ദൈവഹിതപ്രകാരം പ്രാര്‍ത്ഥിക്കുക

പിതാവായ ദൈവത്തില്‍ നിന്നും എന്തും ചോദിച്ചു വാങ്ങാനുള്ള അവകാശം മക്കള്‍ എന്ന നിലയ്ക്ക് നമുക്കുണ്ട്. കാരണം, നമ്മള്‍ അവകാശികളാണ്. ‘മക്കള്‍ എങ്കില്‍ നമ്മള്‍ അവകാശികളുമാണ്’. എന്നാല്‍ നമുക്ക് ദോഷം വരുന്നതൊന്നും തരാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. അതു കൊണ്ട് പല പ്രാര്‍ത്ഥനകളും ദൈവം നിഷേധിക്കുന്നു. എന്താണ് നമുക്ക് വേണ്ടതെന്ന്, ഗുണകരമാകുന്നതെന്ന് നമ്മെക്കാള്‍ കൂടുതല്‍ ദൈവത്തിനറിയാം. എങ്കിലും ദുശാഠ്യക്കാരായ മനുഷ്യര്‍ നിര്‍ബന്ധിച്ചു ചോദിച്ചു കൊണ്ടിരിക്കും. അവസാനം ‘ എന്നാല്‍ അവന്‍/അവള്‍ പഠിക്കട്ടെ’ എന്നു കരുതി ചോദിച്ചത് നല്‍കാന്‍ ദൈവം നിര്‍ബന്ധിതനാകും.

അത്തരം ഒരു സംഭവമാണ് 1 സാമുവേല്‍ 8 ാം അധ്യായത്തില്‍ നമ്മള്‍ കാണുന്നത്. ദൈവത്തിന്റെ പ്രിയപ്പെട്ട ജനമാണ് ഇസ്രായേല്‍കാര്‍. ഭൂമുഖത്ത് ദൈവം ഏറ്റവും സ്‌നേഹിച്ചത് ഇസ്രായേല്‍ക്കാരെ ആയിരുന്നു. അബ്രാഹത്തിലൂടെ വാഗ്ദാനം ചെയ്യപ്പിട്ട് അനുഗ്രഹീതമായ ജനം. അതു കൊണ്ട് അവര്‍ക്ക് എപ്പോഴും നന്മ വരണം എന്ന് ദൈവം ആഗ്രഹിച്ചിരുന്നു. എന്നാല്‍ ന്യായാധിപനായ സാമൂവേല്‍ വൃദ്ധനായപ്പോള്‍ തന്റെ പിന്‍തുടര്‍ച്ചക്കാരായി മക്കളായ ജോയേലിനെയും അബിയായെയും നിയമിച്ചു. എന്നാല്‍ അവര്‍ പിതാവിനെ പോലെ നീതിമാന്മാര്‍ ആയിരുന്നില്ല. പണമായിരുന്നു അവരുടെ ലക്ഷ്യം. അതു കൊണ്ട് അവര്‍ പറഞ്ഞു: മറ്റു ജനങ്ങളെ പോലെ ഒരു രാജാവിനെ ഞങ്ങള്‍ക്ക് നിയമിച്ചു തരിക’

സാമുവേലിനും ദൈവത്തിനും അത് ഹിതകരമായിരുന്നില്ല. കാരണം, ഭരിക്കുന്ന രാജാവിന്റെ ഹിതത്തിന് നിങ്ങള്‍ വിധേയപ്പെട്ട് ദൈവത്തെ മറന്ന് അന്യദേവന്മാരെ ആരാധിക്കേണ്ടി വരും. അവന്‍ പറയുന്ന ഏത് ഹീനകൃത്യവും നിങ്ങള്‍ അനുസരിക്കേണ്ടി വരും. ‘നിങ്ങള്‍ അവന്റെ അടിമകളായിരിക്കും. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന രാജാവ് നിമിത്തം അന്നു നിങ്ങള്‍ വിലപിക്കും. അപ്പോള്‍ കര്‍ത്താവ് നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല’ (1 സാമു. 8. 17 – 18).

അങ്ങനെ ദൈവം അവര്‍ക്ക് സാവുളിനെ രാജാവായി നല്‍കി. പിന്നീട് ഇസ്രായേല്‍ക്കാര്‍ അനുഭിക്കുന്ന ദുരിതങ്ങള്‍ തുടര്‍ന്നുള്ള അധ്യായങ്ങളില്‍ വിവരിക്കുന്നുണ്ട്. രാജഭരണം നിലവില്‍ വന്ന കാലം മുതല്‍ ഇസ്രായേല്‍ ജനം മനുഷ്യനിര്‍മിതമായ അധികാരത്തിന്റെ അടിമകളായി തീര്‍ന്നു. അവര്‍ സത്യദൈവത്തെ മറന്ന് അന്യദേവന്മാരെ ആരാധിക്കാന്‍ തുടങ്ങി. പരിണിത ഫലമോ? അന്നത്തെ പ്രബലരായ വിജാതീയ രാജാക്കന്മാര്‍ക്കും അവര്‍ അടിമകളായി തീര്‍ന്നു. സിറിയ, ബാബിലോണ്‍, റോമ തുടങ്ങിയ രാജ്യങ്ങളുടെ അടിമകളായി കഴിഞ്ഞു.

