ശാസ്ത്രം മനുഷ്യസമൂഹത്തെ സേവിക്കണം: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍: ശാസ്ത്രജ്ഞര്‍ തങ്ങളുടെ വിജ്ഞാനം മനുഷ്യസമൂഹത്തിന്റെ നന്മയ്ക്കായി, പ്രത്യേകിച്ച് സമൂഹം അവഗണിക്കുന്നവര്‍ക്കായി വിനയോഗിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനില്‍ നടക്കുന്ന പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ പ്ലീനറി മീറ്റിംഗില്‍ ഒരു സംഘം ശാസ്ത്രജ്്ഞന്മാരോട് സംസാരിക്കുകയായിരുന്നു, അദ്ദേഹം.
ധാര്‍മികമൂല്യങ്ങള്‍ പാലിച്ചതു കൊണ്ടുമാത്രമായില്ല. വി. പോള്‍ ആറാമന്‍ പാപ്പാ വിശേഷിപ്പിച്ചതു പോലെ അറിവിലൂടെ പരസ്‌നേഹപ്രവര്‍ത്തികള്‍ ചെയ്യണം എന്നും സര്‍ഗാത്മകമായി ലോകത്തിന് സേവനം ചെയ്യണം എന്നും ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെട്ടു.
‘ലോകത്തിലുണ്ടായിരിക്കുന്ന വലിയ വിജ്ഞാന മുന്നേറ്റത്തിന്റെയും നേട്ടങ്ങളുടെയും ഗുണം വളരെ വിരളമായി മാത്രം ലഭിക്കുന്ന ഒരു വലിയ വിഭാഗം പരിത്യക്ത സമൂഹത്തിന്റെ അഭിഭാഷകനായി നിങ്ങളുടെ മുന്നില്‍ നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് പോഷകാഹാരം, ആരോഗ്യം, വിദ്യാഭ്യാസം, കണക്ടിവിറ്റി, സുസ്ഥിതി, സമാധാനം എന്നിവ ജനങ്ങള്‍ക്ക് ലഭിക്കുവാന്‍ വേണ്ടി’ പാപ്പാ പറഞ്ഞു.
ശാസ്ത്രത്തിന് സാര്‍വത്രിക അവകാശങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ തടസമായി നില്‍ക്കുന്നവയെയും വിഭാഗീതയെയും ഇല്ലാതാക്കാന്‍ കഴിയുമെന്ന് പാപ്പാ പറഞ്ഞു. എല്ലാ ജനങ്ങളുടെയും നന്മയ്ക്കായി കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ അദ്ദേഹം ശാസ്ത്രജ്ഞരെ ആഹ്വാനം ചെയ്തു.
അഭിലാഷ് ഫ്രേസര്‍