളുടെ ആക്രമണവും ദുസ്സഹമായിരുന്നു. ദേഹം മുഴുവന്‍ ചുവന്നുതടിച്ചു. ആ പാടുകള്‍ ഇന്നും ശരീരത്തില്‍ അവശേഷിക്കുന്നു. തദ്ദേശവാസികളുടെ സഹായത്താല്‍ നൈജീരിയന്‍ പട്ടാളത്തിനടുത്തെത്തിയെങ്കിലും റബേക്ക ഒരു ബോക്കോ ഹാരം പടയാളി ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. നന്മനിറഞ്ഞ മറിയം അടക്കമുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലിയപ്പോഴാണ് പട്ടാളക്കാര്‍ അവള്‍ ക്രിസ്ത്യാനിയാണെന്ന് വിശ്വസിച്ചത്. നന്നേ ക്ഷീണിതരായ റബേക്കയും കുഞ്ഞുങ്ങളും ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. മാസങ്ങളോളം നീണ്ട ചികിത്സയ്ക്കുശേഷം സ്വഭവനത്തിലേയ്ക്കു മടങ്ങിയ റബേക്ക ആറുമാസം പ്രായമായ തന്റെ ഇളയമകനെ ഉള്‍ക്കൊള്ളാന്‍ നന്നേ ക്ലേശിച്ചു. ക്രിസ്തുവിനോടുള്ള സ്‌നേഹം ബോക്കോ ഹാരമിന്റെ ബാക്കിപാത്രമായ ആറുമാസം പ്രായമുള്ള കുഞ്ഞിനെ സ്വീകരിക്കാന്‍ അവളെ പ്രാപ്തയാക്കി. മാനസികമായി തളര്‍ന്ന റബേക്കയ്ക്ക് കൗണ്‍സിലിങ് നല്‍കിയ ബിഷപ്പ് ഡാഷെ സോയം അവളില്‍ പ്രത്യാശയുടെ കിരണങ്ങള്‍ നിറച്ചു. ബോക്കോ ഹാരമില്‍ തന്നെ പീഢിപ്പിച്ചവരോടു ക്ഷമിക്കാന്‍ ആദ്യം അവള്‍ തയ്യാറായില്ലെങ്കിലും കാല്‍വരി കുരിശിലെ ക്രിസ്തുവിന്റെ മാതൃക അവള്‍ക്ക് പ്രചോദനമരുളി.

ഫെബ്രുവരി 24ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുമായി തന്റെ അനുഭവങ്ങള്‍ പങ്കുവച്ച റബേക്ക, പരിത്യക്തരായ ക്രൈസ്തവര്‍ക്കുവേണ്ടി നിലകൊള്ളുന്ന പാപ്പല്‍ ഫൗണ്ടേഷന്റെ യോഗത്തില്‍ പങ്കുകൊണ്ടു. പീഢിപ്പിക്കപ്പെട്ട ക്രൈസ്തവരുടേയും, ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടേയും സ്മരണാര്‍ത്ഥം റോമിലെ പുരാതന കൊളോസിയം ചുവന്ന വെളിച്ചത്താല്‍ പ്രശോഭിതമായപ്പോള്‍, കാലം തങ്ങള്‍ക്കു ചാര്‍ത്തിതന്ന ബോക്കോ ഹാരം വധുക്കളെന്ന ആലങ്കാരികതയും പേറി കൈകുഞ്ഞുങ്ങളുമായി ഒട്ടേറെ യുവതികള്‍ ഇന്നും ആ ഇരുണ്ട ഭൂഖണ്ഡത്തില്‍ ജീവിക്കുന്നു. സ്വഭവനത്തില്‍ നിന്നും, നാട്ടില്‍ നിന്നും പരിത്യക്തരായ ഈ അമ്മമാര്‍ അതിജീവനത്തിനുള്ള വഴി തേടുകയാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles