പാപത്തിന്റെ മുറിവുണക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍: ജീവിതത്തില്‍ ആഴമായി വേരുറപ്പിച്ചിരിക്കുന്ന പാപത്തെ നീക്കം ചെയ്യാന്‍ ദൈവത്തിന്റെ കരുണയും പരിശുദ്ധാത്മാവിന്റെ സൗഖ്യവും അത്യന്താപേക്ഷിതമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. സ്വന്തം ശക്തി കൊണ്ട് പരിശ്രമിച്ചാല്‍ അത് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘പരിശുദ്ധാത്മാവിന്റെ വരം കൂടാതെ സ്വയം തിരുത്താന്‍ കഴിയുമെന്ന് കരുതുന്നത് അബദ്ധമാണ്. സ്വപ്രയത്‌നം കൊണ്ട് ഹൃദയത്തെ ശുദ്ധീകരിക്കാം എന്ന് കരുതുന്നത് മൗഢ്യമാണ്’ പാപ്പാ പറഞ്ഞു.
‘സത്യത്തിലും സ്വാതന്ത്ര്യത്തിലും നാം ദൈവവുമായുള്ള നല്ല ബന്ധത്തിലേക്ക് സ്വയം തുറക്കണം. അതു വഴി മാത്രമേ നമുക്ക് നല്ല ഫലം പുറപ്പെടുവിക്കാന്‍ സാധിക്കുകയുള്ളൂ. എന്തെന്നാല്‍ പരിശുദ്ധാത്മാവാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്’ പാപ്പാ വ്യക്തമാക്കി.
‘ഒരു കാര്യം ഓര്‍ക്കുക, എല്ലാ ദൈവകല്‍പനകളും നമ്മുടെ ജീവിതത്തിന്റെ അതിര്‍ത്തിയെ സൂചിപ്പിക്കുന്നു. ആ അതിരിനപ്പുറം പോയാല്‍ മനുഷ്യന്‍ അവനവനെ തന്നെയും അയല്‍ക്കാരനെയും നശിപ്പിക്കുകയും ദൈവവുമായുള്ള ബന്ധത്തിന് ദോഷം ചെയ്യുകയും ചെയ്യും.’ പാപ്പാ മുന്നറിയിപ്പു നല്‍കി.