ആര്‍ക്കോ വേണ്ടി വഹിക്കുന്ന ഭാരം
പാറക്കെട്ടുകള്‍ കയറുന്നത് അമേരിക്കയിലെ ചെറുപ്പക്കാര്‍ക്കിടയിലെ ഹരമാണ്. അവരില്‍ ചിലരെങ്കിലും കീഴ്ക്കാം തൂക്കായ കരി മ്പാറക്കെട്ടുകളാണ് തങ്ങളുടെ സാഹസിക യത്‌നത്തിന് തിരഞ്ഞെടുക്കുക. ഒരിക്കല്‍ ഒരു പറ്റം യുവതീയുവാക്കള്‍ കീഴ്ക്കാംതൂക്കായ ഒരു ഉയര്‍ന്ന പാറക്കെട്ട് കയറുവാന്‍ തീരുമാനിച്ചു. അവരുടെ കൂടെ ബ്രെന്‍ഡ എന്ന ഒരു യുവതിയുമുണ്ടായിരുന്നു. ഈ സാഹസികതയില്‍ അവള്‍ക്ക് താല്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവളും പാറക്കെട്ടുകള്‍ കയറി തുടങ്ങി.
പാറക്കെട്ടുകള്‍ കൂട്ടുകാരുടെ സഹായത്തോടെ കയറുന്നതിനിടയില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന കയറില്‍ പിടിച്ചു അവള്‍ പാറക്കെട്ടിന്റെ പകുതി ഉയരത്തിലെത്തി. അവിടെ സുരക്ഷിതമായ ഒരിടത്ത് നില്‍ക്കുമ്പോള്‍ കയറിന്റെ ഒരറ്റം കണ്ണില്‍ കൊണ്ട് അവളുടെ ഒരു കോണ്‍ടാക്റ്റ് ലെന്‍സ് തെറിച്ചു പോയി. ബ്രെന്‍ഡയുടെ ഒരു കണ്ണിലെ ലെന്‍സ് നഷ്ടപ്പെട്ടത് മൂലം ഒരു കണ്ണിലെ കാഴ്ച മങ്ങി. ലെന്‍സ് കണ്ടെടുക്കാന്‍ വേണി അവള്‍ നിന്നിരുന്ന സ്ഥലമെല്ലാം അരിച്ചു പെറുക്കി നോക്കി. എന്നാല്‍ അത് കണ്ടെടുക്കാന്‍ സാധിച്ചില്ല.
ലെന്‍സ് നഷ്ടപ്പെട്ടതില്‍ ദുഖിതയായ ബ്രെന്‍ഡ അത് കണ്ടെത്തുവാന്‍ സാഹയിക്കണമെന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് പാറ കയറ്റം തുടര്‍ന്നു. അധികം താമസിയാതെ അവള്‍ പാറക്കൂട്ടത്തിന്റെ മുകളിലെത്തി. അപ്പോള്‍ അവളുടെ കൂട്ടുകാര്‍ അവളുടെ വസ്ത്രത്തിലും പാറ കയറ്റത്തിന് സഹായിക്കുന്ന ഉപകരണ ങ്ങളില്‍ എല്ലാം ലെന്‍സ് തിരഞ്ഞു. അവര്‍ക്കാ ര്‍ക്കും അത് കണ്ടെത്താനായില്ല. വിശ്രമിക്കു വാന്‍ വേണ്ടി ബ്രെന്‍ഡ പാറക്കൂട്ടത്തിന് മുകളില്‍ ഇരിക്കുമ്പോള്‍ ഇങ്ങനെ പ്രാര്‍ഥിച്ചു. ”ദൈവമേ അങ്ങ് സകലതും കാണുന്നുണ്ടല്ലോ, ഈ പാറക്കെട്ടും ഇതിലെ ഓരോ കല്ലും മണല്‍ത്തരിയും എവിടെയാണെന്ന് അങ്ങേക്ക റിയാം. അത് പോലെ എന്റെ ലെന്‍സ് എവിടെ യാണ് വീണു കിടക്കുന്നതെന്നും അങ്ങേക്കറിയാം. അങ്ങ് എന്റെ ലെന്‍സ് എനിക്ക് കാണിച്ചു തരണമേ.” കുറെ കഴിഞ്ഞപ്പോള്‍ അവരെല്ലാവരും മുകളില്‍ നിന്നും താഴെ എത്തി. അപ്പോള്‍ മറ്റൊരു കൂട്ടം ചെറുപ്പക്കാര്‍ പാറ കയറ്റത്തിന് തയ്യാറെടുക്കുകയായിരുന്നു. അവരിലൊരാള്‍ ഒരു കാഴ്ച കണ്ടു. ഒരു വലിയ എറുമ്പു ഒരു കോണ്‍ടാക്റ്റ് ലെന്‍സ് ചുമന്നു കൊണ്ട് പോകുന്ന കാഴ്ച. താന്‍ കാണുന്നത് ശരിയാണോ എന്നുറപ്പ് വരുത്താന്‍ ആ ചെറുപ്പക്കാരന്‍ ഒന്നുകൂടെ സൂക്ഷിച്ചു നോക്കി. അതെ, ആ ഉറുമ്പ് ചുമന്നു കൊണ്ട് പോകുന്നത് ലെന്‍സ് തന്നെയായിരുന്നു. അയാള്‍ ഉടനെ വിളിച്ചു ചോദിച്ചു.: ആര്‍ക്കെങ്കിലും ഒരു കോണ്‍ടാക്റ്റ് ലെന്‍സ് നഷ്ടപ്പെട്ടിട്ടുണ്ടോ? ഈ ചോദ്യം കേള്‍ക്കേണ്ട താമസം ബ്രെന്‍ഡാ ഓടിയെത്തി. ആ ഉറുമ്പില്‍ നിന്നും ലെന്‍സ് പിടിച്ചു വാങ്ങി. അപ്പോള്‍ അവളുടെ സന്തോ ഷത്തിനു അതിരില്ലായിരുന്നു. ലെന്‍സ് കിട്ടിയതില്‍ അല്ലായിരുന്നു അവളുടെ സന്തോഷം. നിസാരയായ തന്റെ പ്രാര്‍ത്ഥന ദൈവം കേട്ടതിലാണ് അവള്‍ ഏറെ സന്തോഷിച്ചത്.
ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന് നമുക്കറിയാം. പക്ഷെ നമ്മുടെ കൊച്ചു കൊച്ചു കാര്യങ്ങളില്‍ ദൈവം ശ്രദ്ധിക്കുമോ എന്ന് ചിലപ്പോഴെങ്കിലും നമുക്ക് സംശയം തോന്നാം. അത് കൊണ്ടല്ലേ, ദൈവത്തിന്റെ സഹായം നമുക്കാവശ്യമുള്ള പല അവസരങ്ങളിലും അവിടത്തെ സഹായം നാം ആവശ്യപ്പെടാത്തത്. കൊച്ചു കൊച്ചു കാര്യങ്ങളില്‍ ആയാല്‍ പോലും നമ്മുടെ കാര്യങ്ങളില്‍ ദൈവത്തെ ഉള്‍പ്പെടുത്തുക തന്നെ വേണം. ലെന്‍സ് നഷ്ടപ്പെട്ടപ്പോള്‍ അവള്‍ എന്തിനു ദൈവത്തെ ശല്യപ്പെടുത്തണമെന്ന് വിചാരിച്ചില്ല പകരം, അവ ള്‍ ദൈവത്തിന്റെ സഹായം തേടുകയും ദൈവം അവളെ സഹായിക്കുകയും ചെയ്തു.
പ്രാര്‍ഥനയുടെ ഫലപ്രാപ്തി നമ്മെ അനുസ്മരിപ്പിക്കുന്ന ഈ കഥയ്ക്ക് ഒരു അനുബന്ധം കൂടിയുണ്ട്. ബ്രെന്‍ഡായുടെ പിതാവ് ഒരു കാര്‍ട്ടൂണിസ്റ്റ് ആണ്. അവളുടെ കഥ കേട്ട അയാള്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. ഒരു എറുമ്പു ലെന്‍സ് ചുമന്നു കൊണ്ട് പോകുന്ന ചിത്രം. അതിന്റെ അടിക്കുറിപ്പ് ഇപ്രകാരമായിരുന്നു. ദൈവമേ, ഈ ലെന്‍സ് എന്തിനു ചുമക്കുന്നു എന്ന് എനിക്കറിയില്ല. ഇതെനിക്ക് തിന്നാവുന്ന സാധനവുമല്ല. ഇപ്പോള്‍, ഇത് ചുമക്കണമെന്നാണ് അങ്ങയുടെ ആഗ്രഹമെങ്കില്‍ ഞാന്‍ സന്തോഷപൂര്‍വ്വം അത് ചെയ്യാം.’
അതിനു ആവശ്യമില്ലാതിരുന്ന ഒരു സാധനം ചുമന്നത് കൊണ്ടല്ലേ ബ്രെന്‍ഡയ്ക്ക് ആ ലെന്‍സ് തിരിച്ചുകിട്ടിയത്. നമ്മുടെ ജീവിത ത്തിലും ഏതാണ്ട് ഇത്പോലെ സംഭവിക്കാറുണ്ട്.നമ്മള്‍ വഹിക്കുന്ന പല ഭാരങ്ങളും നമ്മുടെ നന്മയ്ക്ക് വേണ്ടി മാത്രമുള്ളതല്ല മറിച്ചു, മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി കൂടി ഉള്ളതാണ്. ഇക്കാര്യം ശരിക്കും മനസിലാക്കാന്‍ ശ്രമിച്ചാല്‍ നമ്മുടെ ജീവിതത്തിലെ പല ക്ലേശ ങ്ങള്‍ക്കും നമുക്ക് എളുപ്പത്തില്‍ അര്‍ഥം കാണാന്‍ സാധിക്കും. നാം ചുമക്കേണ്ട ഭാരം നമുക്ക് സന്തോഷപൂര്‍വ്വം ചുമക്കാം. അപ്പോള്‍ നമ്മുടെയും മറ്റുള്ളവരുടെയും പ്രാര്‍ത്ഥനകള്‍ എളുപ്പം സഫലമാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