ദൈവഹിതപ്രകാരം ചോദിക്കുന്നതു മാത്രമേ, അനുഗ്രഹിപ്രദമാകുകയുള്ളൂ. എന്നാല്‍ പ്രാര്‍ത്ഥിച്ചിട്ടും ലഭിക്കാതിരുന്നാല്‍ നിരാശപ്പെടരുത്. ‘ കര്‍ത്താവായ ഞാന്‍ മനസ്സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്റെ ജീവിതരീതിക്കും പ്രവര്‍ത്തിക്കും അനുസരിച്ച് ഞാന്‍ പ്രതിഫലം നല്‍കും. (ജെറ. 17. 10). ദൈവത്തോട് ആലോചന ചോദിക്കാതെ, ദൈവഹിതം ആരായാതെ എടുക്കുന്ന തീരുമാനങ്ങള്‍ അബദ്ധത്തില്‍ ചെന്നു വീഴും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ‘എന്റേതല്ലാത്ത പദ്ധതികള്‍ നടപ്പിലാക്കുകയും എനിക്ക് അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്ത് പാപം കുന്നു കൂട്ടിയ സന്തതികള്‍ക്ക് ദുരിതം! അവര്‍ എന്റെ ആലോചന ആരായാതെ ഈജിപ്തിലേക്ക് പോയി ഫറവോയെ അഭയം പ്രാപിക്കുകയും ഈജിപ്തിന്റെ തണലില്‍ സങ്കേതം തേടുകയും ചെയ്തു. അതിനാല്‍ ഫറവോയുടെ സംരക്ഷണം നിങ്ങള്‍ക്ക് ലജ്ജയും ഈജിപ്തിന്റെ തണലിലെ സങ്കേതം നിങ്ങള്‍ക്ക് അപമാനവും ആകും’ (ഏശയ്യ 30. 1-3).

നമ്മള്‍ ദൈവഹിതത്തിന് കീഴ് വഴങ്ങി, ദുരാശകളെ കീഴ്‌പ്പെടുത്തി ഭൗതിക നേട്ടങ്ങള്‍ പലതും നഷ്ടപ്പെടുത്തി ജീവിക്കുമ്പോഴാണ് ദൈവകൃപ നമ്മിലേക്ക് ഒഴുകി വരുന്നത്. അപ്പോള്‍ ദൈവത്തെ ശ്രവിക്കാന്‍ നമുക്ക് കഴിയും. ‘കര്‍ത്താവ് നിനക്ക് കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നില്‍ നിന്ന്് മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങള്‍ നിന്റെ ഗുരുവിനെ ദര്‍ശിക്കും. നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്റെ കാതുകള്‍ക്ക് പിന്നില്‍ നിന്ന് ഒരു സ്വരം ശ്രവിക്കും. ഇതാണ് വഴി, ഇതിലേ പോകുക. (ഏശയ്യ 30. 20-21).

ഫലപ്രദമായ പ്രാര്‍ത്ഥന എങ്ങനെയായിരിക്കണം എന്ന് കര്‍ത്താവ് നമ്മെ പഠിപ്പിക്കുന്നു. പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിന്‍. നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും വിരോധമുണ്ടെങ്കില്‍ ്അത് ക്ഷമിക്കുവിന്‍ (മര്‍ക്കോ 11. 24-25). ‘സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകി മറിയുന്ന കടല്‍ത്തിരയ്ക്ക് തുല്യമാണ്. സംശയ മനസ്‌കനും എല്ലാ കാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന് എന്തെങ്കിലും കര്‍ത്താവില്‍ നിന്ന് ലഭിക്കുമെന്ന് കരുതരുത്. (യാക്കോ 1. 6-8).

നമുക്ക് നന്മയായിട്ടുള്ളതേ ദൈവം തരാന്‍ ആഗ്രഹിക്കുന്നുള്ളൂ. അതു കൊണ്ട് പ്രാര്‍ത്ഥിച്ചിട്ട് ഉത്തരം കിട്ടുന്നില്ല എന്ന് കരുതി നിരാശപ്പെടരുത്. ‘കാരണം ചോദിച്ചിട്ടും നിങ്ങള്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ തിന്മായിട്ടുള്ളത് ചോദിക്കുന്നതു കൊണ്ടാണ്’ (യാക്കോ 4. 3).

~ കെ ടി പൈലി ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles